ഏകദിന ക്രിക്കറ്റിൽ നിന്ന് ബംഗ്ലാദേശ് താരം മുഷ്‌ഫിഖുർ റഹിം വിരമിച്ചു

ചാംപ്യൻസ് ട്രോഫി തോൽവിക്ക് പിന്നാലെയാണ് താരത്തിന്റെ പ്രഖ്യാപനം
മുഷ്‌ഫിഖുർ റഹിം
മുഷ്‌ഫിഖുർ റഹിം
Published on

ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്‌ഫിഖുർ റഹിം. ചാംപ്യൻസ് ട്രോഫി തോൽവിക്ക് പിന്നാലെയാണ് താരത്തിന്റെ പ്രഖ്യാപനം. ഗ്രൂപ് ബിയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് തോല്‍വിയുമായാണ് ബംഗ്ലാദേശ് ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായത്. പാകിസ്ഥാനെതിരായ അവസാന മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. 

'ഇന്ന് മുതൽ ഞാൻ ഏകദിന ഫോർമാറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിക്കുന്നു. എല്ലാത്തിനും അൽഹംദുലില്ലാഹ്. ആഗോള തലത്തിൽ നമ്മുടെ നേട്ടങ്ങൾ പരിമിതമായിരിക്കാം, പക്ഷേ ഒരു കാര്യം ഉറപ്പാണ്, എന്റെ രാജ്യത്തിനായി കളിക്കളത്തിൽ ഇറങ്ങിയപ്പോഴെല്ലാം, ഞാൻ 100 ശതമാനത്തിലധികം സമർപ്പണവും സത്യസന്ധതയും നൽകി', മുഷ്ഫിഖുർ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. 19 വർഷത്തെ ക്രിക്കറ്റ് കരിയറിൽ തന്നെ പിന്തുണച്ച ആരാധകർക്കും കുടുംബത്തിനും മുഷ്‌ഫീഖുർ റഹിം നന്ദി അറിയിച്ചു.

2006 ഓഗസ്റ്റിൽ സിംബാബ്‌വെയ്‌ക്കെതിരെയാണ് മുഷ്ഫിഖ് ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. ഏകദിന കരിയറിൽ ഒരു വർഷം തികയുന്നതിനു മുമ്പ്, 2007 ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ പുറത്താകാതെ 56 റൺസ് നേടിയാണ് മുഷ്ഫിഖ് , ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. ബംഗ്ലാദേശിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരനാണ് മുഷ്ഫിഖ്. 274 മത്സരങ്ങളിൽ നിന്നാണ് താരം ഈ റെക്കോർഡ് സ്വന്തമാക്കിയത്. 36.42 ശരാശരിയിൽ ഒമ്പത് സെഞ്ച്വറികൾ ഉൾപ്പെടെ 7,795 റൺസാണ് മുഷ്ഫിഖ് നേടിയത്. 144 റൺസാണ് മുഷ്ഫിഖ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം. വിക്കറ്റ് കീപ്പർ എന്ന നിലയിൽ 243 ക്യാച്ചുകൾ എടുക്കുകയും 56 സ്റ്റമ്പിംഗുകളും താരം നേടിയിട്ടുണ്ട്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com