ഗാസയില്‍ സംഘർഷങ്ങള്‍ ഒരുവർഷം പിന്നിടുമ്പോള്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അരലക്ഷത്തിലേക്ക് എത്തിയിരിക്കുകയാണ്
13 മാസം നീണ്ട ഇസ്രയേലിന്‍റെ അധിനിവേശ ആക്രമണങ്ങളില്‍ ഗാസയിലിതു വരെ കൊല്ലപ്പെട്ടത് 43,712 പേർ. ഹിസ്ബുള്ളയ്ക്കെതിരെ ലബനനില്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ കൊലപ്പെട്ടത് 3,287 പേരും. പല ലോകരാജ്യങ്ങളും 'തീവ്രവാദ സംഘടനകളായി' പ്രഖ്യാപിച്ച സായുധ സംഘങ്ങള്‍ക്കെതിരാണ് പോരാട്ടമെന്ന് ഇസ്രയേല്‍ അവകാശപ്പെടുമ്പോഴും, മരിച്ചു വീഴുന്നത് സാധാരണക്കാരായ മനുഷ്യരാണ്.
ബുധനാഴ്ച, ലബനനിലെ ചൗഫ് ജില്ലയിലെ ജോഊന്‍ ഗ്രാമത്തിൽ യുദ്ധത്തില്‍ കൊല്ലപ്പെട്ടവർക്കുവേണ്ടി ചേർന്ന പ്രത്യേക പ്രാർഥനായോഗത്തില്‍, ഉറ്റവരുടെ ജീവനറ്റ ശരീരം തോളിലേന്തിയവരുടെ വിലാപം മറ്റേല്ലാ ശബ്ദങ്ങളെയും അണച്ചുകളഞ്ഞു. കൊല്ലപ്പെട്ടവരൊക്കെ ദൈവത്തോട് ചേരുന്നുവെന്നായിരുന്നു ആവരുടെ പ്രാർഥനകളുടെ അർഥം. ഹിസ്ബുള്ള പതാക നെഞ്ചില്‍ പുതച്ചെങ്കിലും കൊല്ലപ്പെട്ടവരാരും പോരാളികളായിരുന്നില്ല. നിരപരാധികളായ കുട്ടികള്‍ പോലുമെങ്ങനെ ഇസ്രയേലിന് ശത്രുക്കളായെന്ന് ഉറ്റവരെ നഷ്ടപ്പെട്ടവർ വേദനയോടെ ചോദിച്ചു.
15 പേരാണ് ഇസ്രയേൽ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലബനന്‍ മന്ത്രാലയത്തിന്‍റെ കണക്കില്‍ കൊല്ലപ്പെട്ടവരില്‍ പോരാളികളെത്ര സാധാരണക്കാരെത്ര എന്ന് വേർതിരിവില്ലാത്തതിനാല്‍ ഇസ്രയേലിനും വിശദീകരണം കൊടുക്കേണ്ടി വരുന്നില്ല. ഗാസയില്‍ യുദ്ധമാരംഭിച്ചതു മുതല്‍ ഹിസ്ബുള്ള-ഇസ്രയേല്‍ ഏറ്റുമുട്ടലുകളുണ്ടായിരുന്നു. എന്നാല്‍ ഗൊലാന്‍ കുന്നുകളിലെ ആക്രമണത്തോടെ സെപ്റ്റംബർ അവസാനത്തോടെ സാധാരണക്കാരിലേക്കും ആക്രമണത്തിന്‍റെ ആഘാതങ്ങളെത്തി. ഹിസ്ബുള്ളയുടെ ഉന്നത നേതാക്കളെയടക്കം ഇസ്രയേല്‍ വധിച്ചെങ്കിലും കടുത്ത വ്യോമാക്രമണം ഇപ്പോഴും തുടരുകയാണ്. അതും ജനവാസ മേഖലകളില്‍.
Also Read: യുവേഫ ലീഗിൽ ഫ്രാന്‍സ്-ഇസ്രയേല്‍ പോരാട്ടം; കടുത്ത സുരക്ഷാ ക്രമീകരണങ്ങളൊരുക്കി ഫ്രഞ്ച് സർക്കാർ
ഗാസയില്‍ സംഘർഷങ്ങള്‍ ഒരുവർഷം പിന്നിടുമ്പോള്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അരലക്ഷത്തിലേക്ക് എത്തിയിരിക്കുകയാണ്. അഭയാർഥി കേന്ദ്രങ്ങളിലേക്കും വീടുകളിലേക്കും വരെ മിസൈൽ തൊടുത്തു വിടുന്നതിന് ഇസ്രയേലിന് ന്യായമുണ്ട്. സാധാരണക്കാർക്കിടയില്‍ ഹമാസ് പോരാളികള്‍ ഒളിച്ചിരിക്കുന്നുവെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേനയുടെ വാദം. ആശുപത്രികളുടെയും സ്കൂളുകളുടെയും മറവില്‍ ഹമാസിന്‍റെ ആയുധ കേന്ദ്രങ്ങളുണ്ടെന്നും ഇവർ ആരോപിക്കുന്നു. എന്നാല്‍, ബുധനാഴ്ച ദേർ അൽ-ബലാഹിലെ അഭയാർഥി കൂടാരങ്ങളിലേക്ക് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട 14കാരന്‍ ഹമാസ് അംഗമല്ലായിരുന്നു. നസ്റത്തിലെ വീടിനു നേരെ നടന്ന ആക്രമണത്തില്‍ ആ 14കാരൊപ്പം 4 പേരും കൊല്ലപ്പെട്ടു.
സുരക്ഷിതമായ മേഖലകളിലേക്ക് മാറി താമസിക്കണമെന്ന് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ടെന്ന് ഇസ്രയേല്‍ പറയുന്നുണ്ടെങ്കിലും ഗാസയില്‍ ഇപ്പോള്‍ സുരക്ഷിത മേഖല എന്നൊന്നില്ല എന്നാണ് ഐക്യരാഷ്ട്രസഭ തന്നെ പറയുന്നത്. കുടിയൊഴിക്കപ്പെട്ടവർക്ക് ലഭിക്കുന്ന സഹായം പോലും തടയപ്പെടുന്നു. പട്ടിണി ആയുധമാക്കി പോലും വംശഹത്യയെന്ന് വിളിക്കാവുന്ന അതിക്രമം ഇസ്രയേല്‍ ഗാസയില്‍ നടത്തുന്നതെന്നാണ് യുഎന്‍ പ്രത്യേക കമ്മിറ്റി നടത്തിയ നിരീക്ഷണം.