കുറ്റം ആരോപിക്കപ്പെട്ടയാൾ എംഎൽഎ സ്ഥാനം രാജിവച്ചാൽ, പിന്നീട് നിരപരാധി ആണെന്ന് തെളിഞ്ഞാൽ തിരിച്ചെടുക്കാനുള്ള നിയമവ്യവസ്ഥയില്ല
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികപീഡന പരാതി ഉയർന്നുവന്നതിൽ മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കുറ്റം ആരോപിക്കപ്പെട്ടയാൾ എംഎൽഎ സ്ഥാനം രാജിവച്ചാൽ, പിന്നീട് നിരപരാധി ആണെന്ന് തെളിഞ്ഞാൽ തിരിച്ചെടുക്കാനുള്ള നിയമവ്യവസ്ഥയില്ല. ധാർമികതയുടെ പേരിൽ രാജി വെക്കേണ്ടതില്ല. മുകേഷിൻ്റെ രാജിക്കായി വലിയ രീതിയിലുള്ള ക്യാമ്പയിൻ കേരളത്തിന്റെ പല ഭാഗത്തും നടക്കുന്നുണ്ട്. വിശദമായ പരിശോധന പാർട്ടി നടത്തി. രാജ്യത്ത് 16 MPമാരും, 135 എംഎൽഎമാരും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. അതിൽ 54 പേർ ബിജെപിയിൽ നിന്നും, 23 പേർ കോൺഗ്രസിൽ നിന്നുമാണ്. അവരാരും എംഎൽഎ സ്ഥാനമോ എംപി സ്ഥാനമോ രാജിവെച്ചിട്ടില്ല. കേരളത്തിൽ രണ്ട് എംഎൽഎമാര്‍ക്കെതിരെ കേസുണ്ട്. ഉമ്മൻചാണ്ടി, കുഞ്ഞാലിക്കുട്ടി, അനിൽകുമാർ, ഹൈബി ഈഡൻ, ശശി തരൂർ എന്നിവർക്കെതിരെ ആരോപണം വന്നപ്പോഴും രാജി വെച്ചിട്ടില്ല. കുഞ്ഞാലിക്കുട്ടി പ്രതിയായപ്പോൾ മന്ത്രിസ്ഥാനം മാത്രമാണ് രാജിവെച്ചതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
READ MORE: എവിടെക്കും ഒളിച്ചോടിയിട്ടില്ല, എല്ലാ ചോദ്യത്തിനും AMMA അല്ല മറുപടി നല്‍കേണ്ടത്: മോഹന്‍ലാല്‍
ഹേമ കമ്മിറ്റി എന്നത് ജൂഡീഷ്യൽ കമ്മിറ്റി അല്ലെന്നും, ഹേമ കമ്മിറ്റി പോലെയുള്ള ഒന്ന് രാജ്യത്ത് ആദ്യമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. കമ്മിറ്റിയുടെ ശുപാർശകൾ പരിശോധിച്ച് നടപ്പിലാക്കുകയാണ്. പരസ്യപ്പെടുത്തരുത് എന്ന ജസ്റ്റിസ് ഹേമയുടെ കത്ത് പ്രകാരമാണ് ആദ്യഘട്ടത്തിൽ റിപ്പോർട്ട് പുറത്തുവിടാനോ നടപടി സ്വീകരിക്കാനോ കഴിയാതിരുന്നത്. സംഭവത്തിൽ പൊലീസ് 11 കേസുകളെടുത്തു. അതിൽ മുകേഷ് എംഎൽഎക്കെതിരെയുള്ള കേസും ഉൾപ്പെടുന്നു. ഭരണപക്ഷത്തെ എംഎൽഎക്ക് എതിരെ പോലും കേസെടുത്തു മുന്നോട്ട് പോകുന്ന രാജ്യത്തിന് തന്നെ മാതൃകയായ സർക്കാരാണ് കേരളത്തിലേതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. സിനിമാ മേഖലയിൽ നിയമനിർമാണം പരിഗണനയിലുണ്ടെന്നും, സിനിമാനയം രൂപീകരിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
READ MORE: ഫോട്ടോകള്‍ എനിക്ക് ലഭിച്ചിട്ടില്ല, അതിനാല്‍ എനിക്ക് പ്രതികരിക്കേണ്ട ആവശ്യമില്ല : രേവതി
ബിജെപി ബന്ധത്തെ തുടർന്ന് ഇ.പി ജയരാജൻ രാജിവെച്ച സംഭവത്തിൽ, എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പി ജയരാജൻ ഒഴിഞ്ഞു. ടി.പി രാമകൃഷ്ണൻ പുതിയ കൺവീനറാകുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.