
പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപങ്ങളെ ഗൗരവത്തോടെ സമീപിച്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ അന്വേഷണം നടക്കുന്നതിനിടെ അദ്ദേഹത്തിന് പലരീതിയില്‍ മാറ്റമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. അൻവർ പുതിയ പാർട്ടി ഉണ്ടാക്കുമെങ്കിൽ ഉണ്ടാക്കട്ടെ, അതിനെയും നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പി.വി. അന്‍വര്‍ ഇതൊക്കെ തുടങ്ങുമ്പോള്‍ തന്നെ മനസിലായിട്ടുണ്ടല്ലോ. നമ്മള്‍ ആ ധാരണ അല്ലല്ലോ പ്രകടിപ്പിച്ചത്. അദ്ദേഹം ഒരു എംഎല്‍എയാണ്. ആ ഗൗരവത്തില്‍ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. അന്വേഷണം ഫലപ്രദമായി നടന്നുവരുന്നു. അതിനിടയ്ക്ക് അദ്ദേഹം പതുക്കെ മാറി വരുന്നതാണ് കണ്ടത്. ആ മാറ്റം നേരെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും വിടുന്നു എന്ന നിലയിലേക്ക് എത്തി. ആ ഘട്ടം കഴിഞ്ഞ് ഏതെല്ലാം തെറ്റായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുമോ ആ രീതിയിലെല്ലാമുള്ള ശ്രമം നടന്നു,' മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ എല്ലാ കാലത്തും തങ്ങള്‍ സ്വീകരിക്കുന്ന നിലപാട് വര്‍ഗീയതയ്ക്ക് എതിരാണ് എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ രാഷ്ട്രീയമായി എതിരിടുന്നവര്‍ ചിലപ്പോള്‍ പരസ്യമായി സമ്മതിച്ചെന്ന് വരില്ല. ഇതില്‍ ഏറ്റവും അമര്‍ഷമുള്ളവര്‍ വര്‍ഗീയ ശക്തികളാണ്. അതില്‍ ഭൂരിപക്ഷ വര്‍ഗീയതയുണ്ട്, ന്യൂനപക്ഷ വര്‍ഗീയതയുമുണ്ട്. ഈ വര്‍ഗീയ ശക്തികള്‍ എൽഡിഎഫിനെതിരെ എങ്ങനെ നീക്കാന്‍ പറ്റുമെന്ന കാര്യങ്ങള്‍ ചെയ്യാറുണ്ട്. തങ്ങളുടെ കൂടെ അണിനിരക്കുന്നവരെ പിന്തിരിപ്പിക്കുന്നതിന് പല ശ്രമങ്ങളും നടത്താറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ഞങ്ങള്‍ മറ്റേ വര്‍ഗീയതയുടെ കൂടെയാണ് എന്ന് ആരോപിച്ച് രണ്ട് വര്‍ഗീയത പ്രചരിപ്പിക്കുന്നവരും രംഗത്തെത്താറുണ്ട്. ഇത്തരത്തില്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം അടുത്ത കാലത്തായി അന്‍വറും ചേര്‍ന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ ഒട്ടേറെ പ്രസ്താവനകളിലൂടെ മനസിലാകുന്നത്. അതില്‍ ഞങ്ങള്‍ക്ക് ആശ്ചര്യമൊന്നുമില്ല. അത് സ്വാഭാവിക പരിണാമമാണ്. ഇനി പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് നീക്കമെങ്കില്‍ അതും ചെയ്യട്ടെ. അതിനെയും നേരിടും,' മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അന്‍വര്‍ അദ്ദേഹത്തിന്റെ ലക്ഷ്യം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. അത് സിപിഎമ്മും എല്‍ഡിഎഫും എല്‍ഡിഎഫ് സര്‍ക്കാരുമാണ്. ഇതിന്റെ എല്ലാം പ്രതീകമായി നില്‍ക്കുന്നയാളാണ് താന്‍ എന്നുള്ളതുകൊണ്ട് തന്നെ തനിക്കെതിരെയും ആരോപണം ഉന്നയിച്ചു എന്ന് വരും. അത് ഒരുപാട് കാലമായി ഉന്നയിച്ചു കൊണ്ടിരിക്കുകയാണല്ലോ. അതില്‍ പ്രകോപിതനായി മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി. ശശിക്കെതിരായ അന്‍വര്‍ ഉന്നയിക്കുന്ന ആരോപണത്തിലും മുഖ്യമന്ത്രി മറുപടി പറഞ്ഞു. പി. ശശിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് അന്‍വറിന്റെ ശീലത്തില്‍പ്പെട്ട കാര്യങ്ങള്‍ ആയിരിക്കും. അതൊന്നും തങ്ങളുടെ ഓഫീസിലുള്ള ആള്‍ക്ക് ബാധകമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്‍വറിന്റെ ബിസിനസ് ഡീലുകളില്‍ പല ഇടപാടുകളും ഉണ്ടാവുമായിരിക്കും. അതിന്റെ ഭാഗമായി ഇത്തരത്തിലുള്ള ഒത്തുതീര്‍പ്പുകളോ കൂട്ടുകെട്ടുകളോ ഉണ്ടാകാം. തങ്ങളുടെ ഓഫീസില്‍ ഉള്ളവര്‍ ആരും ഇത്തരത്തില്‍ ബിസിനസ് ഒത്തു തീര്‍പ്പുകള്‍ ഉണ്ടാക്കാന്‍ നടക്കുന്നവരല്ല. അന്‍വറിന്റെ ആക്ഷേപങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.