ആഗോളതലത്തിൽ, 2.3 മില്യൺ സ്തനാർബുദ കേസുകളാണ് ഓരോ വർഷവും റിപ്പോർട്ട് ചെയ്യുന്നത്
ലോകത്താകമാനം സ്ത്രീകളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന തരം അർബുദമാണ് സ്തനാർബുദം. ആഗോളതലത്തിൽ, 2.3 മില്യൺ സ്തനാർബുദ കേസുകളാണ് ഓരോ വർഷവും റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ, 59 ശതമാനം സ്ത്രീകളും അവസാന ഘട്ടത്തിൽ മാത്രമാണ് രോഗം തിരിച്ചറിയുന്നത്, അതിനാൽ തന്നെ മിക്ക കേസുകളിലും ഭേദപ്പെടുത്തൽ സാധ്യത കുറവാണ്. എന്നാൽ, ഇവ ആദ്യ ഘട്ടത്തിൽ കണ്ടെത്തുന്നതിൻ്റെയും, ഇവയെ കുറിച്ചുള്ള അവബോധം വളർത്തുന്നതിൻ്റെയും ഭാഗമായാണ് എല്ലാ വർഷവും ഒക്ടോബർ മാസം സ്തനാർബുദ ബോധവത്കരണ മാസമായി, അഥവാ പിങ്ക് മാസമായി ആചരിക്കുന്നത്. പിങ്ക് മാസത്തിൻ്റെ അവസാന ദിനത്തിൽ, സ്തനാർബുദ ലക്ഷണങ്ങളെയും സ്വയം പരിശോധന നടത്തേണ്ടതിൻ്റെ ആവശ്യകതയെയും കുറിച്ച് പരിശോധിക്കാം.
2040ഓടെ മരണനിരക്ക് പ്രതിവർഷം 2.5% കുറയ്ക്കുകയും, 2.5 ദശലക്ഷം പേരുടെ ജീവൻ രക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലൂന്നിയാണ് ലോകാരോഗ്യ സംഘടന 2021ൽ ഗ്ലോബൽ ബ്രെസ്റ്റ് കാൻസർ ഇനിഷ്യേറ്റീവ് (GBCI) ആരംഭിച്ചത്. രോഗം നേരത്തെ തിരിച്ചറിയൽ, ചികിത്സ നൽകൽ, സമഗ്രമായ സ്തനാർബുദ മാനേജ്മെൻ്റ് എന്നിവയാണ് ഈ പദ്ധതിയുടെ മൂന്ന് പ്രധാന പ്രവർത്തന മേഖലകൾ.
സ്തനാർബുദ സാധ്യത കൂടുതൽ ആർക്കെല്ലാം?
- 50 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകളിലാണ് സ്തനാർബുദം കൂടുതലായി കണ്ടുവരുന്നത്. എന്നിരുന്നാലും ചെറുപ്പക്കാരായ സ്ത്രീകളെയും സ്തനാർബുദം ബാധിക്കുന്നു.
- ഗർഭനിരോധന ഗുളികകൾ, ആർത്തവം നീട്ടി വയ്ക്കാനുള്ള ഗുളികകൾ എന്നിവ സ്ഥിരമായി കഴിക്കുന്നവർ
- തുടർച്ചയായി ഹോർമോൺ പുനരുദ്ധാരണ ചികിത്സ നടത്തുന്നവർ
- കൊഴുപ്പ് കൂടിയ ഭക്ഷണം, മാംസം, മദ്യം തുടങ്ങിയവ അമിത അളവിൽ സ്ഥിരമായി കഴിക്കുന്നവർ
- സ്തനങ്ങളിൽ അർബുദമല്ലാത്ത ഇത്തരം മുഴകൾ നീക്കം ചെയ്തവർക്ക്
- മുപ്പത് വയസിന് ശേഷം ആദ്യ പ്രസവം കഴിഞ്ഞ സ്ത്രീകളിൽ
സ്തനാർബുദത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ
- വേദനയുള്ളതോ അല്ലാത്തതോ വിവിധ വലുപ്പത്തിലുള്ളതോ ആയ മുഴകൾ, കല്ലിപ്പ് തുടങ്ങിയവ
- സ്തനാകൃതിയിലെ വ്യത്യാസം
- ആർത്തവങ്ങൾക്കല്ലാതെ സ്തനങ്ങളിൽ ഉണ്ടാകുന്ന വേദന
- സ്തനങ്ങളുടെ തൊലിപ്പുറത്തുണ്ടാകുന്ന നിറവ്യത്യാസം, വ്രണങ്ങൾ, കുത്തുകൾ പോലെയുള്ള പാടുകൾ
- മുലക്കണ്ണ് അകത്തേയ്ക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ
- സ്തനങ്ങളിൽ നിന്ന് രക്തമയമുള്ളതോ അല്ലാത്തതോ ആയ സ്രവങ്ങൾ വരിക
- കക്ഷത്തിലും കഴുത്തിലും ഉണ്ടാകുന്ന മുഴകൾ, വീക്കം എന്നിവ
ALSO READ: ജോലിക്ക് പോകുന്നവരാണോ നിങ്ങൾ? കേട്ടിട്ടുണ്ടോ അൺഹാപ്പി ലീവിനെ കുറിച്ച്?
വേദനയുള്ള വീക്കം സ്തനത്തിൽ പ്രകടമായാലും ഡോക്ടറെ കാണാൻ വൈകിക്കുന്ന ആളുകളുണ്ട്. പലപ്പോഴും ഭയമോ അല്ലെങ്കിൽ നിഷേധാത്മക സ്വഭാവമോ ആണ് ഈ നിസാരമാക്കുന്നതിന് പിന്നിലെന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ, ലക്ഷണങ്ങൾ കണ്ട് വിദഗ്ധ ചികിത്സയ്ക്കെത്തുന്നവരിൽ പത്ത് ശതമാനം ആളുകൾ തുടർ ചികിത്സ വൈകിപ്പിക്കുന്നില്ലെന്നും പഠനത്തിൽ പറയുന്നുണ്ട്.