മന്ത്രിക്കെതിരെ ഇന്ന് വൈകുന്നേരത്തിനുള്ളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഡിജിപി കോടതിയലക്ഷ്യ നിയമപ്രകാരം നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്
കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ മന്ത്രി കുൻവർ വിജയ് ഷായ്‌ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി. കേണൽ സോഫിയ ഖുറേഷി ഭീകരരുടെ സഹോദരിയെന്നാണ് ബിജെപി മന്ത്രി പറഞ്ഞത്. മന്ത്രിയുടെ പരമാർശം പ്രഥമദൃഷ്ട്യാ കുറ്റമാണെന്ന് കോടതി അറിയിച്ചു.
ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന ഏതൊരു പ്രവൃത്തിയെയും കുറ്റകരമാക്കുന്ന ബിഎൻഎസ് സെക്ഷൻ 152 പ്രകാരം പ്രഥമദൃഷ്ട്യാ കുറ്റമാണെന്ന് ജസ്റ്റിസ് അതുൽ ശ്രീധരൻ , ജസ്റ്റിസ് അനുരാധ ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
ഇസ്ലാം മതവിശ്വാസിയായ കേണൽ ഖുറേഷിയെ "ഭീകരരുടെ സഹോദരി" എന്ന് പരിഹസിച്ചത് പ്രഥമദൃഷ്ട്യാ കുറ്റമാണെന്ന് കോടതി അറിയിച്ചെന്ന് ലൈവ് ലോ റിപ്പോർട്ട് ചെയ്തു. മന്ത്രിക്കെതിരെ ഇന്ന് വൈകുന്നേരത്തിനുള്ളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് കോടതി ഡിജിപിക്ക് നിർദേശം നൽകി. ഇക്കാര്യത്തിൽ ഡിജിപി എന്തെങ്കിലും വീഴ്ച വരുത്തിയാൽ കോടതിയലക്ഷ്യ നിയമപ്രകാരം നടപടി നേരിടേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
"നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം അവർ തുടച്ചുമാറ്റി. അവരെ പാഠം പഠിപ്പിക്കാൻ അവരുടെ സഹോദരിയെ തന്നെ നമ്മൾ ഉപയോഗിച്ചു," മന്ത്രി പറഞ്ഞു. ഷായുടെ പരാമർശങ്ങൾ വർഗീയ സ്വഭാവമുള്ളതും അവഹേളിക്കുന്നതുമാണ്. ആയതിനാൽ ഗുരുതരമായ ക്രിമിനൽ വകുപ്പുകൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കണമെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്.
കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശത്തിൽ പത്തു തവണ മാപ്പു പറയാൻ തയ്യാറെന്ന് മന്ത്രി കുൻവർ വിജയ് ഷാ അറിയിച്ചിരുന്നു. ഷായുടെ പരാമർശങ്ങൾ വ്യാപകമായ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. "അങ്ങേയറ്റം അപമാനകരവും ലജ്ജാകരവും അശ്ലീലവുമായ പരാമർശങ്ങൾ" നടത്തിയെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
"ബിജെപി-ആർഎസ്എസ് മനോഭാവം എപ്പോഴും സ്ത്രീവിരുദ്ധമാണ്. അവർ ആദ്യം,പഹൽഗാമിൽ രക്തസാക്ഷിത്വം വരിച്ച നാവിക ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് നേരെ സൈബർ ആക്രമണം നടത്തി. പിന്നീട് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചു. ഇപ്പോൾ സോഫിയ ഖുറേഷിയെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തുന്നു" ഖാർഗെ പറഞ്ഞു.
കേണൽ സോഫിയ ഖുറേഷിക്ക് നേരെയുണ്ടായ അപകീർത്തികരമായ പരാമർശങ്ങളെ ദേശീയ വനിതാ കമ്മീഷൻ ശക്തമായി അപലപിച്ചിരുന്നു. " ഉത്തരവാദിത്തമുള്ള ചില വ്യക്തികൾ സ്ത്രീകളെ അപമാനിക്കുന്നതും അസ്വീകാര്യവുമായ പ്രസ്താവനകൾ നടത്തുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഇത് നമ്മുടെ സമൂഹത്തിലെ സ്ത്രീകളുടെ അന്തസ്സിനെ വ്രണപ്പെടുത്തുക മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷയിൽ നിർണായക പങ്ക് വഹിക്കുന്ന രാഷ്ട്രത്തിൻ്റെ പെൺമക്കളെ അപമാനിക്കുകയും ചെയ്യുന്നു", വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ വിജയ രഹത്കർ എക്സിൽ കുറിച്ചു.