
എഡിജിപി എം.ആര്‍. അജിത് കുമാര്‍ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പി.വി. അന്‍വര്‍ എംഎല്‍എയുടെ പരാതി ഗൗരവത്തോടെ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ മുന്‍വിധി വേണ്ടെന്നും അന്വേഷണം നടക്കട്ടെയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഉച്ചയോടെ സെക്രട്ടേറിയറ്റിലെത്തി പി.വി. അന്‍വര്‍ സംഭവ വികാസങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. വിവാദ ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരായ കേസ് അന്വേഷണം അട്ടിമറിച്ച സംഭവവും അന്‍വര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ വ്യക്തമായ തെളിവുകള്‍ ഇനിയും ഉണ്ടെന്നും മുഖ്യമന്ത്രിയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും പി.വി. അന്‍വര്‍ പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ കോപ്പി സിപിഎം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് നല്‍കുമെന്നും അന്‍വർ അറിയിച്ചിരുന്നു.
എഡിജിപി അജിത് കുമാറിനെ മാറ്റി നിർത്തണോ എന്ന് സർക്കാർ തീരുമാനിക്കട്ടെ. തെളിവുകൾ മുഖ്യമന്ത്രിക്ക് കൈമാറി. സഖാവ് എന്ന നിലയിൽ തൻ്റെ ഉത്തരവാദിത്തം കഴിഞ്ഞെന്നും അൻവർ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എഡിജിപി എം.ആര്‍ അജിത് കുമാർ, എസ്‍പി സുജിത് ദാസ് എന്നിവർക്കെതിരെ സ്വർണക്കടത്തക്കമുള്ള ഗുരുതര ആരോപണങ്ങള്‍ പി.വി. അന്‍വര്‍ ഉന്നയിച്ചിരുന്നു.