"കുടുംബ തര്‍ക്കത്തിനിടെ അയല്‍വാസിയാണ് ആസിഡ് ഒഴിച്ചത്. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റു, കണ്ണുകള്‍ നഷ്ടപ്പെട്ടു"
കാഫി എന്ന പെണ്‍കുട്ടിക്ക് ആസിഡ് ആക്രമണത്തില്‍ കണ്ണുകള്‍ നഷ്ടപ്പെടുന്നത് തന്റെ മൂന്നാമത്തെ വയസിലാണ്. കുടുംബ തര്‍ക്കത്തിനിടെ അയല്‍വാസിയാണ് ആസിഡ് ഒഴിച്ചത്. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റു, കണ്ണുകള്‍ നഷ്ടപ്പെട്ടു. എന്നാല്‍ അതൊന്നും അവളെ തളര്‍ത്തിയില്ല. ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമായി കഠിനാധ്വാനം ചെയ്ത കാഫി സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ 95.6 ശതമാനം മാര്‍ക്കോടെയാണ് പാസായിരിക്കുന്നത്.
ആക്രമണത്തിനിരയായ കാഫിയെ വര്‍ഷങ്ങളോളം മാതാപിതാക്കള്‍ ചികിത്സിച്ചു. പിന്നീട് ഛണ്ഡീഗഡിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബ്ലൈന്‍ഡില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചു. ഹരിയാന സെക്രട്ടറിയേറ്റില്‍ പ്യൂണ്‍ ആണ് കാഫിയുടെ പിതാവ് പവന്‍. അമ്മ ജോലിക്ക് പോകുന്നില്ല. കാഫിയുടെ മാതാപിതാക്കള്‍ അഞ്ചാം ക്ലാസ് വരെ മാത്രമാണ് പഠിച്ചത്. എന്നാല്‍ തങ്ങളുടെ ഗതി മകള്‍ക്കുണ്ടാവരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. അതുകൊണ്ട് തന്നെ കാഫിയെ അവര്‍ പഠിപ്പിച്ചു.
ALSO READ: കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; മന്ത്രി വിജയ് ഷായ്‌ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി
ചികിത്സ നടന്നു കൊണ്ടരിക്ക പത്ത് വയസായപ്പോള്‍ കാഫിയെ രണ്ടാം ക്ലാസില്‍ നിന്നും നേരെ ആറാം ക്ലാസിലേക്കാണ് ചേര്‍ത്തിയത്. ആദ്യം അത് വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷെ പിന്നീട് കഠിനാധ്വാനം ചെയ്ത് പഠിച്ചപ്പോൾ എല്ലാം എളുപ്പമായി തോന്നിയെന്നും കാഫി പറയുന്നു.
തനിക്ക് ഐഎഎസുകാരിയാവാനാണ് ആഗ്രഹം. ദിവസവും 2-3 മണിക്കൂര്‍ വരെ പഠിക്കും. പ്ലസ് വണ്ണിന് ഹ്യൂമാനിറ്റീസ് ആണ് കാഫി പഠിച്ചത്. പത്താം ക്ലാസ് പരീക്ഷയിലും കാഫി ഉന്നത വിജയമാണ് കൈവരിച്ചത്. 95.2 ശതമാനമായിരുന്നു കാഫി സ്വന്തമാക്കിയത്. പഠിച്ച് വലിയ ആളായാല്‍ തന്റെ നീതിക്കായി സ്വയം പൊരുതമാമെന്ന ആത്മവിശ്വാസത്തില്‍ കൂടിയാണ് കാഫി.