പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; പിന്തുണ പി.സരിന്: എ.കെ. ഷാനിബ്

പാർട്ടി വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന വാർത്ത പുറത്തു വന്നിരുന്നു
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; പിന്തുണ പി.സരിന്:  എ.കെ. ഷാനിബ്
Published on

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുൻ യൂത്ത് കോൺഗ്രസ് നേതാവ് എ.കെ. ഷാനിബ്. എൽഡിഎഫ് സ്ഥാനാർഥി പി. സരിന് നിരുപാധിക പിന്തുണ നൽകുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സരിന് വേണ്ടി ഇറങ്ങുമെന്നും എ. കെ. ഷാനിബ് പറഞ്ഞു. പാർട്ടി വിട്ടെങ്കിലും സിപിഎമ്മിലേക്കില്ലെന്ന് എ.കെ. ഷാനിബ് വ്യക്തമാക്കിയിരുന്നു. 

പാർട്ടി വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന വാർത്ത പുറത്തു വന്നിരുന്നു. സ്ഥാനാർഥിത്വം ആരെ ബാധിക്കും എന്ന് ആലോചിച്ചാവും അന്തിമ തീരുമാനമെന്നും ഷാനിബ് വ്യക്തമാക്കിയിരുന്നു. കോൺഗ്രസിലുള്ളവർ സ്ഥാനാർഥിയാവാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും കോൺഗ്രസ് നേതൃത്വവുമായി ഇനി ഒരു തരത്തിലുള്ള ചർച്ചയ്ക്കും തയ്യാറല്ലെന്നും ഷാനിബ് പറഞ്ഞു.

കോൺഗ്രസിനെതിരെ ആഞ്ഞടിച്ചാണ് എ.കെ ഷാനിബ് പാർട്ടി വിടുന്നതായി അറിയിച്ചത്. ഷാഫിക്ക് വേണ്ടി പാർട്ടി തെരഞ്ഞെടുപ്പ് രീതിയും ഭരണഘടനയും വരെ മാറ്റിയെന്നും ബിജെപി രണ്ടാം സ്ഥാനത്തുള്ള പാലക്കാട് നിന്നും ഷാഫി വടകരക്ക് പോയത് കരാറിൻ്റെ ഭാഗമായാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മുസ്ലീം സ്ഥാനാർഥി വടകരയിൽ വേണമെന്നത് ആരുടെ തീരുമാനമാണെന്നും മുല്ലപ്പള്ളിയും കെ. മുരളീധരനും മുസ്ലീം ആയിട്ടാണോ വിജയിച്ചതെന്നും ഷാനിബ് ചോദിച്ചു. പാലക്കാട് -വടകര - ആറന്മുള കരാറാണ് ഇപ്പോൾ നടന്നതെന്നും ഈ കരാറിൻ്റെ രക്തസാക്ഷിയാണ് കെ.മുരളീധരനെന്നുമായിരുന്നു മറ്റൊരു ആരോപണം.


പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചതു മുതൽ പാർട്ടിക്കുള്ളിലെ ചില അസ്വാരസ്യങ്ങൾ പുറത്തുവന്നിരുന്നു. പാർട്ടി തീരുമാനത്തിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ച് പി. സരിൻ പുറത്തുപോയതിനു പിന്നാലെയാണ് ഷാനിബും കോൺഗ്രസിനെതിരെ രംഗത്തെത്തിയത്. പാർട്ടിക്കുള്ളിലെ ചെറു പ്രാണികൾ പുറത്തുപോയാൽ വോട്ട് വിഹിതത്തെ ബാധിക്കില്ലെന്നായിരുന്നു സുധാകരൻ്റെ പ്രതികരണം. അമർഷം കടിച്ചമർത്തി നിരവധിപേരാണ് കോൺഗ്രിസിനുള്ളിലുള്ളതെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ രംഗത്തെത്തിയേക്കുമെന്നും സരിൻ പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com