"പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽ‌വിയിൽ ശോഭ സുരേന്ദ്രന് പങ്ക്"; കേന്ദ്രത്തിന് റിപ്പോർട്ട് നൽകി ബിജെപി സംസ്ഥാന നേതൃത്വം

ശോഭയും വാർഡ് കൗൺസിലർ സ്മിതേഷും പാലക്കാട്ടെ സ്ഥാനാർഥി സി. കൃഷ്ണകുമാറിനെതിരായി പ്രവർത്തിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നുത്
"പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽ‌വിയിൽ ശോഭ സുരേന്ദ്രന് പങ്ക്"; കേന്ദ്രത്തിന് റിപ്പോർട്ട് നൽകി  ബിജെപി  സംസ്ഥാന നേതൃത്വം
Published on


പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ച് ബിജെപി സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പ് അവലോകനയോഗത്തിന് മുന്നോടിയായാണ് റിപ്പോർട്ട് സമർപ്പിച്ചത്. ബിജെപി നേതാവ് ശോഭ സുരേന്ദ്രനും നാല് കൗൺസിലർമാർക്കും എതിരെ റിപ്പോർട്ടിൽ പരാമർശമുണ്ട്. പാലക്കാട് നഗരസഭയിൽ പ്രവർത്തനം മന്ദീഭവിപ്പിക്കാൻ ശ്രമം നടന്നെന്നാണ് റിപ്പോർട്ടിൽ കുറിച്ചിരിക്കുന്നത്. പരസ്യപ്രസ്താവനയുടെ പേരിൽ ബിജെപി ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജന് എതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്.

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ സി. കൃഷ്ണകുമാറിന് മുൻപേ സ്ഥാനാർഥിയായി ഉയർന്ന പേര് ശോഭ സുരേന്ദ്രൻ്റേതായിരുന്നു. ശോഭ സുരേന്ദ്രൻ മത്സരിക്കുകയാണെങ്കിൽ നാമനിർദേശ പത്രിക സമർപ്പിക്കും മുൻപേ വിജയമുറപ്പാണെന്നായിരുന്നു എൻ. ശിവരാജൻ്റെ പ്രസ്താവന. തോൽവിക്ക് പിന്നാലെയും ശോഭ സുരേന്ദ്രനെ മത്സരിപ്പിച്ചിരുന്നെങ്കിൽ വിജയമുറപ്പിക്കാമായിരുന്നെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു. 

എന്നാൽ ശോഭ സുരേന്ദ്രൻ പാലക്കാട് മത്സാരാർഥിക്കെതിരായി പ്രവർത്തിച്ചതായാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ആരോപണം. ശോഭയും വാർഡ് കൗൺസിലർ സ്മിതേഷും സി. കൃഷ്ണകുമാറിനെതിരെ പ്രവർത്തിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നുത്. നഗരസഭയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം മന്ദീഭവിപ്പിക്കാൻ ശ്രമം നടത്തി. ശോഭ സുരേന്ദ്രനും ഒരു പഞ്ചായത്ത് ഭാരവാഹിയുമായുള്ള സംഭാഷണം പുറത്തായതോടെ പാർട്ടിക്ക് ജാഗ്രത പാലിക്കാനായി. ജില്ലയുടെ പുറത്തുനിന്ന് എത്തിയവർ, തങ്ങളുടെ വാർഡിൽ പ്രചരണം നടത്തുന്നതിനെ ആരോപണ വിധേയരായ കൗൺസിലർമാർ എതിർത്തതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.


സി. കൃഷ്ണകുമാർ ലഭിക്കാവുന്ന മികച്ച സ്ഥാനാർഥി തന്നെയായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ സമാഹരിക്കാവുന്ന പരമാവധി വോട്ടുകൾ ഇത്തവണ ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കണ്ണാടി പഞ്ചായത്തിൽ വോട്ട് മറിക്കാൻ ശ്രമം നടന്നു. വോട്ട് മറിക്കുന്നതിൽ സന്ദീപ് വാര്യരുടെ സ്വാധീനം ഉണ്ടായെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം നടത്തിയ പരസ്യപ്രസ്താവനയുടെ പേരിൽ എൻ. ശിവരാജന് എതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയം മുതൽ കാര്യങ്ങൾ താളം തെറ്റിയെന്നായിരുന്നു തോൽവിക്ക് പിന്നാലെയുള്ള  ശിവരാജൻ്റെ പ്രസ്താവന. ശോഭ സുരേന്ദ്രനോ, കെ സുരേന്ദ്രനോ, മുരളീധരനോ മത്സരിച്ചിരുന്നെങ്കിൽ ചരിത്രം മാറിയേനെ. ബിജെപിയുടെ മേൽക്കൂര അഴിച്ചുപണിതാൽ പാലക്കാട് ഉഴുതു മറിക്കാനാകുമെന്നും, ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്ന സന്ദീപ് വാര്യർ കഴിവുള്ള നേതാവാണെന്നും ശിവരാജന്‍ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം വോട്ട് മറിച്ചെന്ന ബിജെപി ആരോപണം തള്ളാതെയായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. ബിജെപി വോട്ടുകളിൽ തനിക്ക് പങ്കുണ്ടെന്ന കാര്യം പാർട്ടി അംഗീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സന്ദീപ് വാര്യർ പറയുന്നു. പാലക്കാട് കോൺഗ്രസിന് വോട്ടുകൾ ലഭിക്കാൻ തന്നാൽ കഴിയും വിധമെല്ലാം പ്രവർത്തിച്ചിട്ടുണ്ടെന്നും സന്ദീപ് വാര്യർ ന്യൂസ് മലയാളത്തോട് പറഞ്ഞു.

ഡിസംബർ 7, 8 തീയതികളിലായി എറണാകുളത്ത് വെച്ചാണ് തെരഞ്ഞെടുപ്പ് അവലോകനയോഗം നടക്കുന്നത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ പാലക്കാട്ടെ തോൽവി സംസ്ഥാന ദേശീയ നേതൃത്വങ്ങൾ അതീവ ഗുരുതരമായാണ് കാണുന്നത്. ശക്തി കേന്ദ്രമായ നഗരസഭയിൽ പോലും ബിജെപി പിന്നോട്ട് പോയിട്ടുണ്ട്.

തോൽവിക്ക് പിന്നാലെ ബിജെപിയിൽ ആഭ്യന്തര കലഹങ്ങൾ ഉടലെടുത്തിരുന്നു. ഇതോടെ കേന്ദ്രം പുതിയ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുമെന്നാണ് സൂചന. പുതുതായി ചുമതലയേൽക്കുന്ന ദേശീയ നേതൃത്വമായിരിക്കും സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുക. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പ്രവർത്തനങ്ങൾ തടയുക ലക്ഷ്യമിട്ടാണ് നടപടി. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com