
തൃശൂർ പൂരം കലക്കൽ വിവാദത്തിൽ ഡിജിപി സർക്കാരിന് റിപ്പോർട്ട് കൈമാറിയതോടെ എഡിജിപിക്കെതിരായ നടപടിയാണ് ഇനി പ്രധാനം. നാളെ നിയമസഭാ സമ്മേളനം ചേരാനിരിക്കെ ഇന്നുതന്നെ നടപടി പ്രഖ്യാപിക്കാനുള്ള സാധ്യതയേറെയാണ്. വിഷയത്തിൽ സിപിഐയോട് മുഖ്യമന്ത്രി പറഞ്ഞ സമയപരിധിയും ഇന്ന് അവസാനിക്കും. കഴിഞ്ഞ ദിവസം രാത്രിയാണ് എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. ഇന്ന് രാവിലെ ഡിജിപി മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട് റിപ്പോട്ടിലെ വിശദാംശങ്ങൾ ധരിപ്പിക്കും.
എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങളും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. ഡിജിപിയുടെ റിപ്പോർട്ട് ലഭിച്ചശേഷം എം.ആർ. അജിത് കുമാറിനെതിരായ നടപടിയിൽ തീരുമാനമെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി ഇടതു മുന്നണി യോഗത്തിൽ ഘടക കക്ഷികളോടും പുറത്തു മാധ്യമങ്ങളോടും ഇതുവരെ പറഞ്ഞിരുന്നത്. റിപ്പോർട്ട് സർക്കാരിൻ്റെ കൈകളിലേക്ക് എത്തിയതോടെ മുഖ്യമന്ത്രിയെടുക്കുന്ന തുടർനടപടികളാണ് ഇനി പ്രധാനം. എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് നീക്കണമെന്ന സമ്മർദം സിപിഐ തുടരുകയാണ്.
നാളെ നിയമസഭ ചേരുമ്പോൾ അജിത് കുമാർ ക്രമസമാധാന ചുമതലയിൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഉറപ്പ് നൽകിയിരുന്നു. സിപിഐയോട് മുഖ്യമന്ത്രി പറഞ്ഞ വാക്ക് പാലിക്കണമെങ്കിൽ അജിത് കുമാറിനെതിരായ നടപടിയിൽ സർക്കാരിന് ഇന്ന് തീരുമാനമെടുക്കേണ്ടിവരും. ഇടതുപക്ഷ നയത്തിന് വിരുദ്ധമായി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപിയെ ക്രമസമാധാന ചുതലയിൽനിന്ന് നീക്കണമെന്ന അഭിപ്രായമാണ് ആദ്യം മുതൽ സിപിഐക്കുള്ളത്.
കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങൾ ഡിജിപിയുടെ റിപ്പോർട്ടിൽകൂടി ഇടംപിടിച്ചതോടെ തീരുമാനം ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് സർക്കാരിന് ബുദ്ധിമുട്ടായിരിക്കും. വിഷയത്തിൽ സിപിഐ ഇടഞ്ഞുനിൽക്കുന്ന രാഷ്ട്രീയ സാഹചര്യം കൂടി സർക്കാരിനും സിപിഐഎമ്മിനും പരിഗണിക്കേണ്ടിവരും. നാളെ നിയമസഭാ സമ്മേളനത്തിൽ എഡിജിപി വിഷയം പ്രതിപക്ഷവും ആയുധമാക്കുമെന്ന് ഉറപ്പ്. കൂടാതെ റിപ്പോർട്ട് ലഭിച്ചിട്ടും നടപടിയുണ്ടായില്ലെങ്കിൽ സിപിഐഎമ്മിൻ്റെ സംഘപരിവാർ വിരുദ്ധ പ്രതിച്ഛായയും ചോദ്യം ചെയ്യപ്പെടാം. ഈ സാഹചര്യത്തിൽ സർക്കാർ ഇന്നുതന്നെ എഡിജിപിക്കെതിരായ നടപടി പ്രഖ്യാപിച്ച് മുഖം രക്ഷിക്കാനുള്ള എല്ലാ സാധ്യതയും നിലനിൽക്കുന്നു.