ബംഗ്ലാദേശ്- ഇസ്കോൺ സംഘർഷം മുറുകുന്നു; ഇന്ത്യയുമായുള്ള ബന്ധം വഷളാകുമോ?

അറസ്റ്റിലായ ഹിന്ദു ആത്മീയ നേതാവ് ചിന്മയ് കൃഷ്‌ണദാസിന് ഭക്ഷണവും മരുന്നും നൽകാൻ ജയിലിലെത്തിയ രണ്ട് സന്യാസിമാരെ കൂടി കസ്റ്റഡിയിലെടുത്തത് പൊലീസ് കൂടുതൽ പ്രകോപനം സൃഷ്ടിച്ചുകഴിഞ്ഞു
ബംഗ്ലാദേശ്- ഇസ്കോൺ സംഘർഷം മുറുകുന്നു; ഇന്ത്യയുമായുള്ള ബന്ധം വഷളാകുമോ?
Published on


ബംഗ്ലാദേശ്-ഇന്ത്യാ നയതന്ത്രബന്ധം ഉലയുന്ന തരത്തിലേക്കാണ് ബംഗ്ലാദേശിലെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവ വികാസങ്ങൾ എത്തിനിൽക്കുന്നത്. അറസ്റ്റിലായ ഹിന്ദു ആത്മീയ നേതാവ് ചിന്മയ് കൃഷ്‌ണദാസിന് ഭക്ഷണവും മരുന്നും നൽകാൻ ജയിലിലെത്തിയ രണ്ട് സന്യാസിമാരെ കൂടി കസ്റ്റഡിയിലെടുത്തത് പൊലീസ് കൂടുതൽ പ്രകോപനം സൃഷ്ടിച്ചുകഴിഞ്ഞു.

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരെ ഉയർന്ന പ്രതിഷേധങ്ങളിൽ ബംഗ്ലാദേശ് ദേശീയ പതാകയ്ക്ക് മുകളിൽ കാവി പതാക ഉയർത്തിയെന്നതാണ് ചിന്മയ് കൃഷ്‌ണദാസിനെതിരായ കേസ്. രാജദ്രോഹക്കുറ്റം ചുമത്തിയാണ് ഹിന്ദു ആത്മീയ നേതാവിനെ ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘടനാ നിയമം ലംഘിച്ചുവെന്നാരോപിച്ച് ഒക്ടോബറിൽ ഹിന്ദു കൂട്ടായ്മയായ ഇസ്കോണിൽ നിന്നും ചിന്മയ് ദാസിനെ പുറത്താക്കിയിരുന്നു. എന്നാൽ ചിന്മയിൻ്റെ അറസ്റ്റോടെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമായി. സുരക്ഷാസേനയും ആത്മീയ നേതാവിൻ്റെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ സൈഫുൽ ഇസ്ലാം കൊല്ലപ്പെടുകയും ചെയ്തു.


ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ് എന്ന ഇസ്കോണിനെ നിരോധിക്കണം എന്നാവശ്യപ്പെട്ട് കോടതി ഹർജി വന്നു. സൈഫുളിന്റെ മരണവും അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. ഇസ്കോൺ എന്താണെന്ന കോടതിയുടെ ചോദ്യത്തിന് ഇസ്‌കോണ്‍ ഒരു മതമൗലികവാദ സംഘടനയാണെന്നായിരുന്നു സർക്കാർ വാദം. സംഘടനയുടെ പ്രവർത്തനം നിരീക്ഷിച്ചുവരികയാണെന്നും സർക്കാർ വിശദീകരിച്ചു. ഇസ്‌കോണിനെ നിരോധിക്കാൻ വിസമ്മതിച്ച കോടതി ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിന് ആവശ്യപ്പെട്ടു.

ആത്മീയ നേതാവിൻ്റെ അറസ്റ്റും ക്ഷേത്രങ്ങൾക്കെതിരായ ആക്രമണങ്ങളുമാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. ഷെയ്ഖ് ഹസീന രാജ്യം വിട്ടതോടെ ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് എതിരായ അക്രമം വർധിച്ചെന്ന് ഇന്ത്യ ആരോപിക്കുന്നു. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പാർലമെന്റിൽ പറഞ്ഞു.


ചിന്മയ് കൃഷ്‌ണദാസിൻ്റെയും ഇസ്കോണുമായി ബന്ധപ്പെട്ട 16 പേരുടെയും ബാങ്ക് അക്കൗണ്ടുകൾ ബംഗ്ലാദേശ് 30 ദിവസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ചിന്മയിന് ഭക്ഷണവും മരുന്നും നൽകാൻ ജയിലിലെത്തിയ രണ്ട് സന്യാസിമാരെ ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഇന്ത്യയുമായുള്ള ബംഗ്ലാദേശ് നയതന്ത്ര ബന്ധം ഉലഞ്ഞേക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com