ബ്രാൻഡ് അംബാസഡറാകുമ്പോൾ രണ്ട് വർഷത്തെ കരാറിൽ തമന്നയ്ക്ക് ലഭിക്കുക 6.20 കോടി രൂപയാണ്
മൈസൂർ സാൻഡൽ സോപ്പിൻ്റെ ബ്രാൻഡ് അംബാസഡറായി നടി തമന്ന ഭാട്ടിയയെ നിയമിച്ചതിൽ കർണാടകയിൽ വൻ പ്രതിഷേധം. കന്നഡ നടിമാരുള്ളപ്പോൾ കർണാടകക്കാരിയല്ലാത്ത ഒരാളെ ബ്രാൻഡ് അംബാസഡറായി നിയമിച്ചതിലാണ് പ്രതിഷേധം ഉയരുന്നത്. ബ്രാൻഡ് അംബാസഡറാകുമ്പോൾ രണ്ട് വർഷത്തെ കരാറിൽ തമന്നയ്ക്ക് ലഭിക്കുക 6.20 കോടി രൂപയാണ്. പ്രതിഷേധത്തിനിടയിലും തമന്നയെ നിയമിച്ചത് ന്യായീകരിച്ച് കർണാടക സർക്കാർ രംഗത്തെത്തി.
കഴിഞ്ഞ ദിവസമാണ് മൈസൂർ സാൻഡൽ സോപ്പ് നിർമാതാക്കളായ സർക്കാർ ഉടമസ്ഥതയിലുള്ള കർണാടക സോപ്സ് ആൻഡ് ഡീറ്റർജൻ്റ്സ് ലിമിറ്റഡ് ബ്രാൻഡ് അംബാസഡറായി തമന്ന ഭാട്ടിയയെ നിയമിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള പ്രശസ്‌തമായ സംരംഭത്തിൻ്റെ ആഗോള വ്യാപനം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നാണ് കർണാടക മന്ത്രി എം.ബി. പാട്ടീൽ പ്രഖ്യാപനം നടത്തിക്കൊണ്ട് പറഞ്ഞത്. നടിയുടെ ജനശ്രദ്ധയും, സമൂഹമാധ്യമങ്ങളിലെ സ്വാധീനവും, യുവതലമുറയിലുള്ള സ്വാധീനവുമെല്ലാം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി ഇതേക്കുറിച്ച് പറഞ്ഞു.
നേരത്തെ ബ്രാൻഡ് അംബാസഡർ സ്ഥാനത്തേക്ക് നടിമാരായ ദീപിക പദുകോൺ, രശ്മിക മന്ദാന, പൂജ ഹെഗ്ഡെ, കിയാര അദ്വാനി തുടങ്ങിയവരെയും പരിഗണിച്ചിരുന്നുവെന്നും വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് തമന്നയെ തെരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു. എന്നാൽ തമന്ന ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.
ALSO READ: നടി കിയാര അദ്വാനിയെ അപമാനിച്ചു; രാം ഗോപാല്‍ വര്‍മയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം
2024–25 സാമ്പത്തിക വർഷത്തിൽ, കെഎസ്ഡിഎൽ 1,785.99 കോടി രൂപയുടെ മികച്ച വിറ്റുവരവാണ് രേഖപ്പെടുത്തിയത്. അതിൽ തന്നെ 1430 കോടിയുടെ വിറ്റുവരവുണ്ടായത് കർണാടക, ആന്ധ്രാ പ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം, മഹാരാഷ്ട്ര എന്നീ ആറ് സംസ്ഥാനങ്ങളിൽ നിന്നാണ്.