മുഖ്യമന്ത്രിയുടെ 'രക്ഷാപ്രവർത്തന' പരാമർശം; പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്, അന്വേഷണ റിപ്പോർട്ട് ഉടൻ നൽകും

എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്  അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്
മുഖ്യമന്ത്രിയുടെ 'രക്ഷാപ്രവർത്തന' പരാമർശം; പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്, അന്വേഷണ റിപ്പോർട്ട് ഉടൻ നൽകും
Published on

നവകേരള സദസിനിടെയുണ്ടായ മുഖ്യമന്ത്രിയുടെ 'രക്ഷാപ്രവർത്തന' പരാമർശത്തിൽ അന്വേഷണ റിപ്പോർട്ട് ഉടൻ നൽകും. അടുത്തയാഴ്ച സിജെഎം കോടതിയിലാണ് റിപ്പോർട്ട് നൽകുക. എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്  അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തന പരാമർശത്തിൽ എറണാകുളം സിജെഎം കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിരുന്നത്. ഡിസംബര്‍ ഏഴിനാണ് ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുന്ന പക്ഷം തുടര്‍ നടപടികള്‍ക്ക് കോടതി നിര്‍ദേശം നല്‍കും.

മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തന പരാമശത്തിനെതിരെ എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിന്റെ പരാതിയിൽ കഴമ്പില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരായ മറ്റിടങ്ങളിലെ പൊലീസ് നടപടികൾ ക്രമസമാധാനപാലനത്തിന്റെ ഭാഗമാണെന്നും അതിൽ നിയമപരിരക്ഷയുണ്ടെന്നും റിപ്പോർട്ടിലുണ്ട് .വിവാദ പരാമർശം നടത്തിയത് എറണാകുളം സിജെഎം കോടതിയുടെയും, സെൻട്രൽ സ്റ്റേഷന്റെയും പരിധിയിൽ അല്ല.

കല്യാശേരിയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന മറ്റിടങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായിട്ടില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.എറണാകുളം സി ജെ എം കോടതിയുടെ നിർദ്ദേശപ്രകാരം സെൻട്രൽ പോലീസ് നടത്തിയ അന്വേഷണത്തിലെ നിർണായക വിവരങ്ങൾ ആണ് പുറത്തുവന്നിട്ടുള്ളത്. മുഖ്യമന്ത്രി നടത്തിയത് കലാപാഹ്വാനമാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായി DCC പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

നവകേരളസദസിൻ്റെ ഭാഗമായ മുഖ്യമന്ത്രിയുടെ യാത്രക്കിടെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാരും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് മർദിച്ചിരുന്നു. ആലപ്പുഴയിലും കോതമംഗലത്തും ഉൾപ്പെടെ ഇത്തരത്തിലുള്ള സംഭവങ്ങൾ അരങ്ങേറിയിരുന്നെങ്കിലും മുഖ്യമന്ത്രി ഇതിനെ രക്ഷാപ്രവർത്തനമെന്നാണ് വിശേഷിപ്പിച്ചത്. പ്രതിഷേധക്കാർ വാഹനത്തിനടിയിൽ വീഴാതിരിക്കാനുള്ള അത്തരം രക്ഷാപ്രവർത്തനം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എറണാകുളം ഡിസിസിപ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് കോടതിയെ സമീപിച്ചത്. പരസ്യമായ കലാപാഹ്വാനമാണ് മുഖ്യമന്ത്രി നടത്തിയതെന്നും, ആക്രമണത്തെ ന്യായികരിക്കുകയാണ് ചെയ്തതെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com