ആന എഴുന്നള്ളിപ്പിലെ മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാവില്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ 15 ആനകളെ എഴുന്നള്ളിക്കണമെന്ന് നിർബന്ധം പിടിക്കുന്നതെന്തിനെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു. ആന ഇല്ലെങ്കിൽ ആചാരങ്ങൾ മുടങ്ങുമോയെന്നും കോടതി ആരാഞ്ഞു. എഴുന്നള്ളിപ്പിൻ്റെ മാർഗ നിർദേശങ്ങൾ മാറ്റണമെന്നാവശ്യപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് നൽകിയ ഹർജി ഹൈക്കോടതി തള്ളി.
ആന എഴുന്നള്ളിപ്പ് അനിവാര്യ മതാചാരമല്ലെന്നാണ് ഹൈക്കോടതി ഇന്നും ആവര്‍ത്തിച്ചത്. സുരക്ഷാ കാരണങ്ങളാല്‍ ആന എഴുന്നള്ളിപ്പിന് നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. ഉത്സവത്തിനെത്തുന്ന ആളുകളുടെ സുരക്ഷിതത്വം കൂടി പരിഗണിക്കണം. ആനയില്ലെങ്കില്‍ ആചാരങ്ങള്‍ മുടങ്ങുമൊയെന്നും വാദത്തിനിടെ കോടതി ചോദിച്ചു. പരിഹാസ്യമായ വാദങ്ങളാണ് ആന എഴുന്നള്ളിപ്പിനുവേണ്ടി ഉന്നയിക്കുന്നത്. ആകെ ആനകളുടെ 35 ശതമാനവും ഇല്ലാതായി. കുട്ടികളെപ്പോലെ സംരക്ഷിക്കേണ്ട ജീവി വര്‍ഗമാണ് ആനകള്‍. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ആനകള്‍ ഇല്ലാതാകും. ചങ്ങലയില്‍ ബന്ധിക്കപ്പെട്ട ആനകളെ കണ്ടാണോ ആളുകൾ ആസ്വദിക്കുന്നതെന്നും കോടതി ചോദിച്ചു.
Also Read: പൂരം നടത്തിപ്പിലെ ഹൈക്കോടതി നിരീക്ഷണങ്ങളോട് യോജിക്കുന്നില്ല; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം നടത്തും: മന്ത്രി കെ. രാജൻ
തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ 15 ആനകളെ എഴുന്നള്ളിക്കണമെന്നാണ് ആവശ്യം. 22 മീറ്ററിനുള്ളില്‍ എത്ര ആനകളെ അണിനിരത്താനാകും? ആനകളെ എഴുന്നളളിപ്പിന് ഉപയോഗിക്കേണ്ട എന്നല്ല കോടതി പറയുന്നത്. ആളുകളുടെ സുരക്ഷ കൂടി നോക്കിയാണ് നിശ്ചിത അകല പരിധി നിശ്ചയിച്ചത്. 15 ആനകളെ എഴുന്നളളിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് ഏത് ആചാരത്തിന്‍റെ ഭാഗമാണെന്നും കോടതി ചോദിച്ചു. മാർഗ നിർദേശങ്ങൾ പാലിച്ചേ മതിയാകൂ. ആന എഴുന്നളളിപ്പ് ഹർജിക്കാർ പറയുന്നതു പോലെ നടത്തിയില്ലെങ്കിൽ ഹിന്ദു മതം തകരും എന്നാണോ പറയുന്നതെന്നും കോടതി ആരാഞ്ഞു. ആളുകളുടെ സുരക്ഷ, ആനകളുടെ പരിപാലനം എന്നിവ പ്രധാനപ്പെട്ടതാണ്. തൃപ്പൂണിത്തുറ ക്ഷേത്രത്തിന്‍റെ സ്ഥലപരിധി വെച്ച് പരമാവധി നാല് ആനകളെ മാത്രമേ മാർഗരേഖ പ്രകാരം എഴുന്നളളിക്കാൻ കഴിയൂ എന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജി നാളെ വീണ്ടും പരിഗണിക്കാൻ മാറ്റി.