ഇഡി ഉദ്യോഗസ്ഥനെതിരായ വിജിലൻസ് കേസ്: ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരൻ

അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെ കൂടാതെ കേസ് ഒത്തുതീർപ്പാക്കാൻ കൂടുതൽ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി എന്നാണ് അനീഷ് ബാബുവിൻ്റെ വെളിപ്പെടുത്തൽ
ഇഡി ഉദ്യോഗസ്ഥനെതിരായ വിജിലൻസ് കേസ്: ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരൻ
Published on

ഇഡി കേസ് ഒതുക്കാൻ കോഴ ആവശ്യപ്പെട്ട കേസിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ വെളിപ്പെടുത്തലുമായി പരാതിക്കാരനായ കശുവണ്ടി വ്യാപാരി അനീഷ് ബാബു. അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെ കൂടാതെ കേസ് ഒത്തുതീർപ്പാക്കാൻ കൂടുതൽ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി എന്നാണ് അനീഷ് ബാബുവിൻ്റെ വെളിപ്പെടുത്തൽ. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആഭ്യന്തര അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന് വിജിലൻസും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ഇഡി രജിസ്റ്റർ ചെയ്ത കേസ് ഒതുക്കിതീർക്കണമെന്ന് ആവശ്യപ്പെട്ട് ചോദ്യം ചെയ്യലിനിടെ അസഭ്യം പറഞ്ഞെന്നും മോശമായി പെരുമാറിയെന്നുമാണ് കേസിലെ പരാതിക്കാരൻ അനീഷ് ബാബു പറയുന്നത്. മലയാളി ഉദ്യോഗസ്ഥനായ രാധാകൃഷ്ണൻ ഭീഷണിപ്പെടുത്തി. ഇഡി ഉദ്യോഗസ്ഥരുടെ അറിവോടെയാണ് കേസ് ഒത്തുതീർപ്പാക്കാൻ കോഴ വാങ്ങിയതെന്നും അനീഷ് പറഞ്ഞു. ഏജന്റ്മാർക്ക് മാത്രം അറിയാവുന്ന തന്റെ നമ്പറിലേക്ക് ഇഡി ഉദ്യോഗസ്ഥർ വിളിച്ചു. സമാന അനുഭവമുള്ള പലരെയും തനിക്കറിയാമെന്നും ഈ തെളിവുകളെല്ലാം വിജിലൻസിന് കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരൻ കൂട്ടിച്ചേർത്തു.

ALSO READ: ഇഡി ഉദ്യോഗസ്ഥനെതിരായ വിജിലൻസ് കേസ്: ആഭ്യന്തര അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്


വിഷയത്തിൽ ഇഡി ഡയറക്ടർ, കൊച്ചി സോണൽ ഓഫീസിനോട് റിപ്പോർട്ട് തേടിയിരിക്കുകയാണ്. ഇഡി അയച്ച സമൻസ് വിവരം പുറത്തുപോയതിലും അന്വേഷണം തുടങ്ങി. അഡീഷണൽ ഡയറക്ടറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി സ്വീകരിക്കുക. കോഴക്കേസ് അന്വേഷിക്കാൻ വിജിലൻസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർ കുമാറിനെതിരായ ഡിജിറ്റൽ തെളിവുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ഉദ്യോഗസ്ഥന് നോട്ടീസ് നൽകിയേക്കും. ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് ആണ് പ്രധാന ഇടനിലക്കാരനെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. അതിനിടെ കൂടുതൽ തട്ടിപ്പുകളെ കുറിച്ച് മൂന്നു പേർ കൂടി വിജിലൻസിന് വിവരം നൽകി.



കൊല്ലം സ്വദേശിയായ അനീഷ് ബാബുവിൻ്റെ കേസ് ഒഴിവാക്കുന്നതിനായി കൈക്കൂലി വാങ്ങാൻ ശ്രമിച്ചെന്നാണ് ഇഡി ഉദ്യോഗസ്ഥനെതിരായ കേസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർ കുമാറാണ് കേസൊതുക്കാൻ ഇടനിലക്കാർ മുഖേന രണ്ട് കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്. അനീഷ് ബാബുവിനെതിരെ ഇഡിക്ക് ഒരു അജ്ഞാത പരാതി ലഭിച്ചിരുന്നു. ഈ പരാതി അന്വേഷിച്ചതാവട്ടെ ഇഡി അസി. ഡയറക്ടർ ശേഖർ കുമാറാണ്. ഇതോടെയാണ് തമ്മനം സ്വദേശി വിൽസൺ രംഗ പ്രവേശം ചെയ്യുന്നത്. കശുവണ്ടി വ്യാപാരിയുടെ കേസൊതുക്കാൻ രണ്ടു കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ വീണ്ടും സമൻസ് വരുമെന്ന വിവരവും വിൽസൺ അനീഷിനോട് പറഞ്ഞു.

പിന്നാലെ അനീഷിന് ഇഡി ഓഫീസിൽ നിന്ന് സമൻസ് എത്തുകയും ചെയ്തു. 2 തവണയാണ് വിൽസൺ അനീഷിനെ നേരിൽ കണ്ടത്. ആദ്യ തവണ കലൂർ സ്റ്റേഡിയത്തിന് മുന്നിലും, രണ്ടാമത് ഇഡി ഓഫീസ് നില നിൽക്കുന്ന പി.ടി. ഉഷ റോഡിൽ വച്ചും. അപ്പോഴും രണ്ട് കോടി രൂപ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് കശുവണ്ടി വ്യാപാരി വിജിലൻസിനെ സമീപിച്ചത്. വിജിലൻസിൻ്റെ നിർദ്ദേശപ്രകാരം അനീഷ് രണ്ട് ലക്ഷം രൂപ വിൽസന് കൈമാറി. പിന്നെ അറസ്റ്റിന് താമസിക്കേണ്ടി വന്നില്ല.


കേസിൽ അറസ്റ്റിലായ മുകേഷ് പറഞ്ഞത് അനുസരിച്ചാണ് ഇഡി അസിസ്റ്റൻറ് ഡയറക്ടർ ശേഖർ കുമാറിലേയ്ക്ക് എത്തിയത്. ശേഖർ കുമാറാണ് കേസ് വിവരങ്ങൾ മറ്റ് പ്രതികളെ അറിയിച്ചതും വ്യാപാരിയെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെടാൻ ഗൂഢാലോചന നടത്തിയതും. വിജിലൻസ് അന്വേഷണത്തിൽ ശേഖർ കുമാറും പിടിയിലായ പ്രതികളും തമ്മിൽ നിരവധി തവണ പണമിടപാട് നടന്നിട്ടുണ്ടെന്ന് വ്യക്തമായി. ശേഖർ കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് വിജിലൻസ്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com