യൂത്ത് കോൺഗ്രസ് കപ്പുർ മുൻ മണ്ഡലം പ്രസിഡണ്ട് വിമൽ പി.ജിയാണ് ഇപ്പോൾ പാർട്ടി വിടുന്നുവെന്ന വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർഥിത്വത്തെ ചൊല്ലി അതൃപ്തിയറിയിച്ച് പാർട്ടിക്ക് പുറത്തുപോയ, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബിന് പിന്നാലെ കൂടുതൽ പേർ കോൺഗ്രസിൽ നിന്ന് പുറത്തേക്ക്. യൂത്ത് കോൺഗ്രസ് കപ്പുർ മുൻ മണ്ഡലം പ്രസിഡണ്ട് വിമൽ പി.ജിയാണ് ഇപ്പോൾ പാർട്ടി വിടുന്നുവെന്ന വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ഫേസ്ബുക്കിൽ കോൺഗ്രസ് പതാകയ്ക്ക് മുന്നിൽ നിൽക്കുന്ന ചിത്രത്തിന് താഴെ, "എകെ ഷാനിബിനൊപ്പം പാർട്ടി വിടുന്നു, സംഘടന പ്രവർത്തനം അവസാനിപ്പിക്കുന്നു. നന്ദി, ഒരു പാർട്ടിയിലേക്കും ഇല്ല," എന്ന് കുറിച്ചുകൊണ്ടാണ് വിമൽ പിജി കോൺഗ്രസ് വിടുന്നുവെന്ന് അറിയിച്ചത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചതു മുതൽ പാർട്ടിക്കുള്ളിലുള്ള ഭിന്നാഭിപ്രായങ്ങൾ പുറത്തുവന്നിരുന്നു. കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ച് പി. സരിൻ രംഗത്തെത്തിയിരുന്നു. ഇടതുപക്ഷത്തോടൊപ്പമാണെന്ന അദ്ദേഹത്തിൻ്റെ നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ സരിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നു പുറത്താക്കിയിരുന്നു. നിലവിൽ പി. സരിൻ പാലക്കാട് ഇടത് സ്വതന്ത്ര സ്ഥാനാർഥിയാണ്.