സമാനമായ ആരോപണങ്ങളുടെയും കേസുകളുടെയും പേരിൽ മന്ത്രിമാർ രാജി വെച്ചിട്ടുണ്ടെങ്കിലും, എംഎൽഎ സ്ഥാനം രാജി വെക്കുന്ന രീതിയില്ലെന്നതാണ് ഇതിന് പ്രധാന കാരണമായി സിപിഎം നേതാക്കൾ പറയുന്നത്
കൊല്ലം എംഎൽഎ എം. മുകേഷിനെതിരായ ലൈംഗികാരോപണങ്ങളിൽ തത്കാലം നടപടി ആവശ്യമില്ലെന്ന് സിപിഎം. നിയമ നടപടികൾ ആ വഴിക്ക് നീങ്ങട്ടെയെന്നും, മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നുമാണ് സിപിഎം നേതൃത്വത്തിൻ്റെ നിലപാട്. അതേസമയം ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷ് ഒഴിവായേക്കും.
എം. മുകേഷിനെതിരെ ചലച്ചിത്രരംഗത്തെ രണ്ട് സ്ത്രീകൾ ആരോപണമുന്നയിച്ചതോടെ എംഎൽഎ സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ടുകൊണ്ട് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയരുകയാണ്. എന്നാൽ, മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ട ഒരാവശ്യവുമില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സിപിഎം നേതൃത്വം. സമാനമായ ആരോപണങ്ങളുടെയും കേസുകളുടെയും പേരിൽ മന്ത്രിമാർ രാജി വെച്ചിട്ടുണ്ടെങ്കിലും, എംഎൽഎ സ്ഥാനം രാജിവെക്കുന്ന രീതിയില്ലെന്നതാണ് ഇതിന് പ്രധാന കാരണമായി സിപിഎം നേതാക്കൾ പറയുന്നത്.
ALSO READ: മുകേഷ് രാജിവയ്ക്കണം, ബിജെപി നിലപാടിൽ മാറ്റമില്ല; സുരേഷ് ഗോപിയെ തള്ളി സംസ്ഥാന നേതൃത്വം
നിലവിലുള്ളതിലും ഗുരുതരമായ ലൈംഗിക ആരോപണവും കേസുകളുമുണ്ടായിട്ടും യുഡിഎഫ് എംഎൽഎമാരായ എം. വിൻസന്റ്, എൽദോസ് കുന്നപ്പള്ളി എന്നിവർ രാജി വെച്ചിട്ടില്ലെന്നും സിപിഎം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിയാൻ താൻ സന്നദ്ധനാണെന്ന് മുകേഷ് സാംസ്കാരിക മന്ത്രിയെ അറിയിച്ചതായി സൂചനയുണ്ട്.
അതേസമയം മുകേഷിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. മുകേഷിനെ സംരക്ഷിക്കണമെന്ന നിലപാടാണ് സിപിഎം സംസ്ഥാന നേതൃത്വത്തിലും സർക്കാർ തലത്തിലുമുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. സർക്കാരിന് സ്വജനപക്ഷപാതമാണ്. അതിനാലാണ് ധിക്കാരപരമായ നിലപാട് മുകേഷിൻ്റെ ഭാഗത്ത് നിന്നുണ്ടായത്. അടിയന്തരമായി മുകേഷ് രാജിവെക്കണമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി. രാഷ്ട്രീയം നോക്കാത്ത നടപടി വേണമെന്ന ആവശ്യമാണ് കോൺഗ്രസ് നേതാവ് കെ. മുരളീധരനും ഉയർത്തിയത്.
കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫ് മുകേഷിനെതിരെ ഉന്നയിച്ച മി ടൂ ആരോപണമാണ് വീണ്ടും ചർച്ചയായത്. 19 വർഷം മുൻപു കോടീശ്വരന്‍ പരിപാടി ചിത്രീകരണത്തിനു ചെന്നൈയിലെ ഹോട്ടലിൽ താമസിക്കുമ്പോൾ, അവതാരകനായ മുകേഷ് രാത്രി നിരന്തരം വിളിച്ചു ശല്യപ്പെടുത്തിയെന്നും തൻ്റെ മുറി അദ്ദേഹത്തിൻ്റെ മുറിയുടെ തൊട്ടടുത്താക്കാൻ ശ്രമിച്ചെന്നുമായിരുന്നു ടെസ് ജോസഫിൻ്റെ വെളിപ്പെടുത്തൽ. ദുരനുഭവം തൻ്റെ മേധാവിയും തൃണമൂൽ കോൺഗ്രസ് എംപിയുമായിരുന്ന ഡെറിക് ഒബ്രിയിയോട് പറഞ്ഞപ്പോൾ ആ പരിപാടിയിൽ നിന്ന് ഒഴിവാക്കിത്തന്നുവെന്നും ടെസ് പറഞ്ഞിരുന്നു.