ചൈനയും ബ്രസീലും വലിയ ചാർജ് ഈടാക്കുമെങ്കിലും ഏറ്റവുമധികം ഇറക്കുമതി താരിഫ് ഏർപ്പെടുത്തുന്ന രാജ്യം ഇന്ത്യയാണെന്നായിരുന്നു ട്രംപിൻ്റെ പ്രസ്താവന
വിദേശ ഉത്പന്നങ്ങൾക്ക് ഏറ്റവുമധികം ഇറക്കുമതി താരിഫ് ഏർപ്പെടുത്തുന്ന രാജ്യം ഇന്ത്യയാണെന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റും റിപബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ്. ചൈനയും ബ്രസീലും വലിയ ചാർജ് ഈടാക്കുമെങ്കിലും ഇന്ത്യയുടെ ഇറക്കുമതി താരിഫ് എല്ലാവരേക്കാളും കൂടുതലാണെന്നായിരുന്നു ട്രംപിൻ്റെ പ്രസ്താവന. അധികാരത്തിലെത്തുകയാണെങ്കിൽ ഇതേ നികുതി തിരിച്ചും ഏർപ്പെടുത്തുമെന്ന് ട്രംപ് വ്യക്തമാക്കി. ഡെട്രോയിറ്റിൽ നടത്തിയ പ്രസംഗത്തിലായിരുന്നു ട്രംപിൻ്റെ പ്രസ്താവന.
"പൊതുവെ താരിഫുകൾ ഈടാക്കാത്ത അമേരിക്കയെ വീണ്ടും സമ്പന്നമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ ലാഭമൂലക പരസ്പര ബന്ധം. അധികാരത്തിലിരിക്കുന്ന സമയത്തേ ഞാൻ ആ പ്രക്രിയ ആരംഭിച്ചിരുന്നു. അമേരിക്ക യാഥാർഥ്യത്തിൽ അധിക ചാർജ് ഈടാക്കുന്നില്ല. ചൈന 200 ശതമാനം താരിഫാണ് ഈടാക്കുന്നത്. ബ്രസീലും ഇക്കാര്യത്തിൽ പിന്നോട്ടല്ല. എന്നാൽ ഇന്ത്യയാണ് ഇവരിൽ ഏറ്റവുമധികം ചാർജ് ഈടാക്കുന്ന രാജ്യം," ട്രംപ് പറയുന്നു.
ALSO READ: "മോദി ശാന്തനും സൗമ്യനുമായ നേതാവ്"; പ്രധാനമന്ത്രിയെ പുകഴ്ത്തി ട്രംപ്
ഇന്ത്യയുമായി, പ്രത്യേകിച്ച് മോദിയുമായി അമേരിക്കക്ക് വലിയ ബന്ധമുണ്ട്. മോദി വളരെ നല്ല നേതാവാണ്, രാജ്യത്ത് മികച്ച വലിയ കാര്യങ്ങൾ ചെയ്യുന്നുമുണ്ട്. എന്നാൽ അത്ര തന്നെ വലിയ ഇറക്കുമതി താരിഫും മോദി ഈടാക്കുന്നുണ്ടെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ചൈനയേക്കാൾ അധികം ചാർജ് ഈടാക്കുന്നുണ്ടെങ്കിലും സ്നേഹത്തോടെയാണ് ഇന്ത്യ ഇക്കാര്യം കൈകാര്യം ചെയ്യുന്നതെന്നും ട്രംപ് പറയുന്നു.
അതേസമയം കഴിഞ്ഞ ദിവസം മോദിയെ വാനോളം പുകഴ്ത്തി ട്രംപ് രംഗത്തെത്തിയിരുന്നു. മോദി തൻ്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും ശാന്തനും സൗമ്യനുമായ നേതാവാണെന്നുമായിരുന്നു ട്രംപിൻ്റെ പ്രസ്താവന. രാഷ്ട്രീയ നിലപാടുകളിലെ 'ടോട്ടൽ കില്ലർ'ആണ് മോദിയെന്നും ട്രംപ് പറഞ്ഞിരുന്നു.
ALSO READ: ആസിയാൻ രാജ്യങ്ങളുമായി ബന്ധം വിപുലമാക്കാൻ മോദി; പത്ത് പദ്ധതികൾ പ്രഖ്യാപിച്ചു
2019-ൽ ടെക്സസിൽ നടന്ന ഹൗഡി-മോദി പരിപാടിയെക്കുറിച്ചും ട്രംപ് പരാമർശിച്ചു. ഹൂസ്റ്റണിൽ നടന്ന പരിപാടി തനിക്കൊരിക്കലും മറക്കാനാവില്ലെന്നായിരുന്നു ട്രംപിൻ്റെ പരാമർശം. 2020-ൽ ഇന്ത്യൻ സന്ദർശനം നടത്തിയ ട്രംപ് അഹമ്മദാബാദിൽ നടന്ന നമസ്തേ ട്രംപ് പരിപാടിയിലും പങ്കെടുത്തിരുന്നു. യുഎസിനു പുറത്തുള്ള ട്രംപിൻ്റെ ഏറ്റവും വലിയ റാലിയായിരുന്നു ഈ പരിപാടി. കഴിഞ്ഞ ക്വാഡ് ഉച്ചകോടിക്കിടെ മോദിയെ കാണുമെന്ന് ട്രംപ് പറഞ്ഞിരുന്നുവെങ്കിലും കൂടിക്കാഴ്ച നടന്നിരുന്നില്ല.