റഷ്യൻ എഴുത്തുകാരൻ വ്ലാഡിമിർ മയകോവ്‌സ്‌കിക്ക് ബെര്‍ടോള്‍ഡ് ബ്രെഹ്ത് എഴുതിയ സ്മരണക്കുറിപ്പ് പങ്കുവെച്ചാണ് രാഗേഷിൻ്റെ ഫേസ്ബുക്ക് കുറിപ്പ്
കണ്ണൂരിൽ സിപിഐഎം-കോൺഗ്രസ് സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ പരിഹാസപോസ്റ്റുമായി സിപിആഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. റഷ്യൻ എഴുത്തുകാരൻ വ്ലാഡിമിർ മയകോവ്‌സ്‌കിക്ക് ബെര്‍ടോള്‍ഡ് ബ്രെഹ്ത് എഴുതിയ സ്മരണക്കുറിപ്പ് പങ്കുവെച്ചാണ് രാഗേഷിൻ്റെ ഫേസ്ബുക്ക് കുറിപ്പ്. "സ്രാവുകളെ ഞാൻ വെട്ടിച്ച് പോന്നു, കടുവകളെ കീഴടക്കി, മൂട്ടകളാണെന്നെ ശല്യപ്പെടുത്തുന്നത്"- ഇങ്ങനെയായിരുന്നു കെ.കെ. രാഗേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.
ധീരജിനെ കുത്തിയ കത്തിയുമായി വന്നാൽ കോൺഗ്രസിന് ഒരു പുഷ്പചക്രം കരുതിവയ്ക്കുമെന്നും, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് മൂട്ടയുടെ സ്ഥാനമാണ് നൽകുന്നതെന്നുമായിരുന്നു രാഗേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്. "യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് മൂട്ടയുടെ സ്ഥാനമാണ് നൽകുന്നത്. മൂട്ടയെ കൊല്ലാൻ ആരും കൊടുവാൾ എടുക്കാറില്ല"-ഇതായിരുന്നു രാഗേഷിൻ്റെ പ്രസ്താവന. ഒരു മൂട്ട വിചാരിച്ചാൽ പോലും ഭയപ്പെടുന്ന പാർട്ടിയാണ് സിപിഐഎം എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ ഇതിന് നൽകിയ മറുപടി.
അതേസമയം കണ്ണൂരിലെ സംഘർഷത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. ആസൂത്രിത ആക്രമണങ്ങളിലൂടെയും പ്രകോപനങ്ങളിലൂടെയും കണ്ണൂരില്‍ സിപിഎം കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു സണ്ണി ജോസഫിൻ്റെ ആരോപണം. കോണ്‍ഗ്രസ് സ്ഥാപനങ്ങളിലേക്കും നേതാക്കളുടെ വീടുകളിലേക്കും സിപിഐഎം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്നും കെപിസിസി പ്രസിഡൻ്റ് പറഞ്ഞു.
സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി. ഗോപിനാഥിൻ്റെ പ്രകോപനപ്രസംഗമടക്കം വലിയ വിവാദമായ പശ്ചാത്തലത്തിലാണ് കെപിസിസി പ്രസിഡൻ്റിൻ്റെ പ്രസ്താവന. കണ്ണൂരിൽ സിപിഐഎം കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ സണ്ണി ജോസഫ് ഇതെല്ലാം പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെയും ജില്ലാ സെക്രട്ടറിയുടെയും അറിവോടെയും ആശിര്‍വാദത്തോടെയുമാണെന്നും ആരോപിച്ചു. പൊലീസാണ് ഇതിന് ഒത്താശ ചെയ്യുന്നതെന്ന ആരോപണവും സണ്ണി ജോസഫ് ഉയർത്തി.