
എം.എം. ലോറൻസിൻ്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാനായി ഹൈക്കോടതിയിൽ മകൾ ആശ ലോറൻസ് പറയുന്ന വാദങ്ങളിൽ പലതും ജീവിച്ചിരിക്കെ ലോറൻസ് തള്ളിക്കളഞ്ഞതാണ്. മതാചാര പ്രകാരം വിവാഹം നടന്ന സാഹചര്യം, ലോറൻസ് തന്നെ ഫേസ്‌ബുക്കിൽ നേരത്തെ കുറിച്ചിട്ടുണ്ട്. മകൾക്കെതിരെ രൂക്ഷ വിമർശനങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ നേരത്തെ എം.എം. ലോറൻസ് നടത്തിയിട്ടുമുണ്ട്. ഒരു യഥാർഥ കമ്മ്യൂണിസ്റ്റിന്റെ ആദ്യ പോരാട്ടം സ്വന്തം ജീവിതത്തോടും കുടുംബത്തോടുമാണെന്ന വാക്യം അടിവരയിടുന്നതായിരുന്നു എം.എം. ലോറൻസിന്റെ ജീവിതം. കടുത്ത കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നിട്ടും സാഹചര്യ സമർദത്താൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്ന നിമിഷങ്ങൾ എം.എം. ലോറൻസിനെ വേട്ടയാടി.
ലോറൻസിന് ഒരിക്കലും സന്ധി ചെയ്യാൻ കഴിയാത്ത ബിജെപി പാളയത്തിലേക്ക് സ്വന്തം മകൾ ചേക്കേറിയതു മുതൽ, ഏറ്റവുമൊടുവിൽ അന്ത്യയാത്രയിലും അത് തുടർന്നു. മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറണം എന്ന ലോറൻസിൻ്റെ തീരുമാനത്തിനും മകൾ എതിരായിരുന്നു.
മതാചാരപ്രകാരം അന്ത്യകർമ്മങ്ങൾ ചെയ്യണമെന്നാവശ്യപ്പെട്ട് മകൾ ആശാ ലോറൻസ് രംഗത്ത് വന്നതോടെയാണ് ചേതന നഷ്ടപ്പെട്ടിട്ടും ലോറൻസ് എന്ന കമ്മ്യൂണിസ്റ്റിന് പോരാട്ടം തുടരേണ്ടി വന്നത്. വിവാഹവും, ഭാര്യയുടെ മരണാനന്തര ചടങ്ങുകളും ചൂണ്ടിക്കാട്ടി ആശ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന് ജീവിച്ചിരിക്കുമ്പോൾ തന്നെ ലോറൻസ് മറുപടി നൽകിയിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിന് നൽകാൻ ലോറൻസ് പറഞ്ഞിട്ടില്ലെന്നും, മക്കളുടെ വിവാഹം പള്ളിയിലാണ് നടന്നതെന്നും അതിൽ ലോറൻസ് പങ്കെടുത്തിട്ടുണ്ട് എന്നും ചെറുമകളുടെ മാമോദീസയിൽ ലോറൻസ് പങ്കെടുത്തെന്നും ആശ പറയുന്നു. പള്ളിയിൽ വെച്ച് കല്യാണം കഴിച്ച ആളാണ് ലോറൻസെന്നും, നിരീശ്വരവാദിയായിരുന്നില്ല എന്നും ആശ ലോറൻസിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്.
ആശയുടെ പോസ്റ്റിന് ജീവിച്ചിരിക്കുമ്പോൾ തന്നെ ലോറൻസ് നൽകിയ മറുപടി ഇങ്ങനെ. സമരസഖാക്കളെ രക്ഷിച്ചെടുക്കാനുള്ള നീക്കത്തിനിടെയാണ് വിവാഹത്തിലേക്ക് എത്തുന്നത്. തൊഴിലാളികളെ സംഘടിപ്പിച്ച് സമരം നടത്തിയ സണ്ണിയെയെയും പ്രവർത്തകരെയും പൊലീസിൽ നിന്നും രക്ഷിക്കാൻ സണ്ണിയുടെ അമ്മ പൊലീസ് സ്റ്റേഷനിൽ വെച്ച് കുടുംബം ഒന്നടങ്കം പാർട്ടിയാണ് എന്ന് പ്രഖ്യാപിക്കുന്നു. ചെല്ലാനത്തെ അറിയപ്പെടുന്ന കുടുംബം അതോടെ പലരുടെയും കരടാകുന്നു. ആ വീട്ടിലെ പെൺകുട്ടിക്ക് വരുന്ന കല്യാണാലോചകളെല്ലാം ഈ കാരണം കൊണ്ട് മുടങ്ങുമ്പോൾ പാർട്ടി തീരുമാനപ്രകാരം വിവാഹം നിശ്ചയിച്ചു. എന്നാൽ പെണ്ണിന്റെ സഹോദരൻ ടോമി എതിർപ്പുന്നയിക്കുകയും പള്ളിയിൽ തന്നെ കല്യാണം നടക്കുകയാണെങ്കിൽ സമ്മതമാണെന്ന് കണ്ടീഷൻ വെക്കുകയും ചെയ്തു. ഈ കണ്ടീഷൻ പാർട്ടി അംഗീകരിക്കില്ലെന്നും, അതോടെ കല്യാണം മുടങ്ങുമെന്ന് ടോമി കരുതിയെങ്കിലും പാർട്ടിക്ക് തള്ളിക്കളയാൻ കഴിയാത്ത ആ കുടുംബത്തിനുവേണ്ടി ജില്ലാ കമ്മിറ്റി ഒന്നടങ്കം അനുകൂല തീരുമാനമെടുത്തു. ആ തീരുമാനത്തെ എതിർത്തത് ലോറൻസ് മാത്രം. 2016ലെ ഫേസ്ബുക്ക് കുറിപ്പിൽ ലോറൻസ് ഇക്കാര്യങ്ങൾ വിശദമായി എഴുതിയിട്ടുണ്ട്.
വർഷങ്ങളായി അകൽച്ചയിലായിരുന്ന മകൾ ആശ തിരിച്ചെത്തി തന്റെ ചിത്രങ്ങളുപയോഗിച്ച് വ്യാജ പ്രചാരണം നടത്തുന്നതിനെതിരെയും ലോറൻസ് ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. 'എന്റെ അറിവോ, സമ്മതമോ കൂടാതെ, എന്റെ ക്ഷീണാവസ്ഥ മുതലാക്കി ഇവിടെ എത്തിയ ആശ, എന്നെ സഹായിക്കാൻ എത്തിയതാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകൾ യാതൊന്നും ചെയ്തിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തിക്ക് ഒപ്പം ഇപ്പോൾ നിലകൊള്ളുന്ന ആശയുടെ ദുർപ്രചാരണത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണം,' എന്നും ലോറൻസ് ഫേസ്ബുക്കിൽ തുറന്നടിച്ചു.
ഒരിക്കലെങ്കിലും കമ്മ്യൂണിസ്റ്റുകാരനായിരുന്ന ഒരാൾക്ക് ഒരിക്കലും ബിജെപി പോലൊരു പാർട്ടിയിലേക്ക് പോകുവാൻ കഴിയില്ല. ജീവിതത്തിലുടനീളം യാഥാസ്ഥിതിക ബോധത്തോടും പാരമ്പര്യവാദത്തോടും കലഹിച്ച ലോറൻസ് മരണാനന്തരം സംഭവിക്കാവുന്ന രാഷ്ട്രീയ നാടകങ്ങളെ മുന്നിൽ കണ്ട് തന്റെ നിലപാട് ആവർത്തിച്ച് ആവർത്തിച്ച് വ്യക്തമാക്കികൊണ്ടിരുന്നു.
പകൽ മുഴുവൻ നീണ്ട നാടകീയ സംഘർഷങ്ങൾക്കൊടുവിൽ ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാനാണ് കോടതിയുടെ നിർദേശം. മൃതദേഹം ഏറ്റെടുക്കണോ വേണ്ടയോ എന്ന് മെഡിക്കൽ കോളേജിന് തീരുമാനിക്കാം. സംഘപരിവാറിലെ ചിലരുടെ വൃത്തികെട്ട രാഷ്ട്രീയമാണ് ലോറൻസിന്റെ അന്ത്യയാത്രയിലെ നാടകീയതയ്ക്ക് പിന്നിലെന്ന് എക്കാലവും ഒപ്പം നിന്ന മകൻ എം.എൽ. സജീവൻ പറയുന്നു.
മരണത്തിലും ഈ നാട്ടിലെ പൊതുബോധത്തോട്, മുതലെടുപ്പ് രാഷ്ട്രീയത്തോട് സന്ധിയില്ലാത്ത സമരം തുടരുമെന്ന് പ്രഖ്യാപിച്ചാണ് എം.എം. ലോറൻസ് എന്ന കമ്മ്യൂണിസ്റ്റ് മടങ്ങുന്നത്. പോരാട്ടം ജീവിതചര്യയാക്കിയ പ്രിയ നേതാവിന് വിട...