
ജമ്മു കശ്മീരിലെ കുൽഗ്രാം ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ വീണ്ടും ഭീകരാക്രമണം. ഏറ്റുമുട്ടലിൽ നാല് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. പഞ്ചാബ് പത്താൻകോട്ടിൻ്റെ അതിർത്തിയായ ജമ്മു കശ്മീരിലെ കത്വ ജില്ലയിലാണ് ഭീകരർ സൈനിക വാഹനങ്ങൾ ആക്രമിച്ചത്. സംഭവത്തിൽ ആറ് സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സൈന്യത്തിൻ്റെ വാഹനത്തിന് നേരെ ഒരു കുന്നിൻ മുകളിൽ നിന്നും ഭീകരർ ഗ്രനേഡ് എറിയുകയും വെടിയുതിർക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ആക്രണമം നടന്നതോടെ പ്രദേശത്ത് കൂടുതൽ സൈന്യവും രക്ഷാപ്രവർത്തകരും എത്തിച്ചേർന്നു.
ജമ്മു കശ്മീരിലെ കുൽഗ്രാം ജില്ലയിൽ നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി ആറ് ഭീകരർ കൊല്ലപ്പെട്ടിരുന്നു. അത് നടന്ന് വെറും 24 മണിക്കൂറിന് ശേഷമാണ് ഇന്ന് വീണ്ടും ആക്രമണം നടക്കുന്നത്. ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ ഒരു പാരാ ട്രൂപ്പർ ഉൾപ്പെടെ രണ്ട് സൈനികർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.
കുൽഗ്രാം ജില്ലയിലെ തീവ്രവാദി സാന്നിധ്യത്തെക്കുറിച്ച് റിപ്പോർട്ട് കിട്ടിയതിനെത്തുടർന്ന് സുരക്ഷാ സേന പ്രദേശത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ആദ്യ ആക്രമണമുണ്ടാകുന്നത്. ഗ്രാമത്തിലേക്ക് സൈന്യം ഇറങ്ങിയയുടനെ ഉണ്ടായ ആദ്യ വെടിവെപ്പില്‍ ഒരു സൈനികന് പരുക്കേൽക്കുകയും പിന്നീട് ചികിത്സയ്ക്കിടെ മരിക്കുകയും ചെയ്തു. കുൽഗ്രാമിലെ ഫ്രിസൽ ഏരിയയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ നാല് ഭീകരരും ഒരു സൈനികനും കൊല്ലപ്പെടുകയും മറ്റൊരു സൈനികന് പരുക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം ജമ്മു കശ്മീരിലെ തീവ്രവാദത്തിനെതിരായ പോരാട്ടം അതിൻ്റെ അവസാന ഘട്ടത്തിലാണെന്നും ശേഷിക്കുന്ന ഭീകരരെ തകർക്കാൻ തന്ത്രം സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ആഴ്ച പാർലമെൻ്റിൽ പറഞ്ഞിരുന്നു.