ഒക്‌ടോബർ 25ന് ചിറ്റഗോങ്ങിൽ ബംഗ്ലാദേശിൻ്റെ ദേശീയ പതാകയ്ക്ക് മുകളിൽ കാവി പതാക ഉയർത്തിയതിനാണ് ചിൻമോയ് കൃഷ്ണ ദാസിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്
ഹിന്ദു സന്യാസിയും ബംഗ്ലാദേശ് സമ്മിലിറ്റ് സനാതൻ ജാഗരൺ ജോട്ടെയുടെ വക്താവുമായ ചിൻമോയ് കൃഷ്ണദാസിൻ്റെ ജാമ്യാപേക്ഷ ബംഗ്ലാദേശ് കോടതി തള്ളി. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഛറ്റോഗ്രാം മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജി എം.ഡി. സൈഫുൽ ഇസ്‌ലാമാണ്, മുൻ ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) നേതാവ് കൂടിയായ ചിൻമോയ് കൃഷ്ണദാസിന് ജാമ്യം നൽകുന്നതിൽ വിസമ്മതിച്ചത്.
11 അഭിഭാഷകരുടെ സംഘം അദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷയിൽ പങ്കെടുത്തതായി ബംഗ്ലാദേശ് പ്രസിദ്ധീകരണമായ ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. വ്യാജവും കെട്ടിച്ചമച്ചതുമായ കേസിലാണ് താൻ അറസ്റ്റിലായിരിക്കുന്നതെന്ന് ജാമ്യാപേക്ഷയിൽ ഉൾപ്പെടുത്തിയിരുന്നു. പ്രമേഹവും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ഉൾപ്പെടെയുള്ള വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
ഹിന്ദു സന്യാസിക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബംഗ്ലാദേശ് സർക്കാരിനോട് അഭ്യർഥിച്ചു കൊണ്ട് കൊൽക്കത്ത ഇസ്കോൺ വൈസ് പ്രസിഡൻ്റ് രാധാ രാമൻദാസ് പ്രതികരിച്ചു. ലോകം മുഴുവൻ ഉറ്റുനോക്കുന്നുണ്ടെന്ന് തങ്ങൾക്കറിയാം. ജാമ്യം നിഷേധിച്ച വാർത്ത വളരെ ദുഃഖകരമാണെന്നും,പുതുവർഷത്തിലെങ്കിലും ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: രാജ്യത്തെ നടുക്കിയ 1984; നാല് പതിറ്റാണ്ടിന് ശേഷം വിഷമാലിന്യത്തിൽ നിന്നും മോചനം നേടി ഭോപ്പാൽ
ഒക്‌ടോബർ 25ന് ചിറ്റഗോങ്ങിൽ ബംഗ്ലാദേശിൻ്റെ ദേശീയ പതാകയ്ക്ക് മുകളിൽ കാവി പതാക ഉയർത്തിയതിനാണ് ചിൻമോയ് കൃഷ്ണ ദാസിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ഇത് ബംഗ്ലാദേശിലെ അശാന്തിക്ക് കാരണമായെന്നും ആരോപണം ഉയർന്നിരുന്നു. അറസ്റ്റ് ചെയ്തതിന് പിന്നാലെ വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. നവംബർ 27 ന് ഛറ്റോഗ്രാം കോടതി കെട്ടിടത്തിന് പുറത്ത് അദ്ദേഹത്തിൻ്റെ അനുയായികളും നിയമപാലകരും തമ്മിലുള്ള ഏറ്റുമുട്ടൽ സംഘർഷത്തിൽ കലാശിക്കുകയും അതിനിടയിൽ പെട്ട് ഒരു അഭിഭാഷകൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു.