അമേരിക്കയിലെ കറുത്ത വംശജർക്ക് വംശീയാധിക്ഷേപ സന്ദേശങ്ങൾ; ലഭിച്ച് തുടങ്ങുന്നത് ട്രംപിൻ്റെ ജയത്തിന് പിന്നാലെ

"പഞ്ഞി പെറുക്കാൻ നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു, അടുത്തുള്ള തോട്ടത്തിൽ റിപ്പോർട്ട് ചെയ്യുക" എന്ന രീതിയിലുള്ള വംശീയാധിക്ഷേപ സന്ദേശങ്ങളാണ് അമേരിക്കയിലെ കറുത്ത വംശജർക്ക് ട്രംപിൻ്റെ സുഹൃത്തെന്ന പേരിൽ ലഭിക്കുന്നത്
അമേരിക്കയിലെ കറുത്ത വംശജർക്ക് വംശീയാധിക്ഷേപ സന്ദേശങ്ങൾ; ലഭിച്ച് തുടങ്ങുന്നത് ട്രംപിൻ്റെ ജയത്തിന് പിന്നാലെ
Published on

പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിൻ്റെ വിജയത്തിന് തൊട്ടുപിന്നാലെ, അമേരിക്കയിലെ കറുത്ത വംശജർക്ക് വംശീയാധിക്ഷേപ സന്ദേശങ്ങൾ ലഭിക്കുന്നതായി പരാതി. "പഞ്ഞി പെറുക്കാൻ നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു, അടുത്തുള്ള തോട്ടത്തിൽ റിപ്പോർട്ട് ചെയ്യുക" എന്ന രീതിയിലുള്ള വംശീയാധിക്ഷേപ സന്ദേശങ്ങളാണ് അമേരിക്കയിലെ കറുത്ത വംശജർക്ക് ട്രംപിൻ്റെ സുഹൃത്തെന്ന പേരിൽ ലഭിക്കുന്നത്. പലർക്കും ലഭിക്കുന്ന സന്ദേശങ്ങളിൽ സ്വീകർത്താവിൻ്റെ പേരും ചേർത്തിരുന്നു.

അതേസമയം, ഇത്തരത്തിലുള്ള ടെക്സ്റ്റ് മെസേജുകളയച്ചിട്ട് ട്രംപിന് ഒന്നും ലഭിക്കാനില്ലെന്ന് ട്രംപിൻ്റെ വക്താവ് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. മെസേജുകളുടെ സ്രോതസ്സ് എവിടയൊണെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. എന്നാൽ, നിരവധി പേരാണ് ഇത്തരത്തിൽ വംശീയാധിക്ഷേപ മെസേജുകൾ ലഭിച്ചെന്ന് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്.

യുഎസിലെ അലബാമ, സൗത്ത് കരോലിന, ജോർജിയ, ന്യൂയോർക്ക്, ന്യൂ ജേഴ്സി, നെവാഡ എന്നീ സംസ്ഥാനങ്ങളിലെ കറുത്ത വംശജർക്ക് ഇത്തരം സന്ദേശങ്ങൾ ലഭിച്ചതായി റിപ്പോർട്ട് ചെയ്തു. യുവാക്കൾക്കും മസാച്ചുസെറ്റ്സ്, ന്യൂയോർക്ക് എന്നിവിടങ്ങളിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കും, അലബാമ, ക്ലെംസൺ സർവ്വകലാശാലയിലേത് ഉൾപ്പെടെയുള്ള വിദ്യാർഥികൾക്കും ഇത്തരത്തിൽ സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. വിഷയത്തിൽ എഫ്ബിഐ അന്വേഷണം പുരോഗമിക്കുകയാണ്.

വിദ്വേഷം പ്രചരിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന ചരിത്രമുള്ള ഒരു പ്രസിഡൻ്റിനെ വീണ്ടും യുഎസ് തെരഞ്ഞെടുത്തിരിക്കുകയാണെന്നും, ആ നിർഭാഗ്യകരമായ യാഥാർത്ഥ്യം നമ്മുടെ കൺമുന്നിൽ വീണ്ടും തെളിഞ്ഞുവന്നിരിക്കുകയാണെന്നും എൻഎഎസിപി പ്രസിഡൻ്റും സിഇഒയുമായ ഡെറിക്ക് ജോൺസൺ സംഭവത്തിൽ പ്രതികരിച്ച് പ്രസ്താവനയിറക്കി.

ജനാധിപത്യത്തിൽ വിദ്വേഷത്തിന് സ്ഥാനമില്ലെന്നും, 2024ൽ അടിമത്തത്തെ പറ്റി സംസാരിക്കുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും, അത് കറുത്ത വംശജരെ തുല്യമായ ജീവിതം, സ്വാതന്ത്ര്യം, സന്തോഷം എന്നിവ ആസ്വദിക്കുന്നതിൽ തടയിടുന്നതാണെന്നും ട്രംപ് അനുയായിയായ ബ്രയൻ ഹ്യൂഗ്സ് പറഞ്ഞു. പ്രസിഡൻ്റ് ട്രംപ് എല്ലാ വംശങ്ങളിലും പശ്ചാത്തലങ്ങളിലും ഉള്ളവർക്ക് തുല്യ പിന്തുണ നൽകുമെന്നും ബ്രയൻ ഹ്യൂഗ്സ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com