ഇംഗ്ലണ്ടിനെ പഞ്ഞിക്കിട്ട് അഫ്ഗാനിസ്ഥാന്‍; റെക്കോഡ് ടീം ടോട്ടല്‍, സദ്രാന്റെ 177 റണ്‍സും ചരിത്രം

ഓപ്പണര്‍ ഇബ്രാഹിം സദ്രാന്റെ സെഞ്ചുറിയാണ് അഫ്ഗാന്‍ ഇന്നിങ്സിന് സൗന്ദര്യം പകര്‍ന്നത്
ഇംഗ്ലണ്ടിനെ പഞ്ഞിക്കിട്ട് അഫ്ഗാനിസ്ഥാന്‍; റെക്കോഡ് ടീം ടോട്ടല്‍, സദ്രാന്റെ 177 റണ്‍സും ചരിത്രം
Published on

ചാംപ്യന്‍സ് ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് 326 റണ്‍സ് വിജയലക്ഷ്യം കുറിച്ച് അഫ്ഗാനിസ്ഥാന്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 325 റണ്‍സ് നേടിയത്. ഓപ്പണര്‍ ഇബ്രാഹിം സദ്രാന്റെ സെഞ്ചുറിയാണ് അഫ്ഗാന്‍ ഇന്നിങ്സിന് സൗന്ദര്യം പകര്‍ന്നത്. ഐസിസിയുടെ 50 ഓവര്‍ മത്സരത്തിലെ അഫ്ഗാന്റെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണിത്. ഇംഗ്ലണ്ട് ബൗളര്‍മാരെല്ലാം തല്ലുവാങ്ങിയ മത്സരത്തില്‍ ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് നേടി, ലിയാം ലിവിങ്സ്റ്റണ്‍ രണ്ടും, ജമീ ഓവര്‍ട്ടണ്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ രണ്ടു ടീമിനും വിജയം അനിവാര്യമായ മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് ആദ്യം ബാറ്റെടുത്തത്. എന്നാല്‍ തുടക്കം പാളി. ആര്‍ച്ചര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ രണ്ട് വിക്കറ്റുകള്‍ അഫ്ഗാന് നഷ്ടമായി. ആദ്യ പന്തില്‍ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ് വീണു. 15 പന്തില്‍ ആറ് റണ്‍സായിരുന്നു ഗുര്‍ബാസിന്റെ സമ്പാദ്യം. അഞ്ചാം പന്തില്‍ സെദിഖുല്ല അതല്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി.നാല് പന്തില്‍ നാല് റണ്‍സായിരുന്നു അതല്‍ നേടിയിരുന്നത്. അപ്പോഴേക്കും സദ്രാന്‍ ബാറ്റിങ്ങില്‍ താളം കണ്ടെത്തിയിരുന്നു. ഹാഷ്മതുള്ള ഷഹീദി (40), അസ്മതുള്ള ഒമര്‍സായ് (41), മുഹമ്മദ് നബി (40) എന്നിവരെ കൂടെക്കൂട്ടി സദ്രാന്‍ അഫ്ഗാനെ വലിയ സ്കോറിലേക്ക് നയിച്ചു. അവസാന ഓവറിലെ ആദ്യ പന്തിലാണ് സദ്രാന്റെ റണ്‍വേട്ട അവസാനിച്ചത്. ലിവിങ്സ്റ്റണിന്റെ പന്തില്‍ ആര്‍ച്ചര്‍ ക്യാച്ചെടുത്ത് പുറത്താക്കുമ്പോള്‍, 146 പന്തില്‍ 177 റണ്‍സ് സദ്രാന്‍ അടിച്ചെടുത്തിരുന്നു. 12 ഫോറും ആറ് സിക്സും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിങ്സ്. ഓരോ റണ്ണുമായി ഗുല്‍ബദിന്‍ നയീബും റാഷിദ് ഖാനും പുറത്താകാതെ നിന്നു.

2023 ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ നേടിയ അഞ്ചിന് 291 റണ്‍സായിരുന്നു അഫ്ഗാന്റെ ഏറ്റവും വലിയ ടീം ടോട്ടല്‍. ഇംഗ്ലണ്ടിനെതിരായ കൂറ്റന്‍ സ്കോറിലൂടെ അഫ്ഗാന്‍ ചരിത്രം തിരുത്തിയെഴുതി. ചാംപ്യന്‍സ് ട്രോഫിയില്‍ ഒരു അഫ്ഗാന്‍ താരത്തിന്റെ ആദ്യ സെഞ്ചുറിയാണ് സദ്രാന്‍ സ്വന്തമാക്കിയത്. മാത്രമല്ല, ചാംപ്യന്‍സ് ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും സദ്രാന്‍ സ്വന്തം പേരിലാക്കി. കഴിഞ്ഞദിവസം ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ബെന്‍ ഡക്കറ്റ് കുറിച്ച 165 റണ്‍സിന്റെ റെക്കോഡാണ് സദ്രാന്‍ തിരുത്തിക്കുറിച്ചത്.

ഗ്രൂപ്പ് ബിയില്‍ ഓരോ മത്സരങ്ങള്‍ തോറ്റ ഇംഗ്ലണ്ടും അഫ്ഗാനും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്. മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയുമുള്ള ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും മൂന്ന് പോയിന്റുമായി ആദ്യ രണ്ട് സ്ഥാനങ്ങളിലുണ്ട്. സെമി പ്രവേശത്തിന് ഇനിയുള്ള ഓരോ മത്സരങ്ങളിലെ ജയവും മറ്റു ടീമുകളുടെ തോല്‍വിയുമൊക്കെ പ്രധാനമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com