"ജില്ലാ പഞ്ചായത്ത് സ്ഥലം വാങ്ങിയതിന് പിന്നിൽ അഴിമതി"; പി.പി. ദിവ്യക്കെതിരെ ആരോപണവുമായി മുഹമ്മദ് ഷമ്മാസ്

ബിനാമി കമ്പനിക്ക് വഴിവിട്ടാണ് കരാർ നൽകിയത്. സ്‌കൂളുകളിൽ കുടുംബശ്രീ കിയോസ്കുകൾ സ്ഥാപിച്ചതിലും അഴിമതിയുണ്ടെന്ന് ഷമ്മാസ് ആരോപിച്ചു
"ജില്ലാ പഞ്ചായത്ത് സ്ഥലം വാങ്ങിയതിന് പിന്നിൽ അഴിമതി"; പി.പി. ദിവ്യക്കെതിരെ ആരോപണവുമായി മുഹമ്മദ് ഷമ്മാസ്
Published on

പി.പി. ദിവ്യക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. ജില്ലാ പഞ്ചായത്ത് സ്ഥലം വാങ്ങിയതിന് പിന്നിൽ അഴിമതിയെന്ന് ഷമ്മാസ് ആരോപിച്ചു. ബിനാമി കമ്പനിക്ക് വഴിവിട്ടാണ് കരാർ നൽകിയത്. സ്‌കൂളുകളിൽ കുടുംബശ്രീ കിയോസ്കുകൾ സ്ഥാപിച്ചതിലും അഴിമതിയുണ്ടെന്ന് ഷമ്മാസ് ആരോപിച്ചു. ദിവ്യക്കെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയെന്നും മുഹമ്മദ് ഷമ്മാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തനിക്കും കുടുംബത്തിനുമെതിരെ വ്യാജ ആരോപണം നടത്തിയ കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി.പി. ദിവ്യ നേരത്തെ പ്രതികരിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി കോൺ​ഗ്രസ്, യൂത്ത് കോൺ​ഗ്രസ് നേതാക്കൾ തനിക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തുകയാണ്. തന്റെ ഭർത്താവ് ഏക്കർ കണക്കിന് ഭൂമി വാങ്ങിയെന്ന് ഷമ്മാസ് തെളിയിക്കണമെന്നും ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ദിവ്യ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.

ദിവ്യ കണ്ണൂർ ജില്ലാ നിർമ്മിതി കേന്ദ്രയ്ക്ക് 10.47 കോടി രൂപയുടെ നിർമ്മാണ കരാറുകൾ നേരിട്ടു നൽകിയിട്ടുണ്ടെന്ന് മുഹമ്മദ് ഷമ്മാസ് നേരത്തെ ആരോപിച്ചിരുന്നു. ജില്ലാ കളക്ടർ ചെയർമാനും പി.പി. ദിവ്യ ഗവേണിങ്ങ് ബോഡി അംഗവുമായ ജില്ലാ നിർമ്മിതി കേന്ദ്രയ്ക്കാണ് കോടികളുടെ കരാർ പ്രവൃത്തികൾ നേരിട്ട് ലഭിച്ചത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ നടന്ന പ്രവൃത്തികളിൽ ഏറ്റവും കൂടുതൽ തുകയുടെ കരാർ നിർമ്മിതി കേന്ദ്രയ്ക്ക് ലഭിച്ചത് അരുൺ കെ. വിജയൻ ജില്ലാ കളക്ടറായിരുന്ന കാലയളവിലാണെന്നും കളക്ടറുടെ ഇടപെടലുകളിൽ സംശയം ഉണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും മുഹമ്മദ്‌ ഷമ്മാസ് ആരോപിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com