
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തെ തുടർന്നുള്ള ഹർജിയിൽ ഹൈക്കോടതി വിധി പറയൽ മാറ്റിവെച്ചു. ഹൈക്കോടതിയിൽ കുടുംബം സംശയം ഉന്നയിച്ച് വാദമുഖങ്ങൾ ഉയർത്തി. അടിവസ്ത്രത്തിൽ രക്തക്കറ കണ്ടതടക്കം സുപ്രധാന കാര്യങ്ങൾ അന്വേഷിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. എന്നാൽ മൂത്രത്തിൽ കല്ല് പോലുള്ള അസുഖങ്ങൾ കൊണ്ടാവാം രക്തക്കറ കണ്ടതെന്ന് സർക്കാർ അറിയിച്ചു. നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ കണ്ട രക്തക്കറയെപ്പറ്റി കാര്യമായി അന്വേഷണം ഉണ്ടായില്ലെന്ന ഹർജിക്കാരിയുടെ വാദത്തിൽ, അടിവസ്ത്രം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടല്ലോ എന്ന് കോടതി പറഞ്ഞു.
നാട്ടിലേക്ക് എത്തുമെന്ന് അറിയിച്ച ശേഷം നവീൻ ബാബു ക്വാർട്ടേഴ്സിലേക്ക് മടങ്ങി പോയതല്ലേ, കൊലപാതകം എന്ന സാധ്യത എങ്ങനെ നിലനിൽക്കുമെന്ന് കോടതി ചോദിച്ചു. ക്വാർട്ടേഴ്സിലേക്ക് മടങ്ങിയശേഷം അസ്വാഭാവികമായി ആരെങ്കിലും അവിടെയെത്തിയോ എന്ന് പരിശോധന വേണ്ടേ എന്ന് ഹർജിക്കാരി ചോദിച്ചു.
നവീൻ ബാബുവിന്റെ മരണത്തിൽ പ്രതികൾക്ക് പല പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടാകുമെന്നും ഹൈക്കോടതി പറഞ്ഞു. അതിലെന്താണ് കുഴപ്പം, പൊലീസ് അന്വേഷിക്കുന്നുണ്ടോ എന്നതാണ് പ്രധാനമെന്നും ഹൈക്കോടതി പറഞ്ഞു. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
എഡിഎം നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നതായി കഴിഞ്ഞ ദിവസം ഇൻക്വസ്റ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ ഒക്ടോബർ 15ന് കണ്ണൂർ ടൗൺ പൊലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് രക്തക്കറ ഉണ്ടായിരുന്നതായി പരാമർശമുള്ളത്. അതേസമയം, പോസ്റ്റുമോർട്ടം റിപ്പോർട്ടിലോ എഫ്ഐആറിലോ രക്തക്കറയെ പറ്റി പരാമർശമില്ല.
നവീൻ ബാബുവിൻ്റെ മരണം കൊലപാതകമല്ല, ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. നവീൻ ബാബുവിൻ്റെ കണ്ണുകൾ അടഞ്ഞ് കിടക്കുകയായിരുന്നു. മൂക്ക്, വായ, ചെവി, എന്നിവയ്ക്ക് പരുക്കില്ല. ചുണ്ടിന് നീല നിറമായിരുന്നു. പല്ലുകൾക്കോ മോണകൾക്കോ കേടില്ല, നാവ് കടിച്ചിരുന്നു എന്നിവയാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയിലേക്ക് വിരൽചൂണ്ടുന്ന തെളിവുകൾ.
കൂടാതെ വിരലിലെ നഖങ്ങൾക്ക് നീല നിറമായിരുന്നു. ശരീരം അഴുകിയതിൻ്റെ ലക്ഷണങ്ങളൊന്നും തന്നെ ഇല്ല. വയറും മൂത്രാശയവും ശൂന്യമായിരുന്നു. സുഷുമ്നാ നാഡിക്കും പരുക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 0.5 സെ.മീ വ്യാസമുള്ള മഞ്ഞ കലർന്ന പ്ലാസ്റ്റിക് കയർ കഴുത്തിൽ കെട്ടിയ നിലയിലായിരുന്നു. കയറിൻ്റെ നീണ്ട ഭാഗത്തിന് 103 സെ.മീ നീളമുണ്ടായിരുന്നു. 30 സെ.മീ നീളമുള്ള സ്വതന്ത്ര ഭാഗം ഉണ്ടായിരുന്നു. കഴുത്തിന് ചുറ്റുമുള്ള കയറിൻ്റെ ഭാഗത്തിന് 22 സെ.മീ നീളമാണ് ഉണ്ടായിരുന്നത്. പേശികൾക്കോ, പ്രധാന രക്തക്കുഴലുകൾക്കോ, പരുക്കില്ല.
തരുണാസ്ഥിക്കോ, കശേരുക്കൾക്കോ,പരുക്കില്ല, ശരീരത്തിൽ മറ്റ് മുറിവുകൾ ഇല്ല. തലയോട്ടിക്കും, വാരിയെല്ലുകൾക്കും ക്ഷതമില്ല. ഇടത് ശ്വാസകോശത്തിൻ്റെ മുകൾഭാഗം നെഞ്ചിൻ്റെ ഭിത്തിയോട് ചേർന്ന നിലയിലായിരുന്നു. അന്നനാളം സാധാരണ നിലയിൽ ഒക്ടോബർ 15 ഉച്ചയ്ക്ക് 12.40 നും 1.50 നും ഇടയിലാണ് പോസ്റ്റ്‌മോർട്ടം നടന്നത്. ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൂചനയില്ല.