എറണാകുളം സ്വദേശി അൽ അമീന്റെ പരാതിയിൽ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ആണ് വഞ്ചന കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്
കൈക്കൂലി കേസിൽ പിടിയിലായ ആർടിഒയ്ക്കും, ഭാര്യയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. എറണാകുളം ആർടിഒ ആയിരുന്ന ജെർസൺ ടി.എം, ഭാര്യ റിയ ജെർസൺ എന്നിവർക്കെതിരെ കോടതി ഉത്തരവ് പ്രകാരം ഇന്ത്യൻ പീനൽ കോഡ് 406, 420, 506 r/w 34 എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
എറണാകുളം സ്വദേശി അൽ അമീന്റെ പരാതിയിൽ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ആണ് വഞ്ചന കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. ബിസിനസിൽ പങ്കാളി ആക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 75 ലക്ഷത്തോളം വിലവരുന്ന തുണിത്തരങ്ങൾ അൽ അമീന്റെ അമ്മ നടത്തിയിരുന്ന സ്ഥാപനത്തിൽ നിന്നും തട്ടിയെടുത്തു എന്നായിരുന്നു പരാതി.
തട്ടിപ്പുമായി ബന്ധപ്പെട്ട് അൽ അമീൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും സെൻട്രൽ പൊലീസിനും പരാതി നൽകിയിരുന്നെങ്കിലും ഇവർ കേസെടുക്കാൻ തയ്യാറല്ലായിരുന്നു. പിന്നാലെയാണ് അൽ അമീൻ എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. തുടർന്ന് ജേഴ്സണതിരെ കേസെടുക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.
എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറാണ് ജെഴ്സൺ ടി.എം. ഇയാൾ നേരത്തെ കൈക്കൂലിക്കേസിൽ പിടിക്കപ്പെട്ടിരുന്നു. ചെല്ലാനം സ്വദേശി നൽകിയ പരാതിക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. റൂട്ട് പെർമിറ്റ് ലഭിക്കാനായി 5,000 രൂപ കൈക്കൂലി ചോദിച്ചെന്നായിരുന്നു ഇയാൾക്കെതിരായ കേസ്. കൈക്കൂലി കേസിൽ പിടിയിലായതിന് പിന്നാലെ ജേഴ്സൺ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ആർടിഒ ജേഴ്സണിൻ്റ പേരിലുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകളാണ് വിജിലൻസ് മരവിപ്പിച്ചത്. ജേഴ്സണ് പണം നൽകിയതിന്റെ രേഖകൾ കണ്ടെത്തി.
ALSO READ: കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പുക ശ്വസിച്ച് മരണം? അടിയന്തര മെഡിക്കൽ യോഗം രാവിലെ
വീട്ടിൽ അനധികൃതമായി 49 കുപ്പി വിദേശമദ്യം സൂക്ഷിച്ചതിനെതിരെ എക്സൈസും ജേഴ്സണെതിരെ നടപടിയെടുത്തിരുന്നു. ബസിന് റൂട്ട് പെർമിറ്റ് അനുവദിക്കാനടക്കമാണ് ആർടിഒ കൈക്കൂലിയായി പണവും മദ്യവും വാങ്ങിയത്. കൈക്കൂലിയായി ലക്ഷക്കണക്കിന് രൂപ വാങ്ങിയെന്നും ആരോപണമുണ്ട്.