
പി.വി. അൻവറിന്‍റെ ആരോപണങ്ങൾ ഇനി ശൂന്യാകാശത്ത് മാത്രമെ ഉണ്ടാകുവെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി. ഗോപാലകൃഷ്ണൻ. പാർട്ടി സെക്രട്ടറിക്ക് നട്ടെല്ലുണ്ടെങ്കിൽ പൊളിറ്റിക്കൽ സെക്രട്ടറിയെയും എഡിജിപിയെയും മാറ്റാൻ തയ്യാറാകണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെയും മകളുടെയും രഹസ്യ അറയുടെ താക്കോൽ എഡിജിപിയുടെ കൈയ്യിലാണ്. ആ എഡിജിപിക്കെതിരെ മുഖ്യമന്ത്രിക്ക് ഒന്നുംതന്നെ പറയാൻ കഴിയില്ല. അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നത് വരെ മുഖ്യമന്ത്രിയോട് മാറിനിൽക്കാൻ പറയാൻ എം.വി. ഗോവിന്ദൻ തയ്യാറാകണമെന്നും ബിജെപി നേതാവ് പറഞ്ഞു.
ALSO READ: പൂരം കലക്കി ബിജെപിയെ ജയിപ്പിച്ചത് പിണറായിയുടെ അറിവോടെ, എഡിജിപി ആർഎസ്എസ് ജനറൽ സെക്രട്ടറിയെ കണ്ടു: വി.ഡി. സതീശന്‍
തൃശൂർ പൂരം കലക്കിയിതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണങ്ങളോടും ബി. ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. വി.എസ്. സുനിൽകുമാർ തൃശ്ശൂർ പൂരത്തിന്‍റെ അന്തകനായാണ് പ്രത്യക്ഷപ്പെട്ടത്. അത് ജനങ്ങൾ തിരിച്ചറിഞ്ഞു. സുനിൽ കുമാറിന് മാനസിക വിഭ്രാന്തിയാണ്. അതുകൊണ്ടാണ് പൂരം വിഷയത്തിൽ അൻവർ പറഞ്ഞത് ശരിയാണെന്ന് പറയുന്നതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, പൂരം കലക്കി ഹൈന്ദവ വികാരമുണ്ടാക്കി മുഖ്യമന്ത്രി തൃശൂരില്‍ ബിജെപിയെ വിജയിപ്പിക്കുകയായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. 2023 മെയ് 20-22 തീയതികളില്‍ പാറമേക്കാവിൽ ആർഎസ്എസ് ക്യാംപ് നടന്നിരുന്നു. വിദ്യാമന്ദിർ ഹാളിൽ വെച്ച് ആർഎസ്എസ് ജനറൽ സെക്രട്ടറിയുമായി എഡിജിപി കൂടിക്കാഴ്ച നടത്തി. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണ് എന്നാണ് സതീശന്‍റെ ആരോപണം.