
യുഎസുമായുള്ള പഴയ ബന്ധം അവസാനിച്ചുവെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. "സമ്പദ്‌വ്യവസ്ഥകളുടെ ആഴത്തിലുള്ള സംയോജനം, കർശന സുരക്ഷ, സൈനിക സഹകരണം, എന്നിവയുടെ അടിസ്ഥാനത്തിലാണ് യുഎസുമായുള്ള പഴയ ബന്ധം അവസാനിപ്പിച്ചതെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ഡൊണാൾഡ് ട്രംപ് കാർ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ അധിക താരിഫുകൾ മറ്റ് രാജ്യങ്ങൃളെല്ലാം നിശിതമായി വിമർശിച്ച് കൊണ്ടിരിക്കുകയാണ്. ഈ സമയത്താണ് യുഎസുമായുള്ള പഴയ ബന്ധം അവസാനിച്ചുവെന്ന് പ്രധാനമന്ത്രി ഒറ്റവാക്കിൽ കാര്യം വ്യക്തമാക്കിയത്. ട്രംപിൻ്റെ കാർ താരിഫുകൾ "ന്യായീകരിക്കാനാവാത്തത്" എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, അവ രാജ്യങ്ങൾ തമ്മിലുള്ള നിലവിലുള്ള വ്യാപാര കരാറുകളുടെ ലംഘനമാണെന്നും കൂട്ടിച്ചേർത്തു.
"ഈ പുതിയ താരിഫുകളോടുള്ള ഞങ്ങളുടെ പ്രതികരണം പോരാടുക എന്നതാണ്, സംരക്ഷിക്കുക എന്നതാണ്, കെട്ടിപ്പടുക്കുക എന്നതാണ്," കാർണി വ്യക്തമാക്കി. "യുഎസിൽ പരമാവധി സ്വാധീനം ചെലുത്തുന്നതും, എന്നാൽ കാനഡയിൽ ഏറ്റവും കുറഞ്ഞ ആഘാതം സൃഷ്ടിക്കുന്നതുമായ പ്രതികാര വ്യാപാര നടപടികളിലൂടെ ഞങ്ങൾ യുഎസ് താരിഫുകളെ നേരിടും", കാർണി വെളിപ്പെടുത്തി
1965-ൽ ഒപ്പുവച്ച കാനഡ-യുഎസ് ഓട്ടോമോട്ടീവ് ഉൽപ്പന്ന കരാറിനെ, കാർണി തൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കരാർ എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ട്രംപ് നടപ്പാക്കാനൊരുങ്ങുന്ന താരിഫിൻ്റെ പ്രഖ്യാപനത്തോടെ അത് അവസാനിച്ചുവെന്നും കാർണി പറഞ്ഞു. കാനഡക്കാർക്ക് അമേരിക്കയുമായി ശക്തമായ വ്യാപാര ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.
കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 25% തീരുവയും എല്ലാ അലുമിനിയം, സ്റ്റീൽ ഇറക്കുമതികൾക്കും 25% തീരുവയും യുഎസ് ഇതിനകം ഭാഗികമായി ചുമത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് യുഎസിലേക്ക് വരുന്ന കാറുകൾക്കും കാർ പാർട്‌സുകൾക്കും 25% പുതിയ ഇറക്കുമതി തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്.ഏപ്രിൽ 2 മുതൽ പുതിയ താരിഫ് പ്രാബല്യത്തിൽ വരുമെന്നും വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്ന ബിസിനസുകൾക്ക് അടുത്ത ദിവസം മുതൽ നിരക്കുകൾ ഈടാക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു.
താരിഫ് നല്ലൊരു ആശയമല്ലെന്നായിരുന്നു ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞത്. അവ മൂല്യ ശൃംഖലകളെ തകർക്കുകയും, പണപ്പെരുപ്പം സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിൻ്റെ തീരുമാനം പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കുന്നതിനായി യൂറോപ്യൻ കമ്മീഷനുമായി ചേർന്ന് പാരീസ് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ട്രംപിൻ്റെ തീരുമാനം തെറ്റാണെന്ന് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസും പ്രതികരിച്ചു. പരാജിതർ മാത്രം ഒടുങ്ങുന്ന ഒരു പാതയാണ് വാഷിംഗ്ടൺ തിരഞ്ഞെടുത്തിരിക്കുന്നത്, എന്നും അദ്ദേഹം പറഞ്ഞു.