സംസ്ഥാനത്ത് ഒറ്റ ഘട്ടമായായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തിരക്കിട്ട നീക്കങ്ങൾക്കാണ് മഹാരാഷ്ട്ര രാഷ്ട്രീയ ഭൂമി സാക്ഷ്യം വഹിക്കുന്നത്. സംസ്ഥാനത്ത് ഒറ്റ ഘട്ടമായായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുകയെന്ന് ഇലക്ഷന്‍ കമ്മീഷൻ അറിയിച്ചിരുന്നു. നവംബർ 20നാണ് പോളിങ്. നവംബർ 23ന് വോട്ടെണ്ണലും നടക്കും. നാമനിർദേശ പത്രിക നൽകാനായുള്ള തീയതി നവംബർ നാലിന് അവസാനിക്കും.
ഹരിയാനയിൽ കേവല ഭൂരിപക്ഷത്തോടെ ബിജെപി തുടർഭരണം നിലനിർത്തിയപ്പോൾ ഇതേ ഭരണ തുടർച്ചയാണ് മഹാരാഷ്ട്ര ഭരിക്കുന്ന മഹായുതി സഖ്യവും പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാണ്. നിയമസഭാ പോരാട്ടത്തിന് ബിജെപി സഖ്യം ഇറങ്ങുമ്പോൾ ഉദ്ധവ് താക്കറെയ്ക്കും മഹാ വികാസ് അഘാഡി സഖ്യത്തിനും നോക്കി നിൽക്കാനുമാവില്ല. അതിനാൽ ശിവസേനയ്ക്കും കോൺഗ്രസിനും ഒരുപോലെ നിർണായകമാണ് മഹാരാഷ്ട്രാ തെരഞ്ഞെടുപ്പ്.
288 സീറ്റുകളിലേക്കാണ് മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മഹാ വികാസ് അഘാഡി സഖ്യവും മഹായുതി സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി 105 ഉം ശിവസേന 56 ഉം സീറ്റുകൾ നേടി കേവല ഭൂരിപക്ഷത്തിലെത്തി. കോൺഗ്രസ് 44 ഉം, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി 54 ഉം സീറ്റുകളാണ് നേടിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി സഖ്യം, സംസ്ഥാനത്ത് ബിജെപിക്ക് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. 48 ലോക്സഭാ സീറ്റുകളിൽ 30 എണ്ണവും കോൺഗ്രസ്-ശിവസേന-എൻസിപി (ശരത് പവാർ) സഖ്യം സ്വന്തമാക്കി. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 23 സീറ്റുകൾ നേടിയ ബിജെപി ഒമ്പതിലേക്കും എൻസിപി അജിത്പവാർ വിഭാഗം വെറും ഒരു സീറ്റിലേക്കും ഒതുങ്ങി. 15 സീറ്റുകളിൽ മത്സരിച്ച ശിവസേന ഷിൻഡെ വിഭാഗത്തിന് ഏഴ് സീറ്റും ലഭിച്ചു. ഇത് ഉദ്ധവ് താക്കറെയ്ക്കും കോൺഗ്രസിനും ശരദ് പവാറിനും നൽകിയത് വലിയ ആത്മവിശ്വാസമാണ്.
പക്ഷെ, ഹരിയാനയിലെ തിരിച്ചടി കോൺഗ്രസിന് മഹാ വികാസ് അഘാഡി സഖ്യത്തിൻ്റെ സീറ്റ് വിഭജന ചർച്ചകളിൽ ആത്മവിശ്വാസം കുറച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം സ്വാധീനം കുറവുള്ള കൊങ്കൺ പോലുള്ള മേഖലകളിൽ പോലും സീറ്റ് ആവശ്യപ്പെടാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യും.
ALSO READ: മഹാരാഷ്ട്രയിൽ കോൺഗ്രസിന് തിരിച്ചടി; കോൺഗ്രസ് എംഎൽഎ എൻസിപിയിൽ
ഒബിസി-പട്ടികജാതി വിഭാഗങ്ങളെ ഒപ്പം നിർത്തി വിജയിച്ച 'ഹരിയാന മോഡൽ' മഹാരാഷ്ട്രയിലും പരീക്ഷിക്കുകയാണ് ബിജെപി. ഒബിസി നോൺ ക്രീമിലെയർ വാർഷിക വരുമാന പരിധി എട്ടു ലക്ഷത്തിൽ നിന്ന് 15 ലക്ഷമാക്കി ഉയർത്താൻ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മദ്രസ അധ്യാപകരുടെ മാസവേതനവും പരിഷ്കരിച്ചു. എല്ലാ വിഭാഗത്തേയും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൂടെ നിർത്താനുള്ള നീക്കമായിരുന്നു ഇത്. ഈ തീരുമാനങ്ങളെല്ലാം വോട്ടായി മാറുമെന്നാണ് ബിജെപി-ഷിൻഡെ-അജിത് പവാർ സഖ്യം പ്രതീക്ഷിക്കുന്നത്.