കുടുംബസമേതം വോട്ട് ചെയ്യാനെത്തി കെജ്‌രിവാൾ, അമ്മയും അച്ഛനും എത്തിയത് വീൽ ചെയറിൽ | VIDEO

കെജ്‌രിവാൾ അമ്മയുടെ വീൽചെയറും തള്ളിയാണ് വോട്ട് ചെയ്യാനെത്തിയത്. കെജ്‌രിവാളിൻ്റെ മകനായ പുൽകിത് ആണ് മുത്തച്ഛന്റെ വീൽചെയർ പിടിച്ചിരുന്നത്
കുടുംബസമേതം വോട്ട് ചെയ്യാനെത്തി കെജ്‌രിവാൾ, അമ്മയും അച്ഛനും എത്തിയത് വീൽ ചെയറിൽ | VIDEO
Published on


ഡൽഹി മുൻ മുഖ്യമന്ത്രിയും ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ കുടുംബത്തോടൊപ്പം എത്തിയാണ് ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയത്. ഈ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് അദ്ദേഹം.



വൃദ്ധരായ മാതാപിതാക്കളായ ഗോബിന്ദ് റാം കെജ്‌രിവാളും ഗീതാദേവിയും വീൽചെയറിലാണ് പോളിങ് ബൂത്തിലെത്തിയത്. കെജ്‌രിവാൾ അമ്മയുടെ വീൽചെയറും തള്ളിയാണ് വോട്ട് ചെയ്യാനെത്തിയത്. കെജ്‌രിവാളിൻ്റെ മകനായ പുൽകിത് ആണ് മുത്തച്ഛന്റെ വീൽചെയർ പിടിച്ചിരുന്നത്. ഭാര്യ സുനിതയും അവർക്കൊപ്പം നടന്നു.

ലേഡി ഇർവിൻ സീനിയർ സെക്കൻഡറി സ്കൂളിലെ പോളിംഗ് ബൂത്തിലാണ് കെജ്‌രിവാൾ മാതാപിതാക്കൾക്കും ഭാര്യയ്ക്കും മകനുമൊപ്പമാണ് എത്തിയത്. വികസനത്തിനും സത്യസന്ധതയ്ക്കും വേണ്ടി വോട്ട് ചെയ്യണമെന്ന് കെജ്‌രിവാൾ സോഷ്യൽ മീഡിയയിലൂടെ ഇന്ന് രാവിലെ ദേശീയ തലസ്ഥാനത്തെ വോട്ടർമാരോട് അഭ്യർഥിച്ചിരുന്നു. ഗുണ്ടായിസം തോൽക്കുമെന്നും ഡൽഹി വിജയിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

"പ്രിയപ്പെട്ട ഡൽഹി നിവാസികളേ, ഇന്ന് തെരഞ്ഞെടുപ്പ് ദിനമാണ്. നിങ്ങളുടെ വോട്ട് വെറുമൊരു ബട്ടണല്ല, മറിച്ച് നിങ്ങളുടെ കുട്ടികളുടെ ശോഭനമായ ഭാവിക്കുള്ള അടിത്തറയാണ്. നല്ല സ്കൂളുകൾ, നല്ല ആശുപത്രികൾ, ഓരോ കുടുംബത്തിനും മാന്യമായ ജീവിതം നൽകാനുള്ള അവസരം. നുണയുടെയും വെറുപ്പിന്റെയും ഭയത്തിന്റെയും രാഷ്ട്രീയത്തെ പരാജയപ്പെടുത്തി വികസനവും സത്യസന്ധതയും വിജയിപ്പിക്കണം. ഇന്ന് വോട്ട് ചെയ്ത് നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അയൽക്കാർക്കും പ്രചോദനം നൽകുക. ഗുണ്ടാസംഘം തോൽക്കും, ഡൽഹി വിജയിക്കും," കെജ്‌രിവാൾ പറഞ്ഞു.

2013, 2015, 2020 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ കെജ്‌രിവാളിനെ വിജയിപ്പിച്ച ന്യൂഡൽഹി മണ്ഡലം ഇത്തവണ ത്രികോണ മത്സരത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ബിജെപിയുടെ പർവേഷ് വർമയും കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിതുമാണ് കെജ്‌രിവാളിന്റെ എതിരാളികൾ. ഇരുവരും മുൻ മുഖ്യമന്ത്രിമാരുടെ മക്കളാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com