ഗാസ മുനമ്പ് യുഎസ് 'ഏറ്റെടുക്കും', 'സ്വന്തമാക്കും'; ആവശ്യമെങ്കിൽ സൈന്യത്തെ വിന്യസിക്കുമെന്ന് ട്രംപ്

വെസ്റ്റ് ബാങ്ക് അധിനിവേശത്തിൽ അടുത്ത നാലാഴ്ചയ്ക്കുള്ളിൽ നിലപാട് പ്രഖ്യാപിക്കുമെന്നും ട്രംപ് അറിയിച്ചു
ഗാസ മുനമ്പ് യുഎസ്  'ഏറ്റെടുക്കും', 'സ്വന്തമാക്കും'; ആവശ്യമെങ്കിൽ സൈന്യത്തെ വിന്യസിക്കുമെന്ന് ട്രംപ്
Published on
Updated on



ഗാസ മുനമ്പ് യുഎസ് ഏറ്റെടുക്കുമെന്ന അപ്രതീക്ഷിത പ്രഖ്യാപനവുമായി പ്രസിഡൻറ് ഡോണാൾഡ് ട്രംപ്. ‌ യുദ്ധക്കെടുതി നേരിടുന്ന പലസ്തീനികൾ ഈജിപ്ത്, ജോർദാൻ തുടങ്ങിയ മധ്യപൂർവേഷ്യൻ രാജ്യങ്ങളിലേക്ക് മാറണമെന്ന നിർദേശവും ട്രംപ് ആവർത്തിച്ചു. നേരത്തെ യുഎസ് പ്രസിഡന്‍റിന്‍റെ ഈ നിർദേശം പലസ്തീനികളും ഇരു രാജ്യങ്ങളും തള്ളിക്കളഞ്ഞിരുന്നു. വെസ്റ്റ് ബാങ്ക് അധിനിവേശത്തിൽ അടുത്ത നാലാഴ്ചയ്ക്കുള്ളിൽ നിലപാട് പ്രഖ്യാപിക്കുമെന്നും ട്രംപ് അറിയിച്ചു. നെതന്യാഹുവിൻറെ യുഎസ് സന്ദർശനത്തിനു പിന്നാലെ ഇരുനേതാക്കളുമൊന്നിച്ച് വിളിച്ചുചേർത്ത സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു ട്രംപിൻറെ പ്രഖ്യാപനങ്ങൾ. 


"ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കും, ഞങ്ങൾ അതിനായി പരിശ്രമിക്കും. ഞങ്ങൾ അത് സ്വന്തമാക്കും", ട്രംപ് പറഞ്ഞു. ഗാസയിൽ പൊട്ടാത്ത ശേഷിക്കുന്ന ബോംബുകൾ അമേരിക്ക നീക്കം ചെയ്യുമെന്നും, 'സ്ഥലം നിരപ്പാക്കുമെന്നും', തകർന്ന കെട്ടിടങ്ങൾ നീക്കം ചെയ്യുമെന്നും, പ്രദേശത്തെ ജനങ്ങൾക്ക് പരിധിയില്ലാത്ത തൊഴിലവസരങ്ങളും വീടുകളും നൽകുന്ന സാമ്പത്തിക വികസനം സൃഷ്ടിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഗാസ പുനർനിർമ്മിക്കാനുള്ള ഏകമാർഗം ഇതുമാത്രമാണ് എന്ന് ട്രംപ് വാദിക്കുന്നു. എന്നാൽ ഇത്തരത്തിൽ വികസിക്കുന്ന പ്രദേശത്തേക്ക് തിരികെ എത്തുക പലസ്തീനികളല്ല എന്ന തരത്തിലുള്ള സൂചനയും ട്രംപിന്റെ വാക്കുകളിലുണ്ട്. ഗാസയിലെ രണ്ട് ദശലക്ഷം നിവാസികൾ മാനുഷിക താൽപ്പര്യങ്ങളുള്ള മറ്റ് രാജ്യങ്ങളിലേക്ക് പോകണം എന്നാണ് ട്രംപിന്റെ നിർേദശം.

എന്നാൽ, 20 ലക്ഷം ആളുകൾ താമസിക്കുന്ന ഗാസ എങ്ങനെ, എന്ത് അധികാരത്തിന്‍റെ കീഴിൽ യുഎസിന് ഏറ്റെടുക്കാനും കൈവശംവെയ്ക്കാനും കഴിയുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് വിശദീകരണം നൽകിയില്ല. മുൻ ട്രംപ് സർക്കാരിൻറെ കാലത്തുൾപ്പടെ, ഗാസയിൽ യുഎസ് സെെന്യത്തിൻറെ വിന്യാസം ഒഴിവാക്കിയിരുന്നു. എന്നാല്‍ ആവശ്യമെങ്കില്‍ പ്രദേശത്ത് സൈന്യത്തെ വിന്യസിക്കുമെന്നാണ് നിലവിലെ ട്രംപിന്‍റെ നിലപാട്. 

പുനർനിർമ്മിക്കപ്പെടുന്ന ഗാസയിൽ ആര് വസിക്കും എന്ന ചോദ്യത്തിനും 'ഗാസ ലോകജനതയുടെ വാസസ്ഥലമായി മാറും' എന്ന അവ്യക്തമായ വിശദീകരണമാണ് ട്രംപ് നൽകിയത്. പലസ്തീനികൾ ഒഴിഞ്ഞുപോകുന്നയിടത്ത് ജൂത സെറ്റിൽമെൻറുകൾ ഉയരുന്നതിനെ അനുകൂലിക്കില്ലെന്നും അത് സുരക്ഷിതമായ ഒരു പോംവഴിയാണെന്ന് കരുതുന്നില്ല എന്നും ട്രംപ് പറയുന്നു. പകരം, മേഖലയെ ഒരു അന്താരാഷ്ട്ര പ്രദേശമായി മാറ്റുമെന്ന പദ്ധതിയാണ് ട്രംപ് മുന്നോട്ടുവയ്ക്കുന്നത്.

ഒഴിപ്പിക്കപ്പെടുന്ന പലസ്തീനികൾ എവിടേക്കുപോകുമെന്ന ചോദ്യത്തിന് നിരവധി സമ്പന്നരാജ്യങ്ങൾ പലസ്തീനികളെ സ്വീകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. അതേസമയം, ട്രംപ് നിർദേശിക്കുന്ന ജോർദാൻ, ഈജിപ്ത്, യുഎഇ അടക്കം അറബ് സഖ്യം ഗാസയിൽ നിന്നുള്ള നിർബന്ധിത കുടിയിറക്കലിനെ അനുകൂലിക്കില്ലെന്ന് വ്യക്തമാക്കി.

ട്രംപിൻറെ പുതിയ നിർദേശത്തെ ഹമാസ് അപലപിച്ചപ്പോൾ ഈ ​ഗാസ പ്ലാൻ ചരിത്രം തിരിത്തുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. "ഇസ്രയേലിന് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സുഹൃത്ത്" എന്നാണ് നെതന്യാഹു ട്രംപിനെ പ്രശംസിച്ചത്. വെടിനിർത്തൽ ഉപേക്ഷിച്ച് ഗാസയിൽ ഹമാസിനെ ഇല്ലാതാക്കുന്നതിനായി പോരാട്ടം പുനരാരംഭിക്കാൻ നെതന്യാഹുവിന്മേൽ ഭരണകക്ഷിയിലെ തീവ്ര വലതുപക്ഷ അംഗങ്ങളുടെ കടുത്ത സമ്മർദമുണ്ട്. യുദ്ധം പുനരാരംഭിച്ചില്ലെങ്കിൽ സർക്കാരിനെ താഴെയിറക്കുമെന്ന് നെതന്യാഹുവിന്റെ പ്രധാന പങ്കാളികളിൽ ഒരാളായ ബെസലേൽ സ്മോട്രിച്ച് പ്രഖ്യാപിച്ചിരുന്നു. ഇങ്ങനെ സംഭവിച്ചാൽ അത് രാജ്യത്തെ നേരത്തെയുള്ള തെരഞ്ഞെടുപ്പിലേക്ക് നയിച്ചേക്കും. ഈ സാഹചര്യത്തില്‍ നടക്കുന്ന നെതന്യാഹുവിന്ർറെ യുഎസ് സന്ദർശനത്തിനും ട്രംപിന്‍റെ പ്രഖ്യാപനങ്ങള്‍ക്കും ഏറെ പ്രാധാന്യമുണ്ട്.

അതേസമയം, കഴിഞ്ഞ മാസം വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഗാസയിൽ വീണ്ടും നിയന്ത്രണം ഉറപ്പിച്ചിരിക്കുകയാണ് ഹമാസ്. ഇസ്രയേൽ സൈന്യം പൂർണമായി പിൻവാങ്ങി, യുദ്ധം അവസാനിപ്പിക്കാതെ രണ്ടാം ഘട്ടത്തിൽ ബന്ദികളെ വിട്ടയയ്ക്കില്ലെന്നാണ് ഹമാസിന്റെ നിലപാട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com