പാലക്കാട് തെരഞ്ഞെടുപ്പിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ; പിന്തുണയുമായി രമേശ് ചെന്നിത്തല

എന്നാൽ സഹോദരനെ പോലെ കാണുന്നയാളാണ് ചാണ്ടി ഉമ്മനെന്നാണ് വിഷയത്തിലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം
പാലക്കാട് തെരഞ്ഞെടുപ്പിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ; പിന്തുണയുമായി രമേശ് ചെന്നിത്തല
Published on

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ. എല്ലാവർക്കും ചുമതല നൽകിയെന്നും തനിക്ക് മാത്രം തെരഞ്ഞെടുപ്പ് ചുമതല നൽകിയില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഇതേക്കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. എന്നാൽ സഹോദരനെ പോലെ കാണുന്നയാളാണ് ചാണ്ടി ഉമ്മനെന്നാണ് വിഷയത്തിലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം. പുനഃസംഘടന അടുത്തിരിക്കെ നേതൃത്വത്തോടുള്ള അതൃപ്തി ചാണ്ടി ഉമ്മൻ അതൃപ്തി പരസ്യമാക്കിയത് കോൺഗ്രസിൽ വീണ്ടും ചർച്ചയാകുകയാണ്.


ചാണ്ടി ഉമ്മൻ പരസ്യമാക്കിയ അതൃപ്തി രഹസ്യമായി പിന്തുണച്ചുകൊണ്ട് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. എല്ലാവർക്കും തെരഞ്ഞെടുപ്പ് ചുമതല നൽകിയിട്ടുണ്ടെന്നാണ് കരുതിയതെന്ന് ചെന്നിത്തല പറഞ്ഞു. ചാണ്ടി ഉമ്മനുമായി സംസാരിക്കാമെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് നേതൃത്വം ശ്രമിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

എന്നാൽ ചാണ്ടി ഉമ്മനുമായി ഭിന്നതയില്ലെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പ്രതികരണം. താൻ സഹോദരനെപ്പോലെ കാണുന്നയാളാണ് ചാണ്ടി ഉമ്മൻ. പാലക്കാട്ടെ തെരഞ്ഞെടുപ്പ് പരിപാടികളിൽ ചാണ്ടി ഉമ്മൻ പങ്കെടുത്തിരുന്നെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അതേസമയം പാലക്കാട് ചുമതല നൽകിയത് മുതിർന്ന നേതാക്കൾക്കും കെപിസിസി ഭാരവാഹികൾക്കുമാണെന്നാണ് പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ പറഞ്ഞത്.

തിരുവഞ്ചൂർ രാധാകൃഷ്ണനും വിഷയത്തിൽ പ്രതികരിച്ചു. ചാണ്ടി ഉമ്മൻ്റെ അതൃപ്തിക്ക് പിന്നിൽ എന്താണെന്ന് പാർട്ടി നേതൃത്വം പരിശോധിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. ചാണ്ടിയുമായി സ്ഥിരം സംസാരിക്കുന്ന ആളാണ് താനെന്നും ഒരാളുടെ മനസ്സിന് വിഷമം ഉണ്ടായെങ്കിൽ ആ വിഷയം പരിഹരിച്ചു തന്നെ മുന്നോട്ട് പോകുമെന്നും തിരുവഞ്ചൂർ പറഞ്ഞു.

പുനഃസംഘടന എന്നാൽ ചേരി തിരിവിനുള്ള അവസരമല്ലെന്നും സംഘടന ഇന്ന് മെച്ചപ്പെട്ട നിലയിൽ മുന്നോട്ട് പോകുന്നെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞെങ്കിലും, കോൺഗ്രസിൽ പലതരം അസ്വസ്ഥതകൾ ഉണ്ടെന്ന് കെ മുരളീധരനും നേരത്തെ പറഞ്ഞിരുന്നു. പുനഃസംഘടന വരാനിരിക്കെ കോൺഗ്രസിൽ നിന്ന് പുറത്തുവരുന്ന പരസ്യമായ അതൃപ്തി പരാമർശങ്ങൾ നേതൃത്വത്തിന് തലവേദനയായേക്കും.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com