സംഭലിലെ മസ്ജിദ് തർക്കത്തിൽ സംഘർഷം തുടരുന്നതിനിടെ രാജസ്ഥാനിലും സമാന വാദങ്ങൾ ഉയരുകയാണ്. അജ്മീറിലെ മൊയ്‌നുദ്ദീൻ ചിശ്‌തിയുടെ ദർഗയിൽ ശിവക്ഷേത്രമുണ്ടെന്നാണ് ഹിന്ദു സേന നേതാവ് അജ്മീർ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. ഹർജിക്ക് പിന്നാലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കും കേന്ദ്രത്തിനും നോട്ടീസയച്ചിരിക്കുകയാണ് അജ്മീര്‍ കോടതി. ഹർജിയിൽ ഡിസംബർ 20ന് അടുത്ത വാദം കേൾക്കും.
വലതുപക്ഷ സംഘടനയായ ഹിന്ദു സേനയുടെ നേതാവ് വിഷ്ണു ഗുപ്തയാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. അജ്മീർ ദർഗയെ സങ്കട് മോചന മഹാദേവ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. സെപ്റ്റംബറിലാണ് ദർഗയിൽ ശിവക്ഷേത്രമുണ്ടെന്നും ഹിന്ദുക്കൾക്ക് അവിടെ ആരാധന നടത്താനുള്ള അനുവാദം നൽകണമെന്നുമാവശ്യപ്പെട്ട് വിഷ്ണു ഗുപ്ത കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജി പരിഗണിച്ച സിവിൽ ജഡ്ജി മൻമോഹൻ ചന്ദേലാൽ, വിഷയത്തിൽ മറുപടി ആവശ്യപ്പെട്ട് അജ്മീർ ദർഗ കമ്മിറ്റിക്കും ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും നോട്ടീസ് അയക്കുകയും ചെയ്തു.
പഴയ ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമിച്ചതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ദർഗയ്ക്ക് ഏതെങ്കിലും തരത്തിലുള്ള രജിസ്ട്രേഷൻ ഉണ്ടെങ്കിൽ, അത് റദ്ദാക്കണമെന്നും വിഷ്ണു ഗുപ്ത ഹർജിയിൽ ആവശ്യപ്പെടുന്നു. ദർഗയ്ക്ക് ചുറ്റും ഹിന്ദു കൊത്തുപണികളും പ്രതിമകളും ശിവക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങളുമുണ്ടെന്നും, അവിടെ ജൈനക്ഷേത്രം നിലനിൽക്കുന്നുണ്ടെന്നും ഹർജയിൽ ആരോപിക്കുന്നു. എന്നാൽ ഹർജിക്കാരുടെ അവകാശവാദം ദർഗ കമ്മിറ്റി നിഷേധിച്ചു.
ഉത്തർപ്രദേശ് സംഭലിലെ ഷാഹി ജുമാ മസ്ജിദ്, ഹിന്ദു ക്ഷേത്രമായിരുന്നെന്ന ഹർജിയിലെ കോടതി വിധി വലിയ സംഘർഷത്തിലാണ് കലാശിച്ചത്. ഇത് സാധൂകരിക്കാൻ സർവേ നടത്താൻ പ്രാദേശിക കോടതി ഉത്തരവിട്ടു. തുടർന്നാണ് പ്രദേശത്ത് വലിയ സംഘർഷങ്ങളുണ്ടായത്. സംഘർഷത്തിൽ നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അജ്മീർ ദർഗയിൽ സർവേ നടത്താനുള്ള കോടതി ഉത്തരവ് പുറത്തുവരുന്നത്. ഗ്യാൻവാപി, വാരാണസി, മഥുര, ഭോജ്‌ശാല എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള പല പ്രധാന മുസ്ലിം ആരാധനലായങ്ങൾക്കുമേലും സമാനമായ അവകാശവാദങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു.