പാലക്കാട് കണ്ടത് വടകര ഡീലിൻ്റെ ബാക്കി: എ.കെ. ബാലൻ

രണ്ടാം സ്ഥാനത്തുള്ള ബിജെപിയുമായുള്ള വോട്ട് വ്യത്യാസം കുറഞ്ഞത് അത്ഭുതകരമായ മാറ്റമെന്നും എ.കെ. ബാലൻ പറഞ്ഞു
പാലക്കാട് കണ്ടത് വടകര ഡീലിൻ്റെ ബാക്കി: എ.കെ. ബാലൻ
Published on

വടകര ഡീലിൻ്റെ തുടർച്ചയാണ് പാലക്കാട് കണ്ടതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. ആർഎസ്എസിൽ നിന്ന് വിട പറയാതെയാണ് ഒരു നേതാവ് പ്രവർത്തിച്ചത്. ആർഎസ്എസും യുഡിഎഫും തമ്മിലുള്ള പാലമാണ് സന്ദീപ് വാര്യർ. രണ്ടാം സ്ഥാനത്തുള്ള ബിജെപിയുമായുള്ള വോട്ട് വ്യത്യാസം കുറഞ്ഞത് അത്ഭുതകരമായ മാറ്റമെന്നും എ.കെ. ബാലൻ പറഞ്ഞു.

മൂന്നാം സ്ഥാനത്തുള്ള ഞങ്ങൾക്ക് ഒന്നാം സ്ഥാനത്ത് വരണമെങ്കിൽ ശക്തമായ നിലപാടെടുക്കേണ്ടി വരും. ശക്തമായ നിലപാട് എടുത്തതിന്റെ ഗുണം അവിടെ ഉണ്ടായി. രണ്ടാം സ്ഥാനത്തുള്ള ബിജെപിയുമായുള്ള വോട്ട് വ്യത്യാസം കുറഞ്ഞു. ഇത് അത്ഭുതകരമായ മാറ്റം. ബിജെപിയെ അതിജീവിച്ച് ഒന്നാം സ്ഥാനത്തേക്ക് എത്താൻ പോകുന്നതിന്റെ തെളിവാണ്. ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടിൽ ഒന്നും നഷ്ടപ്പെട്ടില്ല. ഇതു മതിയോ എന്ന് ചോദിച്ചാൽ പോരാ. സരിനെ നല്ല രൂപത്തിൽ പ്രോത്സാഹിപ്പിക്കും. സരിനെ നിരാശപ്പെടുത്താൻ ആരും ശ്രമിക്കേണ്ട. ഖുർആൻ തൊട്ട് സത്യം ചെയ്യിക്കുന്ന യുഡിഎഫ് എവിടെയെത്തി. ജയിക്കാൻ വേണ്ടി ഏത് വഴിവിട്ട നയവും സ്വീകരിക്കൽ ഞങ്ങളുടെ നയമല്ല. ഒരു ഭാഗത്ത് ആർഎസ്എസുമായും മറുഭാഗത്ത് എസ്ഡിപിഐയുമായും കൂട്ടുകെട്ടുണ്ടാക്കൽ നെറികെട്ട രാഷ്ട്രീയം. സരിൻ കേരള രാഷ്ട്രീയത്തിലെ തിളങ്ങുന്ന നക്ഷത്രമാകും. പാലക്കാട് പ്രതീക്ഷിച്ചതിലും വലിയ നേട്ടമുണ്ടായെന്നും എ.കെ. ബാലൻ പറഞ്ഞു.

കോൺ​ഗ്രസ് സ്ഥാനാ‍ർഥി രാഹുൽ മാങ്കൂട്ടത്തിൽ 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പാലക്കാട് വിജയിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന് 58,389 വോട്ടുകളാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാ‍ർ 39,549 വോട്ടുകളാണ് നേടിയത്. മൂന്നാം സ്ഥാനത്തുള്ള എൽഡിഎഫ് സ്വതന്ത്ര സ്ഥാനാ‍ർഥി പി. സരിൻ നേടിയത് 37,293 വോട്ടുകളാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com