ഡോ. ഹരിണി അമരസൂര്യ: രണ്ട് പതിറ്റാണ്ടിന് ശേഷം ശ്രീലങ്കയ്ക്ക് വനിതാ പ്രധാനമന്ത്രി

ദിനേശ് ​ഗുണവ‍ർധന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതിനു പിന്നാലെയാണ് ഹരിണിയെ പ്രധാനമന്ത്രിയായി നിയമിക്കുന്നത്
ഡോ. ഹരിണി അമരസൂര്യ: രണ്ട് പതിറ്റാണ്ടിന് ശേഷം ശ്രീലങ്കയ്ക്ക് വനിതാ പ്രധാനമന്ത്രി
Published on


ശ്രീലങ്കയുടെ പതിനാറാം പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യ സത്യപ്രതിജ്ഞ ചെയ്തു. തലസ്ഥാനമായ കൊളംബോയിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് അനുര കുമാര ദിസനായകെ സത്യവാചകം ചൊല്ലിക്കൊടുത്തു. ദിനേശ് ​ഗുണവ‍ർധന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതിനു പിന്നാലെയാണ് ഹരിണിയെ പ്രധാനമന്ത്രിയായി നിയമിക്കുന്നത്. ഇതോടെ ശ്രീലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യ മാറി. 2000-ൽ സിരിമാവോ ബണ്ഡാരനായകെയ്ക്ക് ശേഷം ഈ പദവിയിലെത്തുന്ന ആദ്യ വനിതയെന്ന നേട്ടവും ഇതോടെ ഹരിണിക്ക് സ്വന്തം. എൻപിപി എംപിയായ ഹരിണി അധ്യാപികയും സാമൂഹികപ്രവർത്തകയുമാണ്. 2020ലാണ് 54കാരിയായ ഹരിണി ശ്രീലങ്കന്‍ പാര്‍ലമെന്റിലെത്തിയത്.

1970 മാർച്ച് 6 ന് കൊളംബോയിലാണ് ഡോ. ഹരിണി അമരസൂര്യ ജനിച്ചത്. കൊളംബോയിലെ ബിഷപ്പ് കോളേജിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഹരിണി വിദേശത്താണ് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് സോഷ്യോളജിയിൽ ബിഎയും ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള മക്വാരി യൂണിവേഴ്‌സിറ്റിയിൽ നിന്ന് അപ്ലൈഡ് ആന്ത്രോപോളജി ആൻഡ് ഡെവലപ്‌മെൻ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ഹരിണി നേടി. തുടർന്ന് 2011-ൽ എഡിൻബർഗ്, ക്വീൻ മാർഗരറ്റ് സർവകലാശാലകളിൽ നിന്ന് സോഷ്യൽ ആന്ത്രപ്പോളജി, ഇൻ്റർനാഷണൽ ഹെൽത്ത് ആൻഡ് ഡെവലപ്‌മെൻ്റ് സ്റ്റഡീസ് എന്നിവയിൽ പിഎച്ച്ഡിയും നേടി.

ALSO READ: അനുര കുമാര ദിസനായകെ; മാര്‍ക്സിസ്റ്റിനപ്പുറം ചില ആശങ്കകള്‍

ശ്രീലങ്കയിലെ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ സോഷ്യൽ സയൻസസ് വിഭാഗത്തിലെ സീനിയർ ലക്ചററായിരുന്നു ഡോ. ഹരിണി അമരസൂര്യ. യൂണിവേഴ്സിറ്റിയുടെ ഭരണത്തിലും പങ്കാളിയായ അവർ 2016 മുതൽ യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ്റെ ലിംഗസമത്വവും തുല്യതയും സംബന്ധിച്ച കമ്മിറ്റിയിൽ അംഗവുമാണ്. ശ്രീലങ്കയിലെ കമ്മ്യൂണിറ്റി ഹെൽത്ത് ഓർഗനൈസേഷനായ നെസ്റ്റിൻ്റെ ഡയറക്ടറായും പ്രസിഡൻ്റായും ശ്രീലങ്കയിലെ സ്ത്രീകളെയും ലിംഗഭേദത്തെയും കുറിച്ചുള്ള ഗവേഷണ സ്ഥാപനത്തിലും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡോ. ഹരിണി ലോ & സൊസൈറ്റി ട്രസ്റ്റിൻ്റെ ഡയറക്ടർ ബോർഡ് അംഗമായിരുന്ന അവർ പാർലമെൻ്റ് അംഗമായതിന് ശേഷം ആ സ്ഥാനം രാജിവച്ചു.

2012ലും 2013ലും ഓപ്പൺ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടറിയായും 2014, 2015 വർഷങ്ങളിൽ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ അസിസ്റ്റൻ്റ് സെക്രട്ടറിയായും 2016ൽ സെക്രട്ടറിയായും അവർ പ്രവർത്തിച്ചിട്ടുണ്ട്. 2011ൽ ജിഡിപിയുടെ ആറുശതമാനം വിദ്യാഭ്യാസത്തിന് നീക്കിവെക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷൻ നടത്തിയ സമരത്തിലും സജീവമായി പങ്കെടുത്തയാളാണ് ഹരിണി. സൗജന്യ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ അടുത്തിടെ നടന്ന നിരവധി സമരങ്ങളിലും അവർ പങ്കെടുത്തിട്ടുണ്ട്.

പാർലമെൻ്റ് അംഗമായി നിയമിക്കപ്പെടുന്നതിന് മുമ്പ് നാഷണൽ പീപ്പിൾസ് പവറിൻ്റെ പ്രവർത്തകയായിരുന്ന ഹരിണി, 2020 ലെ പൊതുതെരഞ്ഞെടുപ്പിലൂടെയാണ് ശ്രീലങ്കന്‍ പാര്‍ലമെന്റിലെത്തിയത്. 389 ദിവസങ്ങളിൽ 269 ദിവസവും അവർ പാർലമെൻ്റിൽ പങ്കെടുത്തിട്ടുണ്ട്. നിലവിൽ പ്രധാനമന്ത്രിയെന്ന പദവിക്കൊപ്പം നീതി, വിദ്യാഭ്യാസം, തൊഴിൽ, വ്യവസായം, ശാസ്ത്രം, സാങ്കേതികവിദ്യ, ആരോഗ്യം, നിക്ഷേപം എന്നിവയുടെ ചുമതലയും ഹരിണിക്കാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com