"ഗാസ റിസോർട്ട് ബിസിനസിന് പറ്റിയ സ്ഥലം"; ട്രംപിൻ്റെ മരുമകൻ ജറേഡ് കുഷ്നറിൻ്റെ പരാമർശം വീണ്ടും ചർച്ചയാകുന്നു

ഗാസാ മുനമ്പിൻ്റെ നിയന്ത്രണം ഏറ്റെടുക്കാമെന്ന ട്രംപിൻ്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ജറേഡ് കുഷ്നറിൻ്റെ പരാമാർശം ശ്രദ്ധ നേടുന്നത്
"ഗാസ റിസോർട്ട് ബിസിനസിന് പറ്റിയ സ്ഥലം"; ട്രംപിൻ്റെ മരുമകൻ ജറേഡ് കുഷ്നറിൻ്റെ പരാമർശം വീണ്ടും ചർച്ചയാകുന്നു
Published on

വെടിനിർത്തൽ കരാറിൻ്റെ രണ്ടാംഘട്ട ചർച്ച തുടങ്ങാനിരിക്കെ ഗാസാ മേഖലയെക്കുറിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശം വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു. ഗാസ മുനമ്പിൻ്റെ നിയന്ത്രണം ഏറ്റെടുക്കാമെന്നായിരുന്നു നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള ട്രംപിൻ്റെ പ്രസ്താവന.  ഒരു വർഷം മുൻപ് ട്രംപിന്റെ മരുമകൻ ജറേഡ് കുഷ്നറും സമാനമായ പ്രസ്താവന നടത്തിയിരുന്നെന്നതാണ് കൗതുകകരമായ വസ്തുത. റിസോർട്ട് ബിസിനസിന് പറ്റിയ സ്ഥലമാണ് ഗാസയെന്നായിരുന്നു ട്രംപിൻ്റെ മരുമകനും മകൾ ഇവാങ്കയുടെ പങ്കാളിയുമായ ജറേഡ് കുഷ്നർ പറഞ്ഞത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു ജറേഡിൻ്റെ ഈ പരാമർശം. ഗാസയിലെ വാട്ടർഫ്രണ്ട് പ്രോപ്പർട്ടി വളരെ വിലപ്പെട്ടതാണെന്നും, ഇതിനോട് ചേർന്ന് ഒരു ഉപജീവനശൃംഖല കെട്ടിപ്പടുക്കാനാകുമെന്നും ജറേഡ് പറഞ്ഞിരുന്നു. ഹാർവാർഡിലെ ഒരു ചടങ്ങിലായിരുന്നു ജറേഡ് കുഷ്നറുടെ ഈ പ്രതികരണം. അറബ്-ഇസ്രായേൽ സംഘർഷം ഇസ്രായേലികളും പലസ്തീനുകളും തമ്മിലുള്ള റിയൽ എസ്റ്റേറ്റ് തർക്കമാണെന്നാണ് ജറേഡ് നടത്തിയ പരാമർശം. ഇതേ ആശയം തന്നെയാണിപ്പോൾ ട്രംപ് മുന്നോട്ടുവെക്കുന്നതും. ഇതോടെയാണ് ജറേഡിൻ്റെ പ്രസ്താവന വീണ്ടും ചർച്ചയാവുന്നത്. 

ഇസ്രയേൽ-പലസ്തീൻ പ്രശ്നത്തിന് ദ്വിരാഷ്ട്രമാണ് പരിഹാരം എന്നതായിരുന്നു പ്രഖ്യാപിത അമേരിക്കൻ നിലപാട്. എന്നാൽ ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു നെതന്യാഹു- ട്രംപ് കൂടിക്കാഴ്ചക്കൊടുവിൽ നടന്ന വാർത്താ സമ്മേളനത്തിലെ പരാമർശം. ഗാസാ മുനമ്പിൽ നിന്ന് പലസ്തീനികളെ ശാശ്വതമായി ഒഴിപ്പിച്ച് മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കാമെന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം.

ഗാസയെക്കുറിച്ച് മുമ്പും ട്രംപ് ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ശരിയായി പുനർനിർമാണം നടത്തിയാൽ മൊണാക്കോയേക്കാൾ മികച്ചയിടമാക്കി ഗാസയെ മാറ്റാമെന്ന് ട്രംപ് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒരു റേഡിയോ അഭിമുഖത്തിലായിരുന്നു ഈ പ്രതികരണം.

അതേസമയം ട്രംപിൻ്റെ ഗാസ നിലപാടിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ വിമർശനമുണ്ട്. യുഎസ് കോൺഗ്രസിലെ നേരിയ ഭൂരിപക്ഷവും ഭാവിയിൽ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. നിലവിലെ സാഹചര്യം വഷളാക്കരുതെന്നും ഗാസയിലെ വംശീയ ഉന്‍മൂലനം ഒഴിവാക്കണമെന്നും യുഎൻ മേധാവി ആൻ്റോണിയോ ഗുട്ടെറസും പ്രതികരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com