"സമയം പാഴാക്കി"; കമലയുടെ തോല്‍വിയില്‍ ജോ ബൈഡനെ പഴിച്ച് ഡെമോക്രാറ്റിക് പാർട്ടി നേതാക്കള്‍

2024 പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാർട്ടി വന്‍ കുതിപ്പാണ് യുഎസില്‍ നടത്തിയത്
"സമയം പാഴാക്കി"; കമലയുടെ തോല്‍വിയില്‍ ജോ ബൈഡനെ പഴിച്ച് ഡെമോക്രാറ്റിക് പാർട്ടി നേതാക്കള്‍
Published on

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ ജോ ബൈഡനെ പഴിച്ച് ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങള്‍. സ്ഥാനാർഥിത്വത്തിന് വേണ്ടി പിടിവലി നടത്തി ബൈഡന്‍ സമയം പാഴാക്കിയെന്നാണ് വിമർശനം. ഡെമോക്രാറ്റിക് പാർട്ടി നേതാവും, മുൻ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറുമായ നാന്‍സി പെലോസിയടക്കമുള്ള ഉന്നത നേതാക്കളാണ് അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്.

പാർട്ടി ആവശ്യപ്പെട്ട ഘട്ടത്തില്‍ തന്നെ സ്ഥാനാർഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ ജോ ബൈഡന്‍ തയ്യാറായിരുന്നുവെങ്കില്‍, ഇത്ര വലിയ തോല്‍വി നേരിടേണ്ടി വരില്ലായിരുന്നു എന്ന് തുറന്നടിച്ചായിരുന്നു പ്രതികരണം. ബൈഡന്‍റെ പിന്മാറ്റം നേരത്തെയുണ്ടായിരുന്നെങ്കില്‍ സ്ഥാനാർഥി നിർണയത്തിലും പ്രചാരണത്തിലും കൂടുതല്‍ സമയം ലഭിക്കുകയും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുകയും ചെയ്യുമായിരുന്നു എന്ന് ടൈംസ് പോഡ്‌കാസ്റ്റായ "ദി ഇൻ്റർവ്യൂ" യുടെ അവതാരകയായ ലുലു ഗാർസിയ-നവാരോയുമായുള്ള അഭിമുഖത്തിനിടെ നാന്‍സി പെലോസി പറഞ്ഞു.

Also Read: ട്രംപിനെ വധിക്കാൻ പദ്ധതിയിട്ടു; ഇറാനെതിരെ ഗുരുതര ആരോപണവുമായി അമേരിക്ക

"പ്രസിഡൻ്റ് നേരത്തെ പിന്‍മാറിയിരുന്നുവെങ്കിൽ, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മറ്റ് സ്ഥാനാർഥികള്‍ മുന്നോട്ടുവരുമായിരുന്നു. പ്രസിഡൻ്റ് മാറിനിൽക്കുകയാണെങ്കിൽ, ഒരു ഓപ്പൺ പ്രൈമറി ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ അത് നടന്നില്ല. പിന്മാറിയതിനു പിന്നാലെ പ്രസിഡൻ്റ് കമലാ ഹാരിസിനെ ഉടനടി അംഗീകരിച്ചതിനാൽ, ആ സമയത്ത് ഒരു പ്രൈമറി നടത്തുന്നത് മിക്കവാറും അസാധ്യമായി. ഇത് വളരെ നേരത്തെ ആയിരുന്നെങ്കിൽ, കാര്യങ്ങള്‍ വ്യത്യസ്തമാകുമായിരുന്നു", നാന്‍സി പെലോസി പറഞ്ഞു.

Also Read: മൂകമായി ഡെമോക്രാറ്റിക് ക്യാംപ്; ട്രംപ് രണ്ടാമൂഴത്തിനിറങ്ങുമ്പോള്‍ ആശങ്കകള്‍ അനവധി

ഡെമോക്രാറ്റിക് പാർട്ടി ക്യാംപിലെ കമലാ ഹാരിസ് അനുകൂലികളും ബൈഡനെതിരെ ആരോപണങ്ങളുയർത്തി. കമലയുടെ പരാജയത്തിന് പിന്നിലെ ഏക കാരണം ജോ ബൈഡനാണെന്നാണ് ഒരു ഡെമോക്രാറ്റിക് പ്രതിനിധി പൊളിറ്റിക്കോയുമായി നടത്തിയ സംഭാഷണത്തില്‍ പറഞ്ഞത്. എന്നാൽ, തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് തലയൂരാനാണ് ഇത്തരം ആരോപണങ്ങളെന്ന് ജോ ബൈഡന്‍ അനുകൂലികളും വിവിധ മാധ്യമ പ്രതികരണങ്ങളിലൂടെ തിരിച്ചടിച്ചു. പ്രസിഡന്‍റ് സ്ഥാനത്തിന് പിന്നാലെ, സെനറ്റ് കോണ്‍ഗ്രസ് സഭകളുടെയും അധികാരം കൈവിട്ടു പോകുന്നതിനിടെയാണ് ഡെമോക്രാറ്റുകള്‍ക്കിടയില്‍ നിന്ന് വിഭാഗീയ പ്രതികരണങ്ങള്‍ പുറത്തുവരുന്നത്.

2024 പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാർട്ടി വന്‍ കുതിപ്പാണ് യുഎസില്‍ നടത്തിയത്. നിർണായകമായി ഏഴ് സ്വിങ് സ്റ്റേറ്റുകളിലും റിപ്പബ്ലിക്കന്‍ പാർട്ടി സ്ഥാനാർഥി ഡൊണാള്‍‌ഡ് ട്രംപാണ് വിജയിച്ചത്. ട്രംപ് 301 ഇലക്ട്രല്‍ വോട്ടുകള്‍ നേടിയപ്പോള്‍ 226 ഇലക്ട്രല്‍ വേട്ടുകള്‍‌ നേടാനെ കമല ഹാരിസിനു സാധിച്ചുള്ളൂ. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com