
പകുതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണൻ പൊലീസിന് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. പകുതി വില തട്ടിപ്പ് പ്ലാൻ ബി ആയിരുന്നുവെന്ന് അനന്തു കൃഷ്ണൻ മൊഴി നൽകി. കേന്ദ്ര പദ്ധതികളായിരുന്നു ആദ്യം ലക്ഷ്യമിട്ടത്. എംഎസ്എംഇ പദ്ധതികളിലൂടെ പണം തട്ടാൻ ശ്രമിച്ചു, ശ്രമം പരാജയപ്പെട്ടത്തോടെ പകുതിവില തട്ടിപ്പിലേക്ക് തിരിഞ്ഞെന്നും അനന്തു കൃഷ്ണൻ മൊഴി നൽകി.
സിഎസ്ആർ ഫണ്ട് അപേക്ഷിച്ച് 200 കമ്പനികൾക്ക് അപേക്ഷ നൽകി. ആരും മറുപടി നൽകിയില്ല. ആനന്ദകുമാറിനെ സമീപിച്ചത് സിഎസ്ആർ കണ്ടെത്താനാണ്, എന്നാൽ പണം ലഭിച്ചില്ല. സിഎസ്ആർ ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആളുകളിൽ നിന്നും പണം വാങ്ങിയതെന്നും മൊഴിയിൽ പറയുന്നുണ്ട്. പണം ഉപയോഗിച്ച് ഇടുക്കി, കോട്ടയം ജില്ലകളിലായി 1.50 കോടിയുടെ സ്ഥലവും, രണ്ട് ഇനോവ ക്രിസ്റ്റ കാറും വാങ്ങിയെന്നും അനന്തു കൃഷ്ണൻ മൊഴി നൽകി. 2019ൽ അനന്തുവിനെതിരെ ഇടുക്കിയിൽ വഞ്ചന കേസ് രജിസ്റ്റർ ചെയ്തിരുന്നു. അനന്തു മൂന്ന് ദിവസം റിമാൻഡിൽ കഴിയുകയും ചെയ്തിരുന്നു.
അതേസമയം, പകുതി വില തട്ടിപ്പിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളും പ്രതിപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ആലപ്പുഴയിൽ കായംകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സിപിഎം വനിതാ നേതാക്കളെ പ്രതി ചേർത്തത്. മുൻസിപ്പൽ കൗൺസിലറെയും ലോക്കല്‍ കമ്മിറ്റി അംഗത്തെയും മൂന്നു കേസുകളിലാണ് പ്രതി ചേർത്തത്. പ്രതികളുടെ മേൽവിലാസം ഒഴിവാക്കിയാണ് എഫ്ഐആർ തയ്യാറാക്കായിരുന്നത്.
പകുതി വില തട്ടിപ്പ് കേസിൽ സിഎസ്ആർ നൽകുമെന്ന് അനന്തു കൃഷ്‌ണൻ പറഞ്ഞ കമ്പനികളോട് വിവരങ്ങൾ തേടുമെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു. കസ്റ്റഡിയിൽ ചോദ്യം ചെയ്യുമ്പോഴും സിഎസ്ആർ ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതി അനന്തുകൃഷ്ണൻ ശ്രമിച്ചത്. ഇതോടെയാണ് സിഎസ്ആർ ഫണ്ട് നൽകുമെന്ന് അനന്തുകൃഷ്ണൻ പറഞ്ഞ കമ്പനികളോട് വിവരങ്ങൾ തേടാൻ പൊലീസ് തീരുമാനിച്ചത്.
നിലവിൽ പ്രധാനപ്പെട്ട കമ്പനികളുടെ പേര് അനന്തു കൃഷ്‌ണന്റെ ബാങ്ക് സ്റ്റേറ്റ്മെമെന്റുകളിൽ ഇല്ല. സിഎസ്ആർ തുക ഒന്നും വന്നിട്ടില്ല എന്നാണ് പൊലീസ് നിഗമനം. അതേസമയം, ഉന്നത ബന്ധങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അനന്തുകൃഷ്ണൻ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കുന്നത്തുന്നാട്ടിൽ നിന്നുള്ള 130 പേരുടെ പരാതിയിൽ ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാരിയർ സൊസൈറ്റി എന്ന ചാരിറ്റബിൾ സംഘം നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പറവൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ അനന്തു കൃഷ്ണനൊപ്പം ഒരു ഡോക്ടറും പ്രതിയാണ്. ജനസേവ ട്രസ്റ്റിന്റെ ചെയർമാൻ ഡോക്ടർ മധുവിനെയാണ് പ്രതി ചേർത്തത്. 42 പരാതികളിലാണ് പറവൂരിൽ കേസ് എടുത്തത്. എറണാകുളം റൂറലിൽ 800 പരാതി ലഭിച്ചതിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 15 കേസുകളാണെന്ന് എസ്പി വൈഭവ് സക്സേന പറഞ്ഞു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.