ഫ്‌ളോറിഡ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്‍ര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ്ബിൽ വെടിവെപ്പുണ്ടായെന്ന് ട്രംപിന്‍റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറാണ് എക്‌സില്‍ സ്ഥിരീകരിച്ചത്
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിൻ്റെ ഗോൾഫ് ക്ലബിൽ വെടിവെപ്പ്. ആക്രമണത്തില്‍ ട്രംപ് സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു. അക്രമി ആയുധങ്ങളുമായി പൊലീസിന്‍റെ പിടിയിലായി. നടന്നത് വധശ്രമമാണെന്നാണ് എഫ്ബിഐയുടെ വിലയിരുത്തല്‍. രണ്ടുമാസം മുൻപ് പെന്‍സില്‍വാനിയയിലെ പ്രചരണറാലിയില്‍ ട്രംപിന് നേരെ വധശ്രമമുണ്ടായിരുന്നു.
ഫ്‌ളോറിഡ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്‍ര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ്ബിൽ വെടിവെപ്പുണ്ടായെന്ന് ട്രംപിന്‍റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറാണ് എക്‌സിലൂടെ ആദ്യം സ്ഥിരീകരിച്ചത്. ട്രംപിന് സമീപമുണ്ടായ വെടിവെപ്പില്‍ അദ്ദേഹം സുരക്ഷിതനാണെന്ന് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ വിഭാഗം കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ചങും അറിയിച്ചു.
ഗോള്‍ഫ് ക്ലബില്‍ വെടിവെപ്പ് ഉണ്ടായ ഉടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമിക്ക് നേരെ വെടിയുതിർത്തു. രണ്ട് ബാഗുകള്‍ ഉപേക്ഷിച്ച് അക്രമി സ്ഥലംവിട്ടെങ്കിലും സമീപ പ്രദേശത്തു നിന്നും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും ആക്രമണത്തിന് ഉപയോഗിച്ച എകെ-47 തോക്ക് കണ്ടെത്തി. പ്രതിയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ യുഎസ് പുറത്തുവിട്ടിട്ടില്ല.
ALSO READ: ഇരുപതുകാരന്‍, അക്രമി; ആരാണ് ഡൊണാള്‍ഡ് ട്രംപിനെ വെടിവെച്ച തോമസ് മാത്യൂ ക്രൂക്‌സ്?
യുഎസ് സമയം ഉച്ചയ്ക്ക് രണ്ടുമണിയോടെ നടന്ന സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് സീക്രട്ട് സര്‍വീസ് അറിയിച്ചു. ഒന്നിലേറെ തവണ വെടിവെപ്പുണ്ടായെന്നാണ് റിപ്പോർട്ടുകൾ. പ്രതിയെന്നു കരുതുന്ന ആൾക്കുനേരെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തതായി വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തു. വെടിവെപ്പ് ഡൊണാൾഡ് ട്രംപിനെ ലക്ഷ്യമിട്ടായിരുന്നോ എന്ന് വ്യക്തമല്ല.
നേരത്തെ പെന്‍സില്‍വാനിയയിലെ ബട്‌ലറില്‍ പ്രചാരണറാലിയില്‍ ട്രംപിന് നേരെ വധശ്രമമുണ്ടായിരുന്നു. പ്രചാരണത്തില്‍ പ്രസംഗിക്കുമ്പോള്‍ ട്രംപിന്‍റെ വലതു ചെവിക്ക് വെടിയേല്‍ക്കുകയായിരുന്നു. ആക്രമണം നടത്തിയ തോമസ് മാത്യൂ ക്രൂക്സിനെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ സംഭവം നടന്ന് രണ്ടുമാസം തികയുമ്പോഴാണ് വീണ്ടും വെടിവെപ്പ് ഉണ്ടാവുന്നത്.
ALSO READ: കമലയ്ക്ക് വോട്ട് ഉറപ്പാക്കുമോ ടെയ്‌ലർ സ്വിഫ്റ്റ്; പ്രചരണം കൊഴുപ്പിച്ച് അമേരിക്കൻ തെരഞ്ഞെടുപ്പ്
നിലവില്‍, അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്‍റെ പ്രചരണം പിന്നാക്കം പോയ കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിന് മുന്‍തൂക്കമുണ്ടെന്നാണ് സർവേ ഫലങ്ങള്‍ പറയുന്നത്. ഇരുവരും തമ്മില്‍ ആദ്യം നടന്ന സംവാദത്തിലും കമലയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. സംവാദത്തില്‍ ട്രംപിനെ വ്യക്തിപരമായും രാഷ്ട്രീയപരമായും കമല കടന്നാക്രമിച്ചു. ഇനിയൊരു സംവാദത്തിനില്ല എന്ന സൂചനകള്‍ തരുന്ന പ്രതികരണങ്ങളാണ് ട്രംപിന്‍റെ ഭാഗത്തുനിന്നും തുടർന്ന് ഉണ്ടായത്. നവംബർ അഞ്ചിനാണ് യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്.