
ഇന്ത്യൻ വംശജൻ്റെ നിയമനത്തിന് പിന്നാലെ നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അനുയായികൾ തമ്മിൽ തർക്കം മുറുകുന്നു. ട്രംപിൻ്റെ വിശ്വസ്തനായ ശതകോടീശ്വരൻ ഇലോൺ മസ്കും സിലിക്കൺ വാലി സഖ്യകക്ഷികളും മെറിറ്റിലുള്ള കുടിയേറ്റത്തെ അനുകൂലിക്കുമ്പോൾ, ഇത് അതി തീവ്ര കുടിയേറ്റ വിരുദ്ധ വികാരമുള്ള മാഗാ (മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ) അനുകൂലികളെ ചൊടിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പിൽ ട്രംപ് സ്വീകരിച്ച കുടിയേറ്റ വിരുദ്ധ നിലപാടിന് വിപരീതമാണ് മസ്കിൻ്റെ നയങ്ങളെന്നാണ് മാഗാ അനുകൂലികളുടെ പക്ഷം.
വൈറ്റ് ഹൗസിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ മുതിർന്ന ഉപദേഷ്ടാവായി ഇന്ത്യൻ വംശജനായ ശ്രീരാമകൃഷ്ണനെ നിയമിച്ചതോടെയാണ് ട്രംപ് അനുയായികൾക്കിടയിൽ തർക്കം ആരംഭിക്കുന്നത്. വൈദഗ്‌ധ്യമുള്ള കുടിയേറ്റക്കാരെ രാജ്യം സ്വീകരിക്കണമെന്ന ശ്രീരാമകൃഷ്ണൻ്റെ നിലപാടും, മുൻ പ്രസ്താവനകളുമാണ് ഇതിനുള്ള പ്രധാന കാരണം. സോഷ്യൽ മീഡിയയിലുൾപ്പെടെ ശ്രീരാമകൃഷ്ണനെതിരെ വലിയ രീതിയിലുള്ള ആക്രമണം നടക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ ഉപദേഷ്ടാവായി ട്രംപ് ടെക് സംരംഭകനായ ശ്രീരാമകൃഷ്ണനെ നിയമിക്കുന്നത്. പ്രമുഖ ടെക് കമ്പനികളില്‍ വിപുലമായ അനുഭവസമ്പത്തുള്ള, സിലിക്കണ്‍ വാലിയിലെ പ്രമുഖ വ്യക്തിയായ ശ്രീരാമകൃഷ്ണൻ്റെ നിയമനത്തെ, അമേരിക്കൻ എഐ രംഗത്തെ ശക്തിപ്പെടുത്താനുള്ള നീക്കമായി പലരും കണ്ടിരുന്നു. എന്നാൽ തീവ്രവലതുപക്ഷക്കാർക്ക് ഇത് അംഗീകരിക്കാൻ സാധിച്ചില്ല.
ഇതിനൊപ്പം മസ്കിൻ്റെ നിലപാടും യാഥാസ്ഥിതികരായ മാഗാ അനുകൂലികളെ ചൊടിപ്പിക്കുന്നുണ്ട്. മികച്ച ആഗോള പ്രതിഭകളെ രാജ്യത്തേക്ക് ആകർഷിക്കുക എന്ന ആശയമാണ് ഇലോൺ മസ്കിനുള്ളത്. അമേരിക്കയുടെ സാങ്കേതികവും സാമ്പത്തികവുമായ ആധിപത്യം നിലനിർത്താൻ ലോകത്തെ മികച്ച ആളുകളെ റിക്രൂട്ട് ചെയ്യണമെന്നാണ് ട്രംപിൻ്റെ വാദം. ഗവൺമെൻ്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെൻ്റിൻ്റെ തലപ്പത്തേക്ക് നിയമിതനായ വിവേക് രാമസ്വാമിയും മസ്‌കിൻ്റെ ആശയങ്ങൾ ശരിവെക്കുന്നു.ഇന്ത്യൻ കുടിയേറ്റക്കാരുടെ മകനായ രാമസ്വാമി, യുഎസ് സംസ്കാരം പണ്ട് മുതൽക്കെ മികവിന് മേലെ മിതത്വം കൊണ്ടാടിയിരുന്നുവെന്ന് വാദിച്ചു.
എന്നാൽ തീവ്ര വലതുപക്ഷ ചിന്താഗതിക്കാരായ മാഗാ അനുയായികൾക്ക് മസ്കിൻ്റെ നിലപാടുകളുമായി യോജിക്കാൻ സാധിക്കുന്നില്ല. ലൂമർ, തീവ്ര വലതുപക്ഷ വാദികളായ ആൻ കൗൾട്ടർ, മുൻ കോൺഗ്രസ് അംഗം മാറ്റ് ഗെയ്റ്റ്സ് തുടങ്ങിയവർ, മസ്‌കും രാമസ്വാമിയും ചേർന്ന് അമേരിക്കൻ തൊഴിലാളികളെ താഴ്ത്തിക്കെട്ടുകയാണെന്ന് ആരോപിച്ചു. അമേരിക്കൻ തൊഴിലാളികളെ മാറ്റിസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ഇന്ത്യ ഫസ്റ്റ് ചിന്താഗതിയുള്ളയാളാണ് മസ്കെന്ന് എക്സിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിൽ പറയുന്നു.