അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർ കുമാറിനെതിരായ ആരോപണം പരിശോധിക്കുമെന്നും, സമൻസ് വിവരം പുറത്തുപോയതിലും അന്വേഷണം നടത്തുമെന്നും ഇഡി അറിയിച്ചു
ഇഡി ഉദ്യോഗസ്ഥനെതിരായ വിജിലൻസ് കേസിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. അന്വേഷണത്തിൻ്റെ ഭാഗമായി ഇഡി ഡയറക്ടർ, കൊച്ചി സോണൽ ഓഫീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർ കുമാറിനെതിരായ ആരോപണം പരിശോധിക്കുമെന്നും, സമൻസ് വിവരം പുറത്തുപോയതിലും അന്വേഷണം നടത്തുമെന്നും ഇഡി അറിയിച്ചു. അഡീഷണൽ ഡയറക്ടറിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും തുടർനടപടിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കശുവണ്ടി വ്യാപാരിയുടെ കേസ് ഒതുക്കിത്തീർക്കാന്‍ കൈക്കൂലി വാങ്ങാൻ ശ്രമിച്ച കേസിൽ ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. ഇടനിലക്കാർ മുഖേന ഇയാൾ രണ്ട് കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് കണ്ടെത്തൽ.
ALSO READ: കശുവണ്ടി വ്യാപാരിയുടെ കേസ് ഒഴിവാക്കുന്നതിന് കൈക്കൂലി വാങ്ങാൻ ശ്രമിച്ചു; ഇഡി ഉദ്യോഗസ്ഥൻ ഒന്നാം പ്രതി
ഇതിനുപിന്നാലെ ഇഡിക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉയർന്നിരുന്നു. സാമ്പത്തിക ഇടപാട് കേസ് ഒത്തു തീർപ്പാക്കാൻ ഇഡി ഉദ്യോഗസ്ഥർ പണം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് കൊല്ലം കടപ്പാക്കട സ്വദേശിയും മോഡേൺ ഗ്രൂപ്പ് ചെയർമാനുമായ ജയിംസ് ജോർജ് രംഗത്തെത്തിയിരുന്നു.
2016 ലെ സാമ്പത്തിക ഇടപാട് കേസ് ഒത്തുതീർപ്പാക്കാൻ ഇഡിയുടെ ഇടനിലക്കാർ സമീപിച്ചെന്നാണ് ജയിംസ് ജോർജിൻ്റെ ആരോപണം. മോഹനൻ എന്ന കൊല്ലത്തുനിന്നുള്ള ഒരു ഇഡി ഉദ്യോഗസ്ഥനാണ് കൈക്കൂലി ആവശ്യപ്പെട്ട് ഉപദ്രവിച്ചതെന്ന് ജയിംസ് ജോർജ് പറയുന്നു. തിരുവനന്തപുരത്ത് നിന്ന് ഒരു അലിയാണ് ബന്ധപ്പെട്ടത്. ഇയാൾ ഒരു കോടി രൂപ ആവശ്യപ്പെട്ടെന്നും താനിത് നിരസിച്ചുവെന്നും ജയിംസ് ജോർജ് വ്യക്തമാക്കി.