ഡൽഹി വായുമലിനീകരണം: ശാശ്വത പരിഹാരം തേടി സുപ്രീം കോടതി, ജിആ‍ർഎപി 4 നിയന്ത്രണങ്ങള്‍ തുടരാൻ നിർദേശം

ഡൽഹി വായു മലിനീകരണ വിഷയം ഡിസംബറില്‍ തുടര്‍ച്ചയായി പരിഗണിക്കാനും തീരുമാനമായിട്ടുണ്ട്
ഡൽഹി വായുമലിനീകരണം: ശാശ്വത പരിഹാരം തേടി സുപ്രീം കോടതി, ജിആ‍ർഎപി 4 നിയന്ത്രണങ്ങള്‍ തുടരാൻ നിർദേശം
Published on

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കര്‍ശന നിയന്ത്രണങ്ങള്‍ തുടരണമെന്ന് സുപ്രീം കോടതി. ജിആ‍ർഎപി - 4 നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ചെക്പോസ്റ്റുകള്‍ വഴി ചരക്ക് വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം തുടരണം. അഭിഭാഷക കമ്മീഷനെ സഹായിക്കാന്‍ നോഡല്‍ ഓഫീസറെ നിയോഗിക്കണമെന്നും സുപ്രീം കോടതി അറിയിച്ചു. നോഡല്‍ ഓഫീസറെ നിയോഗിക്കാന്‍ ഗതാഗത വകുപ്പിന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. വായു ​ഗൂണനിലവാര കമ്മീഷന്‍ വിവിധ വകുപ്പുകള്‍ക്ക് നോട്ടീസയച്ചു. ഡൽഹി വായു മലിനീകരണ വിഷയം ഡിസംബറില്‍ തുടര്‍ച്ചയായി പരിഗണിക്കാനും തീരുമാനമായിട്ടുണ്ട്.

സ്കൂളുകൾക്കും കോളേജുകൾക്കും ഒഴികെ ഡിസംബ‍ർ രണ്ട് വരെ ജിആ‍ർഎപി- 4 നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് സുപ്രീം കോടതി നിർദേശം. സുപ്രീം കോടതി ജസ്റ്റിസുമാരായ അഭയ് എസ്. ഒക, അ​ഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരാണ് കേസ് പരി​ഗണിച്ചത്. ജിആർഎപി 4 നിയന്ത്രണങ്ങളുണ്ടായിട്ടും ഡൽഹിയിലേക്കുള്ള ട്രക്കുകളുടെ പ്രവേശനം തടയുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചതായും കോടതി നിരീക്ഷിച്ചു. പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണേണ്ടതിനാൽ, അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട വിഷയം വിശദമായി കേൾക്കുന്നത് തുടരുമെന്നും ബെഞ്ച് വ്യക്തമാക്കി. വൈക്കോൽ കത്തിക്കൽ, ദേശീയ തലസ്ഥാന മേഖലയിലേക്കുള്ള ട്രക്കുകളുടെ പ്രവേശനം, പടക്ക നിരോധനം തുടങ്ങിയ വിഷയങ്ങൾ പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

രാജ്യതലസ്ഥാനത്ത് വായു​ഗുണനിലവാരം അതിതീവ്രമായ സാഹചര്യത്തിലാണ് വായു ഗുണനിലവാര മാനേജ്മെൻ്റ് കമ്മീഷൻ ജിആർഎപി നാല് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ദേശീയ തലസ്ഥാന മേഖലയ്‌ക്ക് (എൻസിആർ) വേണ്ടിയുള്ള ജിആർഎപി ഡൽഹിയിലെ പ്രതികൂല വായു ഗുണനിലവാരത്തെ നാല് വ്യത്യസ്ത ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്. ആദ്യ ഘട്ടം (മോശം- എക്യുഐ 201- 300); രണ്ടാം ഘട്ടം (വളരെ മോശം- എക്യുഐ 301- 400); മൂന്നാം ഘട്ടം (തീവ്രം- എക്യുഐ 401- 450); നാലാം ഘട്ടം (അതിതീവ്രം- എക്യുഐ> 450).

Related Stories

No stories found.
News Malayalam 24x7
newsmalayalam.com