യുഡിഎഫ് ഇല്ലാതാക്കാൻ ശ്രമിച്ച പദ്ധതികളാണ് എൽഡിഎഫ് ഇപ്പോൾ നടപ്പാക്കുന്നതെന്നും പിണറായി പറഞ്ഞു
പിണറായി വിജയൻ
എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ ദേശീയപാത വികസനം നേട്ടമായി എടുത്തുപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലയിടത്ത് റോഡ് തകർന്നതോടെ എൻഎച്ച് വികസനം തടസപ്പെടുമെന്ന ചില ദുഷ്ട മനസുകളുടെ ആഗ്രഹം മനഃപ്പായസമായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാത അതോറിറ്റി സ്വീകരിക്കുന്ന തിരുത്തൽ നടപടികളെ പിന്തുണയ്ക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുക. യുഡിഎഫ് ഇല്ലാതാക്കാൻ ശ്രമിച്ച പദ്ധതിയാണ് എൽഡിഎഫ് ഇപ്പോൾ നടപ്പാക്കുന്നതെന്നും പിണറായി പറഞ്ഞു. സമ്മേളനത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
2016ൽ യുഡിഎഫിന് ഭരണത്തുടർച്ച ലഭിച്ചിരുന്നെങ്കിൽ സംഭവിച്ചിരിക്കുക എന്തെന്ന് വിശദീകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി എൽഡിഎഫിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞത്. ആരോഗ്യം, വിദ്യാഭ്യാസം, പൊതുവികസനം എന്നിങ്ങനെ സകല മേഖലകളേയും സ്പർശിച്ചായിരുന്നു പിണറായിയുടെ പ്രസംഗം. 2016ൽ യുഡിഎഫ് അധികാരത്തിൽ തുടർന്നിരുന്നെങ്കിൽ പൊതുവിദ്യാഭ്യാസ രംഗത്ത് ഈ മാറ്റം ഉണ്ടാകുമായിരുന്നോ? പൊതുവിദ്യാഭ്യാസ രംഗം തകർന്ന നിലയാകുമായിരുന്നു. എൽഡിഎഫ് അധികാരത്തിൽ വന്നതിനാൽ പൊതുവിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കാനായി. ആരോഗ്യരംഗത്തും 2016ൽ വലിയ തകർച്ചയായിരുന്നു. എൽഡിഎഫ് ആരോഗ്യ രംഗത്തിൻ്റെ ഉന്നതി ലക്ഷ്യമായി കാണുകയുണ്ടായി. ആർദ്രം മിഷനിലൂടെ കോവിഡ് അടക്കമുള്ള മഹാമാരികളെ നേരിടാനായതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Also Read: കണ്ണൂരിലും ദേശീയപാതയിൽ വിള്ളൽ; കണ്ടെത്തിയത് കോത്തായി മുക്കിനും പുതിയങ്കാവിനും ഇടയിൽ
"കോവിഡ് വന്നപ്പോൾ ലോകം ആകെ അതിന് മുന്നിൽ വിറങ്ങലിച്ചു നിന്നു. എന്നാൽ രാജ്യവും ലോകവും കേരളത്തെ അത്ഭുതാദരങ്ങളോടെ നോക്കി നിന്നു. കാരണം കോവിഡിന്റെ മൂർദ്ധന്യദശയിലും കേരളം ഒരുക്കിയ ആരോഗ്യ സജ്ജീകരണങ്ങൾ മികച്ചു നിന്നു. ഒന്നിനും കുറവുണ്ടായില്ല. നമ്മുടെ ആശുപത്രികളിൽ ഓക്സിജൻ ബെഡുകൾ ഒഴിവുണ്ടായിരുന്നു, ഐസിയു ബെഡുകൾ ഒഴിവുണ്ടായിരുന്നു. എന്തിനധികം പറയുന്നു വെന്റിലേറ്റർ ഒഴിവുണ്ടായിരുന്നു. മറ്റ് സ്ഥലങ്ങളിലേത് പൊലുള്ള ദയനീയ സാഹചര്യം കേരളത്തിൽ ഉണ്ടായില്ല. അതിനു സാധിച്ചത് കോവിഡ് വരുമെന്ന് കണക്കാക്കി നാം ഒരുക്കിയ സൗകര്യങ്ങൾ കാരണമല്ല. ജനങ്ങൾക്ക് മതിയായ ചികിത്സാ സൗകര്യം ഒരുക്കാൻ കഴിയണമെന്ന കാഴ്ചപ്പാടോടെ ആർദ്രം മിഷൻ നടപ്പാക്കിയതിനാലാണ്. യുഡിഎഫ് അധികാരത്തിൽ തുടർന്നിരുന്നെങ്കിൽ ആശുപത്രികൾ പലതും ഇല്ലാതാകുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു. അതിൽ നിന്ന് നമുക്ക് കരകയറാൻ സാധിച്ചത് എൽഡിഎഫ് അധികാരത്തിൽ വരികയും തുടർ ഭരണം ലഭിച്ചതിനാലുമാണ്," മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫിന്റെ ഭരണകാലത്ത് കേരളത്തിന്റെ പുരോഗതി തടസപ്പെട്ടുവെന്ന് പിണറായി ആരോപിച്ചു. "എവിടെ നോക്കിയാലും നേരെ ചൊവ്വെ സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥ. മറ്റ് എല്ലായിടങ്ങളിലും നല്ല രീതിയിൽ നടപ്പാക്കപ്പെട്ട ദേശീയപാതപോലും കേരളത്തിൽ യാഥാർഥ്യമായില്ല. കേരളത്തിൽ നടപ്പാക്കേണ്ട ഒട്ടേറെ പദ്ധതികൾ നടപ്പാക്കാൻ തയ്യാറായില്ല. നാടും നാട്ടുകാരും നിരാശരായി. എന്റെ നാട് ഇങ്ങനെ ആയിപ്പോയി, ഇതിൽ നിന്ന് മാറ്റം ഉണ്ടാകില്ല. ആർക്കും ഇത് മാറ്റാനാകില്ല എന്ന ശാപവചനം പലരും ഉരുവിടുന്ന ഘട്ടം. അപ്പോഴാണ് മാറ്റം ഉണ്ടാക്കുമെന്ന വാഗ്ദാനം എൽഡിഎഫ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്," പിണറായി പറഞ്ഞു.
2016ൽ എൽഡിഎഫ് അധികാരത്തിൽ എത്തുമ്പോഴേക്കും നാഷണൽ ഹൈവേ അതോറിറ്റി നാടുവിട്ടു പോയിരുന്നു. നിർഭാഗ്യകരമായ സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചത്. അതിനാൽ പദ്ധതി തടസപ്പെട്ടു. നാഷണൽ ഹൈവേ അതോറിറ്റിയെ എൽഡിഎഫ് തിരികെ വിളിച്ചു. കേരളത്തിലെ ഭൂമിവില ഉയർന്നതാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകണമെന്ന് എൻഎച്ച്എഐ ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
"മറ്റെല്ലായിടങ്ങിലും നല്ല റോഡുകളും നമുക്ക് മാത്രം ഗ്രാമീണ റോഡുകളേക്കാള്‍ മോശമായ ദേശീയപാതയും. നമ്മുടെ നാടിന്റെ ഗതാഗത സൗകര്യത്തിനും പൊതുവായ വികസനത്തിനും ദേശീയപാത വികസിക്കേണ്ടത് ഒഴിച്ചുകൂടാനാകാത്ത ആവശ്യമായിരുന്നു. അതുകൊണ്ട് അവരുടെ വ്യവസ്ഥകൾക്ക് നാം വിധേയരാകേണ്ടി വന്നു. ഒത്തുതീർപ്പ് ചർച്ചയിൽ, ഏറ്റെടുക്കുന്ന ഭൂമിയുടെ വിലയിൽ 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കാൻ തീരുമാനമായി. അതിനു മുൻപ് ഒരിടത്തും അത് ഉണ്ടായിട്ടില്ല. അതിനു ശേഷവും," പിണറായി പറഞ്ഞു. 5,600 കോടി രൂപ നാഷണൽ ഹൈവേയ്ക്ക് നൽകേണ്ടി വന്നു. യുഡിഎഫ് സർക്കാർ കാണിച്ച കെടുകാര്യസ്ഥതയുടെ പിഴയാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദേശീയപാത വികസനം നല്ല രീതിയിൽ നടക്കുമ്പോഴാണ് നിർമാണവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായതെന്ന് പിണറായി വിജയൻ പറഞ്ഞു. അത് സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണ് എന്ന് സ്ഥാപിക്കാനാണ് ശ്രമം. യുഡിഎഫും ബിജെപിയും ആണ് അത് ഒരുപോലെ നടത്തുന്നത്. പരിഹാസ്യമാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ മുടങ്ങിക്കിടന്ന, ഇവിടെ യാഥാർഥ്യം ആകില്ലെന്നു കരുതിയ നാഷണൽ ഹൈവേ യാഥാർഥ്യം ആകും എന്ന നില എൽഡിഫ് സർക്കാരിന് ഉണ്ടാക്കാൻ കഴിഞ്ഞു. യുഡിഎഫ് ആയിരുന്നെങ്കിൽ ഈ ഒൻപത് വർഷം കൊണ്ട് നാം ഏറെ പുറകിലേക്ക് പോകുമായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദേശീയപാതയുടെ നിർമാണഘട്ടത്തിലുണ്ടായ സാങ്കേതിക തകരാറുകളുമായി ബന്ധപ്പെട്ട് ഗൗരവമായ പരിശോധന നാഷണൽ ഹൈവേ അതോറിറ്റി തന്നെ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഏതെങ്കിലും സ്ഥലത്ത് പ്രശ്നങ്ങൾ ഉണ്ടായി എന്ന് പറഞ്ഞ് ദേശീയപാത ആകെ പൊളിഞ്ഞുപോകുമെന്ന് കാണേണ്ടതില്ല. ആ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം കേന്ദ്രത്തെ അറിയിക്കും. തുടർ പ്രവർത്തനത്തിന് ആവശ്യമായി എല്ലാ പിന്തുണയും നൽകുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.