യുദ്ധാവശിഷ്ടങ്ങള്‍ അരിച്ചെടുത്ത് ഉപജീവനം തേടുന്ന മനുഷ്യർ; ആക്രമണങ്ങൾക്കൊടുവിൽ ഗാസയിൽ ബാക്കിയായത്

നാലുകുട്ടികളുടെ പിതാവായ അബുവിന് കുടുംബത്തെ പുലർത്താന്‍ ഇപ്പോള്‍ കണ്ടെത്താവുന്ന ഏക ഉപജീവന മാർഗം ഇതാണ്. അതില്‍ നിന്നുള്ള പൈസ ഭക്ഷണത്തിനും കുടിവെള്ളത്തിനുമുള്ളതാണ്.
യുദ്ധാവശിഷ്ടങ്ങള്‍ അരിച്ചെടുത്ത് ഉപജീവനം തേടുന്ന മനുഷ്യർ; ആക്രമണങ്ങൾക്കൊടുവിൽ  ഗാസയിൽ ബാക്കിയായത്
Published on


മിസൈൽ ആക്രമണങ്ങളില്‍ കോണ്‍ക്രീറ്റ് കൂമ്പാരമായ നഗരകേന്ദ്രങ്ങളില്‍ അതിജീവനത്തിനായി ബുദ്ധിമുട്ടുകയാണ് ഗാസയിലെ ജനത. ശൈത്യകാലം അടുക്കുമ്പോള്‍, ഭക്ഷണത്തിനും കുടിവെള്ളത്തിനുമുള്ള പണം കണ്ടെത്താന്‍ യുദ്ധാവശിഷ്ടങ്ങള്‍ അരിച്ചെടുക്കുകയാണ് അവർ.


ഒരുവർഷമായി കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പഴയ വസ്ത്രങ്ങളും മറ്റ് അവശ്യ സാധനങ്ങളും വില്‍പ്പന നടത്തുന്ന ഖാൻ യൂനിസിലെ മൊയിൻ അബു ഒഡെ. വീടുകളും പള്ളികളും സ്കൂളുകളുമുണ്ടായിരുന്ന തെക്കന്‍ ഗാസയുടെ തെരുവുകള്‍ ഇന്ന് കെട്ടിടാവശിഷ്ടങ്ങളുടെ കൂമ്പാരമാണ്. ആ തെരുവുകളില്‍ നിന്ന് വില്‍ക്കാവുന്നതെന്തും അബു ശേഖരിക്കുന്നുണ്ട്. കീറലോ ചോരപ്പാടുകളോ അല്ല, ഉപയോഗിക്കാവുന്നതാണോ എന്നു മാത്രമേ അയാള്‍ നോക്കാറുള്ളൂ .

നാലുകുട്ടികളുടെ പിതാവായ അബുവിന് കുടുംബത്തെ പുലർത്താന്‍ ഇപ്പോള്‍ കണ്ടെത്താവുന്ന ഏക ഉപജീവന മാർഗം ഇതാണ്. അതില്‍ നിന്നുള്ള പൈസ ഭക്ഷണത്തിനും കുടിവെള്ളത്തിനുമുള്ളതാണ്. നിരത്തിവെച്ച വസ്തുക്കളിലേക്ക് നോക്കി നില്‍ക്കുന്ന കുട്ടികളെ കാണുമ്പോള്‍ അബു നിരാശനാകും. മാർഗമുണ്ടായിരുന്നെങ്കില്‍, വാങ്ങാന്‍ ശേഷിയില്ലാത്തവർക്ക് ഇതിൽ പലതും വെറുതെ കൊടുക്കുമായിരുന്നു. എന്നാല്‍ അങ്ങനെയൊരു ആശ്വാസം വിദൂരമായി പോലും കെെനീട്ടുന്നില്ല.

അതേ തെരുവില്‍ അബുവിനെപ്പോലെ മറ്റനേകം താത്കാലിക വ്യാപാരികളുണ്ട്. പൊടിപുതഞ്ഞ വസ്ത്രങ്ങളും, ചെരിപ്പുകളും പുതപ്പുകളില്‍ നിരത്തി ആവശ്യക്കാരെ കാത്തിരിക്കുന്നവർ. ശെെത്യകാലമെത്തുമ്പോള്‍ കട്ടിവസ്ത്രങ്ങള്‍ക്ക് ആവശ്യക്കാർ കൂടുമെന്ന് കണക്കൂട്ടുന്നവർ, യൂറോപ്പില്‍ നിർമ്മിക്കപ്പെട്ട ഉത്പന്നങ്ങളാണ് തന്‍റെ പക്കലുള്ളതെന്ന് വാദിച്ച് വിലപേശുന്നവർ. അവർ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത് യുദ്ധം കൊലപ്പെടുത്തിയവരുടേതാണ്. അല്ലെങ്കില്‍ സമ്പാദിച്ചതൊന്നും എടുക്കാനാകാതെ ജീവനുംകൊണ്ട് പാലായനം ചെയ്തവരുടേത്. അങ്ങനെ ധരിച്ച വസ്ത്രങ്ങളുമായി ഖാന്‍ യുനൂസിലേക്ക് അഭയം തേടിയെത്തിയ ലൂയി അബ്ദുൽ റഹ്മാനും വ്യാപാരികളുടെ കൂട്ടത്തിലുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബറിലാരംഭിച്ച യുദ്ധത്തില്‍ ഏകദേശം 42 ദശലക്ഷം ടൺ അവശിഷ്ടങ്ങളാണ് ഗാസയിലുള്ളതെന്ന് യുഎൻ പറയുന്നു. 1,28,000-ലധികം കെട്ടിടങ്ങൾ പൂർണ്ണമായോ ഭാഗികമായോ തകർന്നു. ഇതെല്ലാം നീക്കം ചെയ്യുന്നതിന് തന്നെ 14 വർഷത്തോളം സമയവും 1.2 ബില്യൺ ഡോളറിനടുത്ത് ഫണ്ടും ആവശ്യമായി വരും- ഇതാണ് യുഎന്നിന്‍റെ ഏപ്രില്‍ വരെയുള്ള കണക്ക്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com