fbwpx
ബിജെപി കൗൺസിലർമാരെ കോൺഗ്രസിലെത്തിക്കാൻ സന്ദീപ് വാര്യർ; വിഷയത്തിൽ ഇടപെടാനൊരുങ്ങി കേന്ദ്ര നേതൃത്വം
logo

ന്യൂസ് ഡെസ്ക്

Last Updated : 27 Nov, 2024 05:35 PM

പാലക്കാട് ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയിലുണ്ടായ ആഭ്യന്തര കലഹത്തിൽ തിടുക്കപ്പെട്ട് നടപടി വേണെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനം

KERALA


സംഭവബഹുലമായ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന ബിജെപി നേതൃത്വത്തിൽ ഒന്നിനുപിറകേ ഒന്നായി സംഘർഷാവസ്ഥകൾ ഉടലെടുക്കുകയാണ്. കോൺഗ്രസ് പാർട്ടിയിലേക്ക് കൂടുതൽ ബിജെപി പ്രവർത്തകരെ എത്തിക്കാനുള്ള സന്ദീപ് വാര്യരുടെ നീക്കമാണ് ബിജെപിയിലെ പുതിയ തലവേദന. സന്ദീപ് വാര്യരുടെ നീക്കത്തെ കരുതലോടെ നേരിടാനൊരുങ്ങുകയാണ് ബിജെപി. പാലക്കാട് നഗരസഭയിലെ ഒൻപത് ബിജെപി കൗൺസിലർമാരെ സന്ദീപ് ബന്ധപ്പെട്ടതായാണ് കേന്ദ്രനേതൃത്വത്തിന് ലഭിച്ച വിവരം. ആഭ്യന്തര കലഹത്തിൽ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്താനാണ് കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനം.

പാലക്കാട് ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയിലുണ്ടായ ആഭ്യന്തര കലഹത്തിൽ തിടുക്കപ്പെട്ട് നടപടി വേണെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനം. സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. പാലക്കാട് നഗരസഭയിൽ ഇടഞ്ഞുനിൽക്കുന്ന ബിജെപിയുടെ ജനപ്രതിനിധികളുമായും സംസ്ഥാന നേതൃത്വം സംസാരിക്കും. നടപടിയെടുത്താൽ ചില കൗൺസിലർമാർ പാർട്ടി വിട്ടേക്കുമെന്നാണ് ബിജെപി വിലയിരുത്തൽ.

ALSO READ: ബിജെപി വിട്ട കെ.പി. മധുവിന് കോണ്‍ഗ്രസിലേക്ക് ക്ഷണവുമായി സന്ദീപ് വാര്യ‍ർ


എന്നാൽ ഇടഞ്ഞ് നിൽക്കുന്ന ബിജെപി കൗൺസിലർമാരെ സമ്മർദം ചെലുത്തി കൊണ്ടു വരില്ലെന്നാണ് പാലക്കാട്ടെ നിയുക്ത എംഎൽഎയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പക്ഷം. ഓപ്പറേഷൻ കമല മോഡലിനില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. സന്ദീപ് വാര്യരുടെ വരവ് ഒരു മാറ്റത്തിന്റെ തുടക്കമാണ്. സന്ദീപ് വന്നതിന്‍റെ പേരിൽ എത്ര വോട്ട് കിട്ടിയെന്നതല്ല ചർച്ചയാകേണ്ടതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

അതിനിടെ വയനാട്ടിലും ബിജെപിയിൽ ആഭ്യന്തര കലഹം തുടങ്ങി. കഴിഞ്ഞ ദിവസമാണ് നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് കെ.പി. മധു ബിജെപിയിൽ നിന്നും പടിയിറങ്ങയതിന് പിന്നാലെയായിരുന്നു സന്ദീപ് വാര്യരുടെ ക്ഷണമെത്തിയത്. എന്നാൽ ആലോചിച്ച് തീരുമാനം അറിയിക്കാമെന്നായിരുന്നു ക്ഷണത്തോട് മധുവിൻ്റെ പ്രതികരണം. സംഘടനയിൽ കടുത്ത അവഗണന നേരിട്ടുവന്നും ബിജെപി വയനാട് മുൻ ജില്ലാ അധ്യക്ഷൻ കെ.പി. മധു പറഞ്ഞിരുന്നു. ഇപ്പോൾ ഏതെങ്കിലും പാർട്ടിയിലേക്ക് പോകാൻ തീരുമാനിച്ചിട്ടില്ല, പക്ഷേ പൊതുപ്രവർത്തകൻ എന്ന നിലയിൽ അങ്ങനെയുള്ള തീരുമാനം എടുക്കേണ്ടിവരുമെന്നും കെ.പി. മധു പറഞ്ഞു.

കോൺഗ്രസിലേക്ക് പോകുമെന്ന് സ്ഥിരീകരിക്കുന്നില്ലെങ്കിലും ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് മധു ഉയർത്തുന്നത്. ഒരു പ്രതീക്ഷയും സംസ്ഥാന ബിജെപി നേതൃത്വം പാർട്ടി അണികൾക്ക് വേണ്ടി മുന്നോട്ടുവയ്ക്കുന്നില്ല. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിൽ കടുത്ത നിരാശ ഉണ്ടെന്നും കെ.പി. മധു പറഞ്ഞു. നരേന്ദ്രമോദിയേയും അമിത് ഷായേയും കണ്ടുകൊണ്ടാണ് കേരളത്തിൽ ബിജെപിയിലേക്ക് ആളുകൾ വരുന്നത്. എന്നാൽ അണികളെ യോജിപ്പിച്ചു കൊണ്ട് പോകാൻ കഴിയാത്ത നേതൃത്വമാണ് സംസ്ഥാനത്തുള്ളത്. ഇതിൽ നിരാശയും സങ്കടവുമുണ്ടെന്നും മധു പറഞ്ഞു.

ALSO READ: സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും; ബിജെപിയിലെ ആഭ്യന്തര കലഹത്തിൽ ഇടപെട്ട് കേന്ദ്ര നേതൃത്വം

എന്നാൽ കെ.പി. മധുവിന് പാർട്ടി വിടേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നാണ് ബിജെപി വയനാട് ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ ന്യൂസ് മലയാളത്തോട് പറഞ്ഞത്. ഉപതെരഞ്ഞെടുപ്പിൽ ചുമതലയുള്ള ആളായിരുന്നു കെ.പി. മധു. അദ്ദേഹത്തിന് അർഹമായ എല്ലാ സ്ഥാനങ്ങളും പരിഗണനയും പാർട്ടി നൽകിയിരുന്നു. പാർട്ടിവിടാൻ വേണ്ടി ബാലിശമായ കാര്യങ്ങളാണ് മധു പറയുന്നത്. അദ്ദേഹത്തിന് പെട്ടന്നുണ്ടായ മാറ്റം വ്യക്തമാകുന്നില്ലെന്നും, മധുവിന്റെ രാജി കൊണ്ട് പാർട്ടിക്ക് ജില്ലയിൽ ഒരു കോട്ടവും ഉണ്ടാവില്ലെന്നും പ്രശാന്ത് മലവയൽ പറഞ്ഞു.

പുനഃസംഘടന നടക്കാനിരിക്കെ കോൺഗ്രസിലേക്കുള്ള കൊഴിഞ്ഞുപോക്ക് ബിജെപി സംസ്ഥാന ദേശീയ നേതൃത്വത്തിന് തലവേദനയാകുമെന്നുറപ്പാണ്. എന്തായാലും വിഷയത്തിൽ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്താനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ഇടഞ്ഞു നിൽക്കുന്ന നഗരസഭ ജനപ്രതിനികളുമായും ചർച്ചകൾ നടത്തും. പാലക്കാട് നഗരസഭ കൗൺസിലർമാരുടെ പരസ്യ പ്രതികരണത്തിൽ വേഗത്തിലുള്ള നടപടി വേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലവിലെ തീരുമാനം. നടപടിയെടുത്താൽ ചില കൗൺസിലർമാർ പാർട്ടി വിടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുമുണ്ട്. ഒൻപത് കൗൺസിലർമാരെ സന്ദീപ് വാര്യർ ബന്ധപ്പെട്ടതായും നേതൃത്വത്തിന് വിവരം ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച റിപ്പോർട്ട് വന്നശേഷമാകും തുടർനടപടികൾ സ്വീകരിക്കുക.


Also Read
user
Share This

Popular

KERALA
KERALA
ആലപ്പുഴയിലെ മുസ്ലീം ലീഗ് സെമിനാറിൽ നിന്ന് പിൻമാറി ജി. സുധാകരൻ; എന്തെങ്കിലും തിട്ടൂരം കിട്ടിയിട്ടുണ്ടോ എന്നറിയില്ലെന്ന് ലീഗ്