പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യമറിയിച്ച് CPIM പാർട്ടി കോണ്‍ഗ്രസ്; കഫിയ അണിഞ്ഞ് പ്രതിനിധികള്‍, ആവേശകരമായ അനുഭവമെന്ന് പിണറായി

പി.ബി. അംഗം സുഭാഷിണി അലി ചൊല്ലിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ മുദ്രാവാക്യങ്ങള്‍ പ്രതിനിധികള്‍ ഏറ്റുചൊല്ലുകയും ചെയ്തു
പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യമറിയിച്ച് CPIM പാർട്ടി കോണ്‍ഗ്രസ്; കഫിയ അണിഞ്ഞ് പ്രതിനിധികള്‍, ആവേശകരമായ അനുഭവമെന്ന് പിണറായി
Published on

സിപിഐഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ കഫിയ അണിഞ്ഞ് പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചത് ആവേശകരമായ അനുഭവമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാനുഷിക മൂല്യങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് ഹീനമായ അധിനിവേശവുമായി ഇസ്രയേൽ മുന്നോട്ടുപോവുകയാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഇസ്രയേൽ തുടരുന്ന വംശഹത്യക്കെതിരെ പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിനിധി സമ്മേളനത്തിൽ സിപിഐഎം പ്രമേയവും പാസാക്കി.

ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന വംശീയ ആക്രമണങ്ങളെ അപലപിക്കുന്നതിനൊപ്പം, പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതുമാണ് സിപിഐഎമ്മിന്‍റെ പലസ്തീന്‍ ഐക്യദാർഢ്യ പ്രമേയം. പിബി അംഗമായ എം.എ. ബേബിയാണ് പ്രമേയം അവതരിപ്പിച്ചത്. പി.ബി. അംഗമായ ജി. രാമകൃഷ്ണന്‍ പിന്തുണച്ചു. പ്രതിനിധികള്‍ എഴുന്നേറ്റ് നിന്നും മുദ്രാവാക്യം ഉയര്‍ത്തിയുമാണ് പ്രമേയത്തെ ഏകസ്വരത്തില്‍ അംഗീകരിച്ചത്. ഇസ്രയേലിന്റെയും യുഎസിന്റെയും നടപടികളെ അപലപിച്ച പ്രതിനിധികള്‍, പലസ്തീനെ സ്വതന്ത്രമാക്കണമെന്നും ആവശ്യപ്പെട്ടു. കഫിയ അണിഞ്ഞാണ് ഇന്ന് പ്രതിനിധികള്‍ സമ്മേളനത്തിനെത്തിയത്. പി.ബി. അംഗം സുഭാഷിണി അലി ചൊല്ലിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ മുദ്രാവാക്യങ്ങള്‍ പ്രതിനിധികള്‍ ഏറ്റുചൊല്ലുകയും ചെയ്തു.

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

സിപിഐഎം ഇരുപത്തിനാലാം പാർടി കോൺഗ്രസ് പ്രതിനിധികൾ ചെറുത്തുനില്‍പ്പിന്റെയും ഐക്യദാർഢ്യത്തിന്റെയും ചിഹ്നമായ കഫിയ അണിഞ്ഞു പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചത് ആവേശകരമായ അനുഭവമായിരുന്നു. ഇസ്രായേൽ തുടരുന്ന വംശഹത്യക്കെതിരെ പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിനിധി സമ്മേളനത്തിൽ പ്രമേയം പാസാക്കി. എല്ലാ മാനുഷിക മൂല്യങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് ഹീനമായ അധിനിവേശവുമായി മുന്നോട്ടുപോവുകയാണ് ഇസ്രായേൽ. ഈ സാഹചര്യത്തിൽ പലസ്തീൻ ജനതയോടൊപ്പം അണിനിരക്കുന്നതിന് പകരം ഇസ്രായേലിനെ ന്യായീകരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ. സ്വാതന്ത്ര്യാനന്തരം രാജ്യം തുടർന്നുപോന്ന നിലപാടിൽ വെള്ളം ചേർക്കുന്ന നടപടിയാണിത്. സമ്മേളനം പാസാക്കിയ പ്രമേയം പലസ്തീനിൽ അടിയന്തിരമായി സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ കടൽ വരെയുള്ള പലസ്തീൻ സ്വതന്ത്രമാവുക തന്നെ ചെയ്യും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com