ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ല, ആരോപണം അവജ്ഞയോടെ തള്ളിക്കളയുന്നു: മുഖ്യമന്ത്രി

തോട്ടടയിൽ ആർഎസ്എസ് ശാഖ സിപിഎം തകർക്കാൻ ശ്രമിച്ചപ്പോൾ കോൺഗ്രസുകാർ ആൾക്കാരെ നൽകിയെന്നും പിണറായി വിജയൻ ആരോപിച്ചു
ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ല, ആരോപണം അവജ്ഞയോടെ തള്ളിക്കളയുന്നു: മുഖ്യമന്ത്രി
Published on

ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ആർഎസ്എസ് കൊലപ്പെടുത്തിയത് സിപിഎമ്മുകാരെയാണ്. സിപിഎമ്മിനെ ദുർബലപ്പെടുത്തി ജനങ്ങളിലേക്ക് നുഴഞ്ഞുകേറാം എന്ന് ആർഎസ്എസ് വിചാരിച്ചു. എന്നാൽ, സിപിഎം അത് സമ്മതിച്ചില്ല. സിപിഎം പതറിപ്പോയിട്ടില്ല. വർഗീയതയെ ഒറ്റപ്പെടുത്താനുള്ള നടപടി ആണ് സിപിഎം എടുത്തത്. എന്നിട്ട് ആ പാർട്ടിയെ നോക്കിയാണ് ആർഎസ്എസ് ബന്ധം ആരോപിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.

ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിൽക്കുന്നത് കോൺഗ്രസ്‌ നേതാവാണെന്നും അത് സൗകര്യപൂർവം മറക്കരുതെന്നും പിണറായി വിജയൻ പറഞ്ഞു. ആർഎസ്എസ് ശാഖ സംരക്ഷിക്കുന്നതിന് ആളുകളെ വിട്ടുനൽകിയത് കെപിസിസി പ്രസിഡൻ്റാണ്. തോട്ടടയിൽ ആർഎസ്എസ് ശാഖ സിപിഎം തകർക്കാൻ ശ്രമിച്ചപ്പോൾ കോൺഗ്രസുകാർ ആൾക്കാരെ നൽകിയെന്നും പിണറായി വിജയൻ ആരോപിച്ചു.

Read More:അധികാരത്തിൽ തുടരാൻ അർഹതയില്ല, സാംസ്കാരിക വകുപ്പ് മന്ത്രി രാജി വയ്ക്കണം: എം.എം. ഹസന്‍


സംഘ പരിവാറിന് എതിരെ തലശ്ശേരി കലാപ കാലത്ത് ആരാധനാലയങ്ങൾ സംരക്ഷിക്കാൻ കമ്മ്യൂണിസ്റ്റുകാർ കാവൽ നിന്നിട്ടുണ്ട്. സംഘ പരിവാറിനെ തടഞ്ഞപ്പോൾ ജീവൻ നഷ്ടപെട്ട യു.കെ. കുഞ്ഞിരാമനെ ഓർക്കുന്നില്ലേ? ആർഎസ്എസിൻ്റെ തലതൊട്ടപ്പൻ ഗോൾവാൾക്കറിൻ്റെ ജന്മശദാബ്ദി ആഘോഷം തൊഴുത് കുമ്പിട്ടത് ആരാണെന്ന് ഓർക്കണം. ബാബരി മസ്ജിദ് രാം ലല്ലയ്ക്ക് വേണ്ടി തുറന്നുകൊടുക്കാൻ തീരുമാനിച്ചത് രാജീവ് ഗാന്ധിയാണ്. അപ്പോൾ ആർക്കാണ് ആർഎസ്എസ് ചായ്‌വെന്നും പിണറായി വിജയൻ ചോദിച്ചു.

ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ കേന്ദ്ര ആഭ്യന്തര സെക്രട്ടറി മാധവ് ഗോഡ്ബോളെ പ്രതിഷേധ സൂചകമായി ജോലിയിൽ നിന്നും വിരമിച്ചു. അതിന് ശേഷം അദ്ദേഹം ഒരു പുസ്തകം എഴുതി. അതിൽ രാജീവ്‌ ഗാന്ധിയെ രണ്ടാം കർസേവകൻ എന്നാണ് ഇദ്ദേഹം പുസ്തകത്തിൽ വിശേഷിപ്പിച്ചത്. ഞങ്ങൾക്ക് ഇത്ര വൃത്തികെട്ട ചരിത്രം ഇല്ലെന്നും പിണറായി വിജയൻ പറഞ്ഞു.

കട്ടപിടിച്ച സംഘ പരിവാർ മനസാണ് കോൺഗ്രസിനെന്നും മുഖ്യമന്ത്രി ആരോപിച്ചു. ശ്രീരാമനെ വാഴ്ത്തിയ രാഹുൽ ഗാന്ധിയെ മറക്കരുത്. അയോധ്യയിലെ ഭൂമിപൂജ ഐക്യത്തിനാണ് എന്ന് പറഞ്ഞത് പ്രിയങ്ക ഗാന്ധിയാണ്. അയോധ്യയിൽ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസം കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളും ആഘോഷിച്ചെന്നും പിണറായി വിജയൻ ആരോപിച്ചു. ഒരു വർഗീയതയോടും വിട്ടുവീഴ്ച ഇല്ലാത്ത സമീപനമാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. ആർഎസ്എസ് ബന്ധം ആരോപിക്കാമെന്ന വ്യാമോഹം വേണ്ട. ആരോപണം തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com