
ബിഹാറിലെ സഹർസ ജില്ലയിലെ സർക്കാർ സ്കൂളിൽ ബാർ ഡാൻസും, മദ്യപാന പാർട്ടിയും നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. കഴിഞ്ഞ ദിവസം ബിഹാറിലെ ജലൈ പൊലീസ് സ്റ്റേഷൻ പരിസരത്തുള്ള സർക്കാർ പ്രൈമറി സ്കൂളിലേക്ക് ഏതാനും യുവാക്കൾ ഒരു ബാൻഡിനേയും ബാർ ഡാൻസർമാരെയും വിളിച്ചുവരുത്തിയെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. യുവാക്കൾ ഒരു കല്യാണാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ, സ്കൂൾ പരിസരത്തേക്ക് വരികയായിരുന്നുവെന്നും അധികൃതർ പറഞ്ഞു.
നാലോളം ബാർ ഡാൻസർമാരായ സ്ത്രീകൾ ബോജ്പുരി പാട്ടുകൾ വെച്ച് സ്കൂളുകളിൽ നൃത്തം ചെയ്യുന്നതിൻ്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. യുവാക്കൾ മദ്യപിച്ച് ഇവരോടൊപ്പം നൃത്തം ചവിട്ടുന്നതിൻ്റെ ദൃശ്യങ്ങളും ഇതിലുണ്ട്. സ്കൂളിൽ ഇത്തരമൊരു ആഘോഷ പരിപാടിക്ക് ആരാണ് അനുമതി കൊടുത്തതെന്ന് ചോദിച്ച് വലിയ വിമർശനമാണ് ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
പരിപാടിക്ക് പൊലീസിൻ്റെ അനുമതി ഇല്ലായിരുന്നുവെന്ന് ജലൈ പൊലീസ് സ്റ്റേഷൻ മേധാവിയായ മമ്ത കുമാരി പറഞ്ഞു. വീഡിയോ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മമ്ത കുമാരി അറിയിച്ചു.